ADVERTISEMENT

യുഎഇ കോണ്‍സുലേറ്റിലെ സ്വര്‍ണക്കടത്തും അതിനു തലസ്ഥാനനഗരിയിലെ വമ്പന്മാരുമായുള്ള ബന്ധങ്ങളുമായി രാഷ്ട്രീയ കേരളം മറ്റൊരു വിവാദ പരമ്പരയ്ക്ക് തുടക്കമിടുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുന്നത് 1987 ലെ ഒരു സ്വര്‍ണക്കടത്തിനെക്കുറിച്ചാണ്. ‘മുഖ്യമന്ത്രിയുടെ മകന്‍’ ബന്ധപ്പെട്ട ഒരു സ്വര്‍ണക്കടത്തു കേസ്. സിനിമയുടെ കാല്‍പനിക ലോകത്തു നിന്നു മലയാളികളുടെ സാധാരണ വര്‍ത്തമാനങ്ങളില്‍ ഇടം നേടിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയും അതിലെ സംഭാഷണങ്ങളും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, ഈ ചര്‍ച്ചകളും ട്രോളുകളും പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ട് ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ എസ്.എന്‍. സ്വാമി. 

കേരള രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്ന പുതിയ സ്വര്‍ണക്കടത്തു കേസിനൊപ്പം ഇരുപതാം നൂറ്റാണ്ടും വര്‍ത്തമാനങ്ങളില്‍ നിറയുകയാണല്ലോ എന്ന ആമുഖത്തോടെ ഫോണില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ മറുതലക്കല്‍ ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരി. ‘ഇന്നലെ മുതല്‍ ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് എനിക്ക് മെസേജുകളുടെ പെരുന്നാളായിരുന്നു’– എസ്.എന്‍. സ്വാമി പറഞ്ഞു. സാഗര്‍ എന്ന അധോലോകനായകനെയും ആ കഥാപരിസരത്തെയും മെനഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ട് ദിനങ്ങളുടെ ഓര്‍മകളുമായി എസ്.എന്‍. സ്വാമി മനോരമ ഓണ്‍ലൈനില്‍. 

ആ ത്രെഡ് പിറന്നത്

കള്ളക്കടത്ത് ഗ്ലോറിഫൈ ചെയ്യപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള സമയം. ഒരു ഇംഗ്ലിഷ് മാസികയില്‍ അച്ചടിച്ചു വന്നൊരു ചിത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഹാജി മസ്താന്‍ എന്ന പേരില്‍ പ്രസിദ്ധനായ ഒരു കള്ളക്കടത്തുകാരന്‍ ബോംബെയില്‍ ഉണ്ടായിരുന്നു. യൂസഫ് പട്ടേല്‍, ഹാജി മസ്താന്‍, വരദരാജന്‍ മുതലിയാര്‍ തുടങ്ങി നിരവധി പേരുകള്‍ നമ്മള്‍ കേട്ടു തുടങ്ങുന്നത് ഈ കാലത്താണ്. അടിയന്തരാവസ്ഥയ്ക്കു മുന്‍പു വരെ ഇങ്ങനെ കള്ളക്കടത്തുകാര്‍ ഇന്ത്യയിലുണ്ടെന്ന് എനിക്ക് അറിയുക പോലും ഇല്ലായിരുന്നു.

