ADVERTISEMENT

ജൂലൈ ആദ്യം കോവിഡ് ബാധിതയായ നടി സുമലത രോഗമുക്തയായിരിക്കുകയാണ്. കോവിഡ് കാലം അത്ര സുഖകരമായിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ് സുമലതയിപ്പോൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയാതെ മരുന്നുകളുമായി വീട്ടിൽ തന്നെ ഒറ്റപ്പെട്ട് താമസിക്കുകയായിരുന്നു സുമലത.

 

‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങൾ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനിൽ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തിൽ നിന്നും മുക്തയാക്കാൻ സഹായിച്ചത്’- സുമലത പറയുന്നു. കൊവിഡ് കേസുകൾ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണെന്നും സുമലത പറഞ്ഞു.

 

‘അംബരീഷ് എപ്പോഴും പറയാറുണ്ട്. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാവും. നമ്മൾ അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാൽ ഞാനതിൽ നിന്നും പൂർണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോൾ നിങ്ങൾക്കുമുന്നിലിരിക്കുന്നത്.’

 

‘ജീവിതത്തിൽ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകൾ എടുത്തുനോക്കിയാൽ ഈ കോവിഡ് 19 ഒന്നുമല്ല. കോവിഡ് പരിശോധന ചെയ്യുമ്പോൾ വലിയ ടെൻഷനും കൺഫ്യൂഷനുമുണ്ടായി. കുടുംബം, ചുറ്റുപാട് എല്ലാവരുമെങ്ങനെയെടുക്കും എന്നതിനെക്കുറിച്ചെല്ലാം ആകുലതയുണ്ടായിരുന്നു. പനി അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ ചെന്നു. പരിശോധനകളെല്ലാം കഴിഞ്ഞ് ഫലം വരുന്നതുവരെ സ്വന്തം വീട്ടിൽ ക്വാറന്റീനിലിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞതോടെ ഞാനുമായി സമ്പർക്കമുണ്ടായിട്ടുള്ളവരെയൊക്കെ അറിയിച്ചു. ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് പത്രസമ്മേളനം വിളിച്ചതും ഏവരെയും സോഷ്യൽമീഡിയയിലൂടെ അറിയിച്ചതുമെല്ലാം ഏവരും അറിയണം എന്നുള്ളതുകൊണ്ടു തന്നെയാണ്. അതെന്റെ ചുമതലയാണെന്നു മനസ്സിലാക്കിയിട്ടാണ്.’

 

ആശുപത്രിയിൽ ഐസോലേഷൻ വാർഡിലായിരുന്നില്ല, വീട്ടിൽ തന്നെയാണ് ക്വാറന്റീലിരുന്നതെന്നും സുമലത പറയുന്നു. കൃത്യമായുള്ള ഭക്ഷണത്തിനും മരുന്നിനുമൊപ്പം യോഗ കൂടി ചെയ്തിരുന്നുവെന്നും സുമലത പറയുന്നു. ‘എനിക്ക് കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതുമുതൽ എനിക്കായി പൂജകളും വഴിപാടുകളും കഴിച്ചവരുണ്ട്. എന്റെ മകൻ എന്നെ നല്ലതുപോലെ ശുശ്രൂഷിച്ചിരുന്നു. അവനെ അവന്റെ ചെറുപ്പത്തിൽ ഞാൻ നോക്കിയതുപോലെ തന്നെ.’ ഫോണിലൂടെ മാത്രമാണ് മകനുമായി സംസാരിച്ചിരുന്നതെന്നും സുമലത പറയുന്നു. 'കൊറോണയെ അനാവശ്യമായി ഭയക്കേണ്ടതില്ല. അതിനെ നമ്മൾ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കോവിഡ് പോസിറ്റീവ് ആയ വ്യക്തികളെ മാനസികമായി അകറ്റി നിർത്തരുത്. അവരോട് അനുകമ്പ കാട്ടണം.' ഈ മഹാമാരിയെ നേരിടാൻ ധൈര്യമാണ് അത്യാവശ്യഘടകമെന്നും സുമലത പറയുന്നു..

 

വീട്ടിലെ ഒരുമുറിയിൽ അടച്ചിരുന്ന് രോഗത്തോട് പോരാടുന്നത് എളുപ്പമല്ല. ഈ അവസ്ഥയിൽ ഭയം, ആശയക്കുഴപ്പം എന്നിവയിലൂടെയൊക്കെയാണ് ഓരോ രോഗികളും കടന്നു പോകുന്നത്. കൊവിഡ് ഒരിക്കലും തോൽപ്പിക്കാനാകാത്ത ഒരു രാക്ഷസനല്ല, മറിച്ച് നമുക്ക് ഒറ്റക്കെട്ടായി അതിനെ തോൽപ്പിക്കാൻ സാധിക്കും. ഐസൊലേഷനിൽ കഴിയുന്ന രോഗികളെ ഒറ്റപ്പെടുത്താതെ അവർക്ക് മാനസികമായ പിന്തുണ നൽകൂ’-സുമലത കൂട്ടിച്ചേർത്തു.

English Summary: Conquering fear is first step to defeat COVID-19: Sumalatha Ambareesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com