ADVERTISEMENT

ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജപുത്തിന്റെ മരണത്തിൽ മൗനം വെടിഞ്ഞ് കാമുകിയും നടിയുമായ റിയ ചക്രവർത്തി. സുശാന്ത് ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് റിയയുടെ വികാരനിർഭരമായ കുറിപ്പ്. 'വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്ത വിധം ഹൃദയം തകർന്നിരിക്കുന്നു. പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് നീയായിരുന്നു. നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഒരിക്കലും എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല,' റിയ സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ദുരൂഹമാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് അസ്വാഭിവക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരിക്കുന്നതിന് മുൻപ് സുശാന്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ കാമുകി റിയ ചക്രവർത്തിയുമുണ്ടായിരുന്നു. സുശാന്തിന്റെ മരണത്തിൽ റിയ ചക്രവർത്തിയെ പൊലീസ് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ വിഷാദരോഗത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇരുവരും തമ്മിലുള്ള പ്രണയം ശക്തമായിരുന്നെന്ന് സൂചന നൽകുന്നതാണ് റിയ ചക്രവർത്തിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പും ചിത്രങ്ങളും. 

 

റിയ ചക്രവർത്തിയുെട കുറിപ്പ് വായിക്കാം. 

 

വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്ത വിധം ഹൃദയം തകർന്നിരിക്കുന്നു. പ്രണയത്തിൽ, അതിന്റെ ശക്തിയിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് നീയാണ്. ലളിതമായ ഒരു ഗണിതസമവാക്യം പോലും ജീവിതത്തിന്റെ അർത്ഥം ഉൾക്കൊള്ളുന്നുണ്ടെന്ന് നീയെന്നെ പഠിപ്പിച്ചു. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ഞാൻ നിന്നിൽ നിന്നു പഠിച്ചു. നീ ഇവിടെയില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ എനിക്കൊരിക്കലും കഴിയില്ല. "

 

എനിക്കറിയാം, നീയിപ്പോൾ ശാന്തമായ ഒരിടത്താണെന്ന്. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥവുമെല്ലാം 'മഹാനായ ഭൗതികശാസ്ത്രജ്ഞനെ' ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കും. നിറയെ സന്തോഷത്തോടെയും തന്മയീഭാവത്തോടെയും നീയൊരു വാൽനക്ഷത്രമായി പ്രകാശിക്കും. എനിക്കറിയാം, നീ അതായിക്കഴിഞ്ഞിരിക്കുന്നെന്ന്! എന്റെ വാൽനക്ഷ്ത്രമേ... നിനക്കായി ഞാൻ കാത്തിരിക്കും. നിന്നെ എനിക്ക് തിരികെ തരണമെന്ന് ആ വാൽനക്ഷത്രത്തോട് ഞാൻ പ്രാർത്ഥിക്കും. 

 

സുന്ദരമായ വ്യക്തിത്വമുള്ള ഒരാൾ എങ്ങനെയാകണമോ അതെല്ലാമായിരുന്നു സുശാന്ത്. ഈ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അദ്ഭുതമായ ഒരാൾ. നമ്മുടെ പ്രണയം വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നമ്മുടെ പ്രണയം നമുക്കും ഉപരിയാണെന്ന് നീ പറഞ്ഞത് ആ അർത്ഥം ഉൾക്കൊണ്ടായിരുന്നെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എല്ലാം തുറന്ന മനസോടെ നീ സ്നേഹിച്ചു. നമ്മുടെ പ്രണയം സുദൃഢമാണെന്ന് നീ കാണിച്ചു. സുശീ... ശാന്തമായി ഇരിക്കൂ.

നിന്നെ നഷ്ടമായിട്ട് 30 ദിവസങ്ങൾ.. പക്ഷേ, നിന്നെ സ്നേഹിച്ച ഒരു ജീവിതകാലം ആണത്. നാം എന്നെന്നേക്കുമായി ചേർത്തു വയ്ക്കപ്പെട്ടവർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com