കല്‍ക്കട്ടയില്‍നിന്ന് ഇറങ്ങിയിരുന്ന സണ്‍ഡേ മാഗസിനിലാണ് ഞാന്‍ ഹാജി മസ്താനെക്കുറിച്ചു കൂടുതല്‍ വായിക്കുന്നത്. അതില്‍ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ദിലീപ് കുമാറും ഭാര്യ സൈറാ ബാനുവും ഹാജി മസ്താന്റെ കാല്‍ തൊട്ടു നമസ്കരിക്കുന്ന ചിത്രമായിരുന്നു അത്. പത്രങ്ങളിലൂടെ ഹാജി മസ്താനെക്കുറിച്ച് വായിച്ച് അറിഞ്ഞതില്‍നിന്നു വ്യത്യസ്തമായ അനുഭവമായിരുന്നു അത്. ഒരുപാടു സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദിലീപ് കുമാറിനെപ്പോലെയുള്ള ഒരാള്‍ ഹാജി മസ്താന്റെ കാല്‍ തൊട്ടു തൊഴുന്നത് എനിക്ക് അദ്ഭുതകരമായ അറിവായിരുന്നു. കള്ളക്കടത്തുകാര്‍ക്ക് ഇത്രയും സ്ഥാനമുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അതില്‍ നിന്നാണ് ഇരുപതാം നൂറ്റാണ്ടിന്റെ ത്രെഡ് ഉണ്ടാകുന്നത്. 

രസകരമായ മെസേജുകള്‍

പൊട്ടിച്ചിരിപ്പിക്കുന്ന മെസേജുകളാണ് ലഭിക്കുന്നത്. ‘ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വർണ കള്ളക്കടത്ത് നടക്കുന്നത് 1987 ൽ ആണ്. അന്നത്തെ മുഖ്യമന്ത്രിയുടെ മകൻ ശേഖരൻ കുട്ടിയുമായി ചേർന്ന് പ്രമുഖ കള്ളക്കടത്തുകാരൻ സാഗർ ഏലിയാസ് ജാക്കി നിരവധി ഓപ്പറേഷനുകൾ നടത്തിയിരുന്നു.. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ അവർ പിണങ്ങുകയും മുഖ്യമന്ത്രിയുടെ മകനെ ജാക്കി കൊലപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി.. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തിൽ ഒരു വിവാദത്തിൽ അകപ്പെടുന്നത്..,’ എന്നിങ്ങനെ രസകരമായ മെസേജുകളാണ് എനിക്ക് കിട്ടിയത്. വെറും യാദൃച്ഛികത മാത്രമാണ് ആ സിനിമയും ഇപ്പോഴത്തെ കേസും തമ്മില്‍ ഈ പറയുന്ന സാമ്യത. 

യഥാര്‍ഥ്യം സിനിമയേക്കാള്‍ ത്രില്ലര്‍

കള്ളക്കടത്തിന് പഴയ ഗമ ഇപ്പോഴുണ്ടോ എന്ന കാര്യം സംശയമാണ്. രാജ്യാന്തര വിലയും നാട്ടിലെ വിലയും തമ്മില്‍ കാര്യമായ അന്തരം ഇല്ലാതെ വന്നപ്പോള്‍ ഈ സ്വര്‍ണക്കടത്ത് അവസാനിച്ചെന്നാണ് ഞാന്‍ കരുതിയിരുന്നത്. വീണ്ടുമിപ്പോള്‍ തുടങ്ങാനുണ്ടായ സാഹചര്യം എന്താണെന്ന് മനസ്സിലായില്ല. കുഴല്‍പണവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്താകാനും സാധ്യതയുണ്ട്. പണ്ടൊക്കെ നല്ല മാര്‍ജിന്‍ ലഭിച്ചിരുന്ന ബിസിനസ് ആയിരുന്നു. ഇന്ന് ആ ലാഭക്കൊതിയുണ്ടോ എന്ന് അറിയില്ല. എന്തായാലും ഇതെല്ലാം തീരേണ്ട ലെവലില്‍ തീരും. തെളിവുകള്‍ പ്രധാനമാണല്ലോ. കേസ് തെളിഞ്ഞാലും പിഴയൊടുക്കി പുറത്തു കടക്കാം. സര്‍ക്കാരിനു നഷ്ടം വരുത്തുന്ന കാര്യം ചെയ്തതുകൊണ്ട് പിഴ അടയ്ക്കണം. അത്രയേ ഉള്ളൂ. എന്തായാലും സിനിമയേക്കാള്‍ ത്രില്ലിങ് ആയ സംഭവവികാസങ്ങളാണ് യഥാർഥത്തില്‍ പുറത്തു നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com