മോഹന്‍ലാലും തൂവാനത്തുമ്പികളും: അശോകൻ പറയുന്നു

പത്മരാജന്റെ തൂവാനത്തുമ്പികൾ ഇപ്പോഴും പുതുമ അനുഭവപ്പെടുത്തുന്നതാണെന്ന് നടൻ മോഹൻലാൽ. തൂവാനത്തുമ്പികൾ എന്ന സിനിമയുടെ മുപ്പത്തിമൂന്നാം വർഷത്തിൽ നടൻ അശോകൻ പുറത്തിറക്കിയ വിഡിയോയിലാണ് മോഹൻലാലിന്റെ പ്രതികരണം. തിരക്കഥയിലും സംഭാഷണത്തിനും കഥാപാത്രങ്ങളിലും പുതുമ കൊണ്ടുവന്ന തൂവാനത്തുമ്പികൾ പിന്നീട് ഒരു കൾട്ട് സിനിമയായി മാറിയെന്നും മോഹൻലാൽ പറയുന്നു. 

പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തൂവാനത്തുമ്പിയെക്കുറിച്ച്,  അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പെരുവഴിയമ്പലത്തിലൂടെ സിനിമയിലെത്തിയ നടൻ അശോകനാണ് 18 മിനുട്ട് ദൈർഘ്യമുള്ള വിഡിയോ ഒരുക്കിയത്. ചിത്രത്തിന്റെ വിതരണക്കാരായ  ഗാന്ധിമതി ഫിലിംസ് ബാലനും നടൻ ബാബുനമ്പൂതിരി അടക്കമുള്ളവരും മോഹൻലാലിനൊപ്പം ചിത്രത്തെ വിശകലനം ചെയ്യുന്നുണ്ട്. ജയകൃഷ്ണന്റെയും ക്ളാരയുടെയും കഥപറഞ്ഞ തൂവാനത്തുമ്പികൾ ഇനിയൊരു പതിറ്റാണ്ടു പിന്നിട്ടാലും പുതിയ സിനിമയായി തന്നെ നിലനിൽക്കുമെന്ന് അവതാരകനായ അശോകൻ പറയുന്നു.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന്റെ ആരാധകര്‍ വന്നു കൂടി ഷൂട്ടിനിടെ ബഹളം വച്ചതും ഒരാരാധകൻ കാണിച്ച കുസൃതിയുമൊക്കെ  അശോകൻ പറയുന്നുണ്ട്.