ADVERTISEMENT

ആക്‌ഷനില്ല, ചെയ്സില്ല, ഞെട്ടിക്കുന്ന ക്ലൈമാക്സില്ല... മുന്നിൽ പ്രതീക്ഷാനിർഭരമായ കുറെ സ്വപ്നങ്ങളും ഉടൻ തിരിച്ചുവരുമെന്ന തരിമ്പും പതറാത്ത ശബ്ദവും മാത്രം. ‘കോവിഡിനു ശേഷമുള്ള മലയാള സിനിമ എങ്ങനെ?’ എന്നതു സംബന്ധിച്ച് മലയാള മനോരമ ഒരുക്കിയ വെബിനാറിൽ ഉയർന്നുകേട്ടത് ആത്മവിശ്വാസത്തിന്റെ ശബ്ദമാണ്. ഷൂട്ടിങ്, ചിത്രങ്ങളുടെ റിലീസ്, മറ്റ് പ്ലാറ്റ്ഫോമുകളിൽനിന്നു തിയറ്ററുകൾ നേരിടുന്ന വെല്ലുവിളി എന്നിവയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവയ്ക്കപ്പെട്ടെങ്കിലും സിനിമ ശക്തമായി തിരിച്ചെത്തുമെന്ന ശുഭാപ്തിവിശ്വാസമുണ്ട് എല്ലാവർക്കും. 

 

മലയാള സിനിമ ചെറിയ സ്ക്രീനിലേക്ക് ഒതുങ്ങിപ്പോകില്ലെന്നും ഇടത്തരക്കാരനും പാവപ്പെട്ടവനുമുള്ള ഏക ചെലവു കുറഞ്ഞ ആഘോഷം സിനിമയാണെന്നും അവർ തിയറ്ററിലേക്കു ആഘോഷത്തോടെ തിരിച്ചുവരുമെന്നുമുള്ള വിശ്വാസം.

 

ഒടിടി ഒരു ബദലല്ല

 

ബി.ഉണ്ണിക്കൃഷ്ണൻ

 

സിനിമയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പലരും ആത്മഹത്യയുടെ വക്കിലാണ്. ഏറ്റവും  പ്രതിസന്ധിയിലുള്ളത് കോടികൾ മുടക്കിയ നിർമാതാക്കളാണ്. 43 ശതമാനമാണു നെറ്റ്ഫ്ലിക്സ് വരിക്കാരിലുണ്ടായ വർധന; ആമസോൺ പ്രൈമിന്റേത് 50%. കൂടുതൽ ആളുകൾ ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമിലേക്ക് എത്തുന്നുവെന്നതു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. ബദൽ സിനിമകൾ ചെയ്യുന്നവർക്ക് ഇനി ആശ്രയമാകാൻ പോകുന്നത് ഒടിടി പ്ലാറ്റ്ഫോമുകൾ ആണെന്നും തിയറ്ററുകളെ ആശ്രയിക്കേണ്ടതില്ല എന്നും വാദമുണ്ട്. 

 

എന്നാൽ, ഇതു സത്യമല്ല. സിനിമയുടെ നിലവാരം തിയറ്റർ ഉടമകളെ പറഞ്ഞു ബോധ്യപ്പെടുത്തി റിലീസ് നേടുന്നതിനെക്കാൾ ശ്രമകരമാകും ഒടിടി പ്ലാറ്റ്ഫോമുകളെ ബോധ്യപ്പെടുത്തുന്നത്. സാങ്കേതികവിദ്യ വളരുമ്പോൾ തൊഴിൽസാധ്യതകൾ കുറയുമെന്ന വാദം പൂർണമായും ബാലിശമെന്നു പറയാനാവില്ല. പണ്ടു കംപ്യൂട്ടറിനെതിരെ സമരം നടന്നു. ഇന്ന് ആ നിലപാടിനെ ട്രോളുന്നവരുണ്ട്. എന്നാൽ, തൊഴിലില്ലായ്മയുണ്ടാകാൻ സാധ്യതയുണ്ട്. 

 

വീട്ടിലെ സിനിമ മടുത്തു തുടങ്ങി

 

സത്യൻ അന്തിക്കാട് (സംവിധായകൻ)

 

ഏതൊരു ദുരന്തമുണ്ടായാലും അതിൽനിന്ന് അതിവേഗം കരകയറുന്നവരാണു മലയാളികൾ. അതുകൊണ്ടു തന്നെ ഈ കാലവും കടന്നുപോകും. തിയറ്ററുകൾ വീണ്ടും സജീവമാകും. ആളുകൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒതുങ്ങുമെന്ന വാദം ശരിയല്ല. എത്ര വീടുകളിൽ ഹോം തിയറ്ററുകളുണ്ടാകും? സ്റ്റാർ വാല്യു ഉള്ളതും വിജയസാധ്യതയുള്ളതുമായ ചിത്രങ്ങൾ മാത്രമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ വാങ്ങുന്നത്. അല്ലാത്ത ചിത്രങ്ങളിൽ അവർക്കും താൽപര്യമില്ല. ഒടിടി റിലീസിനു വേണ്ടി മാത്രവും നല്ല ചിത്രങ്ങൾ വരട്ടെ. ലാഭവുമുണ്ടാക്കട്ടെ. എന്നാൽ, അതു മാത്രമാണു ഭാവി എന്ന സ്ഥിതിയില്ല, ഉണ്ടാവുകയുമില്ല.

 

ഇപ്പോൾ വീട്ടിലിരുന്നു സിനിമ കണ്ട് ആളുകൾ മടുത്തിരിക്കുന്നു. തിയറ്ററുകൾ തുറക്കുമ്പോൾ മുൻപത്തെക്കാൾ കൂടുതൽ ജനം മടങ്ങി വന്നേക്കാം. താൽക്കാലികമായ ഒരു പ്രതിഭാസം മാത്രമാണു കോവിഡ്. നാം വിചാരിച്ചതിനെക്കാൾ കുറെക്കൂടി നാൾ ഇതു നീണ്ടേക്കാം. എന്നാൽ, അവസാനിക്കാതിരിക്കില്ല.

 

കണ്ടന്റിനെക്കാൾ വലുതല്ല ഒരു ടെക്നോളജിയും

 

പ്രിയദർശൻ (സംവിധായകൻ)

 

മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും മാത്രമല്ല, കോവിഡ്മൂലം പ്രതിസന്ധിയുണ്ടായത്. ക്രിസ്റ്റഫർ നോളന്റെ സിനിമയുടെയും ജയിംസ് ബോണ്ട് സിനിമയുടെയും റിലീസ് പോലും മാറ്റിവയ്ക്കേണ്ടി വന്നു. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ ഓവർസീസ് അവകാശം വിറ്റുപോയതു വൻ തുകയ്ക്കാണ്. ഈ തുക തിരിച്ചുപിടിച്ച് അവർക്കും കൂടി ലാഭമുണ്ടാക്കത്തക്ക രീതിയിൽ റിലീസ് ചെയ്യേണ്ടി വരിക സ്വാഭാവികമാണ്. പക്ഷേ, ഇത് എന്നു സാധിക്കുമെന്ന കാര്യത്തിൽ നിലവിൽ അവ്യക്തതയുണ്ട്. കാത്തിരിക്കുക എന്ന ഒറ്റ വഴിയേ മുൻപിലുള്ളൂ; എത്ര കാലം എന്നറിയില്ല.

 

എനിക്കു 2 തിയറ്ററുകളുണ്ട്. പിവിആർ ആണ് ഇവ നോക്കിനടത്തുന്നത്. മാർച്ച് മുതൽ അവർ വാടക തരുന്നില്ല. ഇനി കോവിഡ് പ്രതിസന്ധിയൊക്കെ അവസാനിച്ചു തിയറ്ററുകൾ തുറന്നാലും പകുതി വാടകയേ തരാൻ കഴിയൂ എന്നാണ് അവർ പറയുന്നത്. ഒന്നിടവിട്ട സീറ്റുകളിൽ ആളെ ഇരുത്തേണ്ടി വരും എന്നതും പകുതി വരുമാനമേ ഉണ്ടാകൂ എന്നതുമൊക്കെയാണു കാരണം.

 

ചൈനയിൽ 5000 തിയറ്ററുകൾ തുറന്നിട്ടും ആളില്ല. ഭീതിയല്ല കാരണം. മറിച്ച്, പഴയ പടങ്ങൾ മാത്രമേ അവിടെ കാണിക്കാനുള്ളൂ എന്നതാണു പ്രശ്നം. ഇവയെല്ലാം ഒടിടി പ്ലാറ്റ്ഫോമുകളിൽ കണ്ടുകഴിഞ്ഞു. പുതിയ ചിത്രങ്ങളുണ്ടെങ്കിലേ തിയറ്ററുകളിൽ ആളുണ്ടാവുകയുള്ളൂ.

