sections
MORE

ഷംനയെ സമീപിച്ച സംഘം മലയാളത്തിലെ തിരക്കുള്ള നായികനടിയെയും ലക്ഷ്യമിട്ടു

shamna-case-2
SHARE

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം,  മലയാളത്തിലെ തിരക്കുള്ള നായികനടിയെയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം നടത്തി. സ്വര്‍ണ്ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ കടത്താൻ തക്ക അളവിലുള്ള സ്വർണമൊന്നും ഇവർ കണ്ടിട്ട് പോലുമില്ലെന്നാണ് അന്വേഷണത്തിന് ഒടുവിൽ എത്തിച്ചേർന്നിരിക്കുന്ന നിഗമനം. (കൊച്ചിയിൽ നിന്നും മനോരമ ന്യൂസ് റിപ്പോർട്ടർ അനിൽ ഇമ്മാനുവൽ നൽകിയ റിപ്പോർട്ടിൽ നിന്നും.)

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണ‍ം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം തടിയൂരിപ്പോയി. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര ‍വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ നഷ്ടമുണ്ടായില്ല. 

പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഈ പ്രലോഭനത്തില്‍ കൊത്തിയെങ്കില്‍ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ഏതാനും ലക്ഷങ്ങള്‍ മുന്‍കൂര്‍ വാങ്ങി മുങ്ങാനായിരുന്നു നീക്കം. ഇങ്ങോട്ട് വയ്ക്കുന്ന കണ്ണഞ്ചിക്കുന്ന വാഗ്ദാനം വിശ്വസിച്ച് കൈ കൊടുക്കുന്നവരോട്, ആദ്യം പറയുന്ന ഇടപാടിന് മുന്നേ മറ്റ് അത്യാവശ്യങ്ങള്‍ പറഞ്ഞ് ചില്ലറ, അതായത് ലക്ഷങ്ങള്‍ വരെ വാങ്ങി മുങ്ങുന്നതാണ് സംഘത്തിന്റെ മോഡസ് ഓപ്പറാണ്ടി, അഥവാ പ്രവര്‍ത്തനരീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാകും, കഴിവതും നേരില്‍ കാണില്ല. 

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംനാ കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു സംഘം. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. 

ഇതിനെല്ലാം മുന്‍പാണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണക്കടത്തിന് ക്ഷണിച്ചത്. പരിചയമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വഴി ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിന്റെ പ്രിയങ്കരനായ മുതിര്‍ന്ന നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

പ്രമുഖരായത് കൊണ്ടല്ല ആരുടെയും പേര് പരാമര്‍ശിക്കാത്തത്. മറിച്ച് തട്ടിപ്പിന് ഒരുതരത്തിലും കുടപിടിച്ചിട്ടില്ലാത്ത ആരെയും ഈ വിവാദത്തില്‍ പെടുത്തരുത് എന്ന ബോധ്യത്തിലാണ്. എന്നാല്‍ താരങ്ങളെയെന്നല്ല, സാധാരണക്കാരെയും ഇതേസംഘം ഉന്നംവച്ചിരുന്നു എന്നതിനാല്‍ തട്ടിപ്പിന്റെ വഴികള്‍ വിശദീകരിക്കാനാണ് ഉദ്ദേശിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA