ADVERTISEMENT

സിനിമ വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഐ ഫോണിൽ സിനിമ ചിത്രീകരിക്കുന്ന രീതികൾ വ്യവസ്ഥാപിത സിനിമയെ തകർക്കുമോ? വെബിനാറിലെ ചർച്ചകളെ ചൂടുപിടിപ്പിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് അത്തരമൊരു ശ്രമത്തിനു നേതൃത്വം നൽകിയ യുവ സംവിധായകൻ മഹേഷ് നാരായണനാണ്. മഹേഷ് സംവിധാനം ചെയ്ത, ഫഹദ് നായകനായ ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണിത്.

 

‘‘ ലോക്ഡൗൺ കാലത്തു വെറുതേ വീട്ടിലിരുന്നപ്പോൾ തോന്നിയ ‘ക്രിയേറ്റീവ് ഫ്രസ്ട്രേഷൻ’ പുതിയൊരു ചിന്തയിലേക്കു വഴിതെളിച്ചു. എന്തുകൊണ്ടു സിനിമയിലും വീട്ടിലിരുന്നു ജോലി ചെയ്തുകൂടാ എന്ന ആശയം അങ്ങനെയാണുണ്ടായത്’’ – മഹേഷ് പറയുന്നു.

 

എന്നാൽ, 28 കോടി രൂപ ചെലവിൽ മഹേഷ് സംവിധാനം ചെയ്ത, ഫഹദ് ചിത്രം അനിശ്ചിതമായി റിലീസ് കാത്തിരിക്കുമ്പോൾ അതേ കോംബോ ഇത്തരമൊരു പരീക്ഷണം നടത്തിയത് നിർമാതാവിനെ വേദനിപ്പിക്കുമെന്നായിരുന്നു എം.രഞ്ജിത്തിന്റെ വാദം.

 

ഐടി കമ്പനികളിലെ ജീവനക്കാരുൾപ്പെടെ, വർക് ഫ്രം ഹോം രീതിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ആ മാതൃകയിലാണ് മൊബൈലിൽ ഷൂട്ട് ചെയ്യുന്ന ചിത്രം തുടങ്ങിയതെന്നു മഹേഷ് പറയുന്നു. ഈ സിനിമയും തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. 

 

വീട്ടിലിരുന്നു സിനിമ ചെയ്യുന്നതിനു പരിമിതിയുണ്ട്. നടന്റെ വീട്ടിൽപോയി പച്ച സ്ക്രീൻ പിന്നിൽ വച്ചു ഷൂട്ട് ചെയ്യുന്ന സ്ഥിതി! എങ്കിലും, നിലവിലെ സ്ഥിതി പരിഗണിച്ച് 50 പേരെ ഉൾപ്പെടുത്തി ചെയ്യാവുന്ന സിനിമകൾ ഒരുക്കണം. അത്രയും പേർക്കു തൊഴിൽ ലഭിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും മഹേഷ് പറഞ്ഞു.

 

‘‘കോവിഡിനു ശേഷം തിയറ്ററുകൾ തുറക്കുമ്പോഴും തുടക്കത്തിൽ 30% സീറ്റുകൾ മാത്രമാകും നിറയുക. എന്റെ മൊബൈൽ സിനിമയ്ക്ക് അത്രയും കാണികൾ വന്നാലും മതി. പക്ഷേ, 28 കോടി രൂപയോളം ചെലവിട്ട ‘മാലിക്’ അങ്ങനെയല്ല. 30% ആളുകൾ മാത്രം തിയറ്ററിൽ എത്തിയാൽ പോരാ.’’

 

പുതിയ സാഹചര്യത്തിൽ, ഇടവേള സമയം കുറച്ച്, ഹോൾഡ് ഓവർ രീതി മാറ്റി പ്രദർശന സമ്പ്രദായം പരിഷ്കരിക്കണം. ഒടിടി പ്ലാറ്റ്ഫോമുകളുടെ ലക്ഷ്യം പരമാവധി ചിത്രങ്ങൾ സമാഹരിക്കുകയാണ്. തിയറ്ററുകളിൽ നിലവിലെ ഡിജിറ്റൽ സംവിധാനങ്ങൾ മാറും. 5 ജി വരുന്നതോടെ തിയറ്ററുകളിൽ ലൈവ് സ്ട്രീമിങ് വരും. ആ സംവിധാനങ്ങൾ കുത്തകകളുടെ കയ്യിലാകും. അതോടെ, ഏതു സിനിമ പ്രദർശിപ്പിക്കണമെന്ന് അവർ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകും. അപ്പോൾ, വിതരണക്കാരുടെ ഭാവി എന്താകുമെന്നറിയില്ലെന്നും മഹേഷ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com