 

വലിയ സിനിമകൾ തിയറ്ററിൽ ആൾക്കൂട്ടത്തിനു നടുവിലിരുന്ന് ആസ്വദിക്കാനാകും ജനത്തിനു താൽപര്യം. ചെറിയ സിനിമകൾ ഒടിടിയിൽ റിലീസ് ആയിക്കോട്ടെ. തിയറ്ററുടമകൾ ഇതുകണ്ടു ഭയക്കേണ്ട കാര്യമില്ല. ഒരു പുതിയ സാങ്കേതികവിദ്യയും ഉള്ളടക്കത്തെക്കാൾ മുകളിലല്ല. 

 

സിനിമയ്ക്ക് വർക് ഫ്രം ഹോമില്ല

 

രൺജി പണിക്കർ (തിരക്കഥാകൃത്ത്, നടൻ )

 

ആളുകളുടെ വ്യക്തിപരമായ ജീവിതപ്രതിസന്ധികളെ എങ്ങനെ സിനിമാമേഖല നേരിടും എന്നതാണു പ്രശ്നം. നിലവിലെ വലിയ പ്രതിസന്ധി, ജീവിതം വഴിമുട്ടുന്നവരെ സഹായിക്കാൻ മാർഗം കണ്ടെത്തുക എന്നതാണ്. നമ്മുടെ ജീവിത കാലയളവിൽ ആരും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യമാണിത്. അതുകൊണ്ടു തന്നെ പരിഹാരം സംബന്ധിച്ച് റെഡിമെയ്ഡ് ഉത്തരങ്ങളുമില്ല.

 

സംവിധായകരും എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും നേരിടുന്നതു സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ക്ഷേമനിധി രൂപീകരണം പോലുള്ളവയ്ക്കായി സർക്കാരുമായി ചേർന്നു പ്രവർത്തനങ്ങൾ നടത്തേണ്ട സമയമാണിത്. അരിയും മരുന്നും വാങ്ങാനും വാടക നൽകാനുമുള്ള പണത്തിനൊപ്പം, കുട്ടികളുടെ പഠനത്തിനുള്ള തുകയും കണ്ടെത്തേണ്ടി വരുന്നു.

 

പ്രതിഫലം കുറച്ചു ചെലവു ചുരുക്കുന്നതിനൊക്കെ എല്ലാവരും ഒപ്പം നിൽക്കും. സിനിമ എല്ലാവരുടേതുമാണ്.എന്നാൽ, വർക് ഫ്രം ഹോം രീതി സിനിമയിലും മറ്റു പല രംഗങ്ങളിലും പ്രായോഗികമല്ല. ഒരു പ്രൊഡക്‌ഷൻ ബോയ് അല്ലെങ്കിൽ ജൂനിയർ ആർട്ടിസ്റ്റ് ഒക്കെ എങ്ങനെ വീട്ടിൽനിന്നു ജോലി ചെയ്യും?!

 

ചെലവു കുറഞ്ഞില്ലെങ്കിൽ വ്യവസായം തകരും

 

എം.രഞ്ജിത്ത് (പ്രസിഡന്റ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ)

ചലച്ചിത്രമേഖലയിലെ തൊഴിലാളികൾ പട്ടിണിയിലാണ്. സിനിമയിൽനിന്നു വളർന്ന പലരും അവർക്കായി ചെറിയ തുക പോലും നീക്കിവയ്ക്കാത്തതിൽ വലിയ വേദനയുണ്ട്. തിയറ്ററുകൾ തുറന്നാലും ആളുകളുടെ ഭയം ഒഴിവാക്കാൻ താരങ്ങൾ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർ തിയറ്ററുകളിൽ പോയി സിനിമ കാണേണ്ടിവരും. സിനിമയുടെ നിർമാണച്ചെലവു പകുതി കുറഞ്ഞില്ലെങ്കിൽ, പകുതിയോളം സിനിമകളേ ഉണ്ടാകൂ എന്ന സ്ഥിതിയുണ്ട്.

 

മാറിയ സാഹചര്യത്തിൽ ഓവർസീസ് അവകാശം വിൽക്കാൻ കഴിയുമോയെന്ന് അറിയില്ല. വരുമാനം കാര്യമായി കുറയുന്ന സാഹചര്യമാണ്. എങ്കിലും, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തും സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും രൺജി പണിക്കരുടെയുമൊക്കെ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. സിനിമയെയാണു നമ്മളെല്ലാം വലുതായി കാണേണ്ടത്. വാശിയും വൈരാഗ്യവുമല്ല വേണ്ടത്.

 

എല്ലാവർക്കുംകണ്ടന്റ് നൽകണം

 

വിജയ് ബാബു (നടൻ, നിർമാതാവ്)

 

‘സൂഫിയും സുജാതയും’ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണു റിലീസ് ചെയ്യുന്നതെങ്കിലും തിയറ്ററുകൾക്കായി ഇനിയും സിനിമയെടുക്കും. പുതിയ പ്ലാറ്റ്ഫോം നല്ലതായി തോന്നിയാൽ അതും ചെയ്യും. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഏതു പ്ലാറ്റ്ഫോമിനു വേണ്ടി ചിത്രങ്ങൾ ചെയ്യുന്നതിനും പ്രശ്നമില്ല. ഒടിടി പ്ലാറ്റ്ഫോമുകൾ ഒരിക്കലും തിയറ്റർ അനുഭവത്തിനു വെല്ലുവിളിയാകില്ല.

 

തിയറ്ററുകൾ സുരക്ഷിതമാണെന്നു ജനങ്ങൾക്കു ബോധ്യപ്പെട്ടാലേ, അവർ പഴയ രീതിയിലേക്കു വരൂ. അതു ഘട്ടം ഘട്ടമായേ സംഭവിക്കൂ. മമ്മൂക്കയെയും ലാലേട്ടനെയും പോലുള്ള സൂപ്പർ ഹീറോസിന്റെ ചിത്രങ്ങൾ റിലീസ് ചെയ്താൽ മാത്രമേ, തിയറ്ററുകളിലേക്കു കാണികളെ ആകർഷിക്കാൻ കഴിയൂ. വലിയ ബജറ്റിലുള്ള അത്തരം സിനിമകൾ പെട്ടെന്നു തിയറ്ററുകളിൽ വരുമോ? ചെറിയ സിനിമകൾ റിലീസ് ചെയ്താൽ കാണാൻ ആളുകളെത്തുമോ? നിർമാതാക്കൾക്കു പല ആശങ്കകളുമുണ്ട്.

 

റിയാലിറ്റി മാറി, തിരക്കഥകളും മാറണം

 

ശ്രീബാല കെ.മേനോൻ (സംവിധായിക)

 

സിനിമയെക്കുറിച്ചും വിനോദത്തെക്കുറിച്ചും ആലോചിച്ചിരുന്ന സ്ഥാനത്തുനിന്ന്, എങ്ങനെ അതിജീവിക്കാമെന്ന ആലോചനയിലേക്കാണ് കാര്യങ്ങൾ മാറിയത്. ഏപ്രിലിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ ലൊക്കേഷൻ കണ്ടു വീട്ടിലേക്കു മടങ്ങിയതാണു ഞാൻ. പിന്നെ പുറത്തിറങ്ങിയിട്ടില്ല.

 

കോവിഡിനു ശേഷം എന്നെ സംബന്ധിച്ചു റിയാലിറ്റി തന്നെ മാറിപ്പോയി. അപ്പോൾ കാഴ്ചക്കാരുടെ റിയാലിറ്റിയും മാറിക്കാണില്ലേ? പല ഘട്ടങ്ങളിലുള്ള 66 സിനിമകൾ പൂർത്തിയാകാനുണ്ട്. അവയെല്ലാം കോവിഡിനു മുൻപുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. പക്ഷേ, അവ പുറത്തിറങ്ങുന്നതു കോവിഡ് കാലത്തിനു ശേഷമായിരിക്കും. പോസ്റ്റ് കോവിഡ് റിയാലിറ്റി കാലത്ത്! അപ്പോഴേക്കും യഥാർഥ ജീവിതസാഹചര്യങ്ങൾ തന്നെ മാറില്ലേ?

 

ഇനി ഞാൻ സിനിമ ചെയ്യുമ്പോൾ ഇതിനകം എഴുതിവച്ച തിരക്കഥ പോലും മാറും. തിരക്ക് എങ്ങനെ ചിത്രീകരിക്കും? സാമൂഹിക അകലം പാലിച്ചു തിരക്കു ചിത്രീകരിക്കാൻ കഴിയില്ലല്ലോ. മാസ്ക് വച്ച് എങ്ങനെ അഭിനയിക്കും? മാസ്ക് ധരിക്കാതെ എങ്ങനെ അഭിനയിക്കും?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com