sections
MORE

സ്റ്റെഫിയുടെ ആരോപണം ഗീതു മോഹൻദാസിനെതിരെയോ?; പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും

stephy-geethu-mohandas
SHARE

ഡബ്ലുസിസിയുടെ നേതൃനിരയിലുള്ള സംവിധായകയ്ക്കെതിരെ ആരോപണം ഉന്നയിച്ച കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറിനു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി. സ്റ്റെഫി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിനു പിന്തുണ നൽകുന്ന കമന്റുമായാണ് ഐശ്വര്യ എത്തിയത്. 

ഇപ്പോഴെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചല്ലോ എന്ന് ഐശ്വര്യ കമന്റ് ചെയ്തു. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയെയും ഐശ്വര്യ ടാഗ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടോ എന്നും ഐശ്വര്യ ചോദിച്ചു.

stephy-aishwaya

ഡബ്ല്യുസിസി നേതൃത്വ നിരയിലുള്ള വനിതാ സംവിധായകയുടെ സിനിമയില്‍ പ്രവർത്തിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ട് പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും സ്റ്റെഫി പറയുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍, ”സ്റ്റെഫി’ ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് ‘ എന്ന മാസ്സ് ഡയലോഗ് ആ സംവിധായിക തന്നോട് പറഞ്ഞതും താൻ വ്യക്തമായി ഓര്‍ക്കുന്നെന്നും സ്റ്റെഫി പറഞ്ഞു.

സ്റ്റെഫി പറയുന്ന വിവരങ്ങൾ വച്ചു നോക്കുമ്പോൾ ആ വനിത സംവിധായിക ഗീതു മോഹൻദാസ് ആണെന്നാണ് സിനിമാ പ്രേക്ഷകരുടെ കണ്ടെത്തൽ. മൂത്തോൻ സിനിമയുടെ സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും ചിലർ അഭിപ്രായപ്പെടുന്നു. സ്റ്റെഫി എഴുതിയ കുറിപ്പിനു താഴെയും മൂത്തോൻ സിനിമയുടെ പേര് പലരും കമന്റ് ചെയ്യുന്നുണ്ട്. ഇതേ സിനിമയുടെ സംഗീതസംവിധായകനായിരുന്ന ഒരാൾക്ക് സമാനമായ അനുഭവമുണ്ടായെന്ന കമന്റ് സ്റ്റെഫിയും ശരിവയ്ക്കുന്നു.

stephy-govind

ഐശ്വര്യ ലക്ഷ്മിയെ കൂടാതെ സരയു, രജിത് മേനോൻ, ഷിബു ജി. സുശീലൻ തുടങ്ങി നിരവധി സിനിമാ പ്രവർത്തകർ സ്റ്റൈഫിക്കു പിന്തുണയുമായി എത്തി.

‘സ്റ്റെഫിക്ക് ആ മൂത്ത സംവിധായികയുടെ പേര് പറയാം ..ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും സഹപ്രവർത്തകയോട് ഇങ്ങനെ ആണോ ചെയുന്നത് ..ഇത് ആണോ വനിതാസ്നേഹം ..ഇതിനുള്ള "ഒരിടം "ആണോ WCC.’–ഷിബു ജി. സുശീലൻ കുറിച്ചു.

സ്വന്തം അനുഭവം കൂടാതെ ഡബ്ലുസിസിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചും സ്റ്റെഫി തുറന്നു പറയുന്നു. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇംപോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് സങ്കടകരമാണെന്ന് സ്റ്റെഫി കുറിപ്പില്‍ പറയുന്നു.

സ്റ്റെഫിയുടെ കുറിപ്പ് വായിക്കാം. 

2017-ൽ, WCC–യുടെ അമരത്തിരിക്കുന്ന  സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്റ്റ്യൂം ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം  ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ, "സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാൻ വ്യക്തമായി ഓർക്കുന്നു. അതോടൊപ്പം എന്റെ അസിസ്റ്റന്റ്സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് WCC നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്. അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്‍റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് ഞങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോൾ, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണൻ സാറാണ്. തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും, ടെക്നിഷ്യൻസിന്റെയും വളർച്ച കൂടി ഒന്നു പരിഗണിക്കാം.

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്. 2015–ല്‍ എന്‍റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA