ഒരു ദിവസം നല്ല മാമ്പഴപുളിശേരിയും ബീറ്റ്റൂട്ട് മെഴുക്കുവരട്ടിയും ചോറും... മറ്റൊരു ദിവസം കഞ്ഞി, അവിയല്‍, പയറ്, ചമ്മന്തി... വേറൊരു ദിവസം ബണ്ണും ഡക്ക് മപ്പാസും. നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ഈയടുത്ത കാലത്തെ സമൂഹമാധ്യമങ്ങളില്‍ നിറയെ ഹോം മെയ്ഡ് ഭക്ഷണത്തിന്റെ കൊതിയൂറും ചിത്രങ്ങളാണ്. നാടന്‍ മുതല്‍ അറബിക്, കൊറിയന്‍, ചൈനീസ് വിഭവങ്ങള്‍ വരെയുണ്ട് ഈ ചിത്രങ്ങളില്‍.
പ്രതാപ് പോത്തന്റെ പേജില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്ന വിഭവങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആരാധകര്‍ക്കു സംശയം, ഇത്രയും വലിയ പാചക്കകാരനായിരുന്നോ താരം? ഒടുവില്‍ അക്കാര്യം പ്രതാപ് പോത്തന്‍ തന്നെ വെളിപ്പെടുത്തി. വീട്ടിലെ പാചകക്കാരനാണ് രുചിയേറുന്ന ഈ വിഭവങ്ങളുടെ കൈപുണ്യത്തിന് പിന്നില്‍.

ഓരോ ഭക്ഷണ പോസ്റ്റിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. പലപ്പോഴും ഡിന്നര്‍ വിഭവങ്ങളുടെ ചിത്രമാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇത്രയും വിഭവങ്ങള്‍ അത്താഴത്തിനു കഴിയ്ക്കുന്നത് നല്ല ശീലമല്ലെന്ന ഓര്‍മ്മപ്പെടുത്തലും ആരാധകരുടെ കമന്റുകളായെത്തി. രാത്രിയിലെ ഭക്ഷണം വൈകീട്ട് അഞ്ചു മണിക്കാണ് കഴിയ്ക്കുന്നതെന്ന രസകരമായ വിവരമാണ് മറുപടിയായി പ്രതാപ് പോത്തന്‍ പങ്കുവച്ചത്. കൂടാതെ തനിക്ക് 68 വയസായെന്നും കൊളസ്ട്രോള്‍ പോലെയുള്ള കാര്യങ്ങളോര്‍ത്ത് ടെന്‍ഷനില്ലെന്നും പ്രതാപ് പോത്തന്‍ കുറിച്ചു.
ചെന്നൈയിലെ വസതിയിലാണ് പ്രതാപ് പോത്തന്‍ ഇപ്പോഴുള്ളത്. കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരങ്ങളിലൊന്നായ ചെന്നൈയിലെ കോവിഡ് കാല ജീവിതത്തെക്കുറിച്ച് മറ്റൊരു പോസ്റ്റില്‍ പ്രതാപ് പോത്തന്‍ പറയുന്നതിങ്ങനെ: "ഞാനൊരു മുതിര്‍ന്ന പൗരനാണ്. അതിന് അര്‍ത്ഥം ഈ യാത്ര അവസാനിക്കാറായി എന്നു തന്നെയാണ്. എന്നാല്‍, ഞാനതിനെ ഭയക്കുന്നില്ല. എന്റെ ജീവിതം ഞാന്‍ ജീവിച്ചു. ജയവും പരാജയവും എല്ലാം അനുഭവിച്ചു. നിരാകരണം, ദേഷ്യം, വിഷാദം, സ്വീകാര്യത എല്ലാം... ഇതു തന്നെയല്ലേ ജീവിതം," പ്രതാപ് പോത്തന്‍ പറയുന്നു.