sections
MORE

അനിലിനെ അംഗീകരിച്ചത് തമിഴ് സിനിമ മാത്രമാണ്: എം. പത്മകുമാർ

anil-padmakumar
SHARE

ഇരുന്നൂറിനടുത്ത് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ മാത്രമാണെന്ന് സംവിധായകന്‍ എം. പത്മകുമാര്‍. മലയാളസിനിമയെ സംബന്ധിച്ച് അനില്‍മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ലെന്നും താനടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നാണ് സംവിധായകന്‍ കുറിച്ചു.  

എം പത്മകുമാറിന്റെ കുറിപ്പ് വായിക്കാം:

അനില്‍മുരളി യാത്രയായി…മലയാളസിനിമയെ സംബന്ധിച്ച് അനില്‍മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ല.. മലയാളം, തമിഴ് സിനിമകളെ ആശ്രയിച്ച് ജീവിക്കുന്ന കുറച്ചു നടന്മാരില്‍ ഒരാള്‍.. ഒരാള്‍ക്ക് വേണ്ടി തീരുമാനിച്ച വേഷത്തിന് അയാള്‍ക്ക് പറ്റില്ലെങ്കിൽ അടുത്തയാള്‍.. ഒരുപക്ഷേ ഇരുനൂറിനടുത്ത് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ ആയിരിക്കണം..

‘SIX CANDLES’ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ അനിലിനും ആ കഴിവിനെ നിറഞ്ഞ കൈയടികളോടെ അംഗീകരിക്കാന്‍ തമിഴ് സിനിമക്കും കഴിഞ്ഞത് ഓര്‍ക്കുക..എങ്കിലും തമിഴ് സിനിമയെ സംബന്ധിച്ചും അനിലിന്റെ വേര്‍പാട് ഒരു വലിയ നഷ്ടം ഒന്നുമല്ല.. നഷ്ടം ഞങ്ങള്‍ക്ക്, അനിലിന്റെ സ്‌നേഹവും സൗഹൃദവും പിണക്കവും വഴക്കും എല്ലാം ആഴത്തില്‍ അനുഭവിച്ച, അതിനു പകരം വെക്കാന്‍ മറ്റൊന്നും ഇല്ല എന്ന് വ്യക്തമായി അറിയാവുന്ന ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ക്ക് മാത്രമാണ്..

സൗഹൃദം എന്ന് മാത്രം പറയാവുന്ന ഒന്നായിരുന്നില്ല അതെന്ന് എനിക്കു തോന്നുന്നു.. ഈ പറഞ്ഞ എല്ലാ വികാരങ്ങളും കൂടിച്ചേര്‍ന്ന അതിലും വലിയ എന്തോ ഒന്ന്.. മറ്റൊന്നുമാവില്ല സിന്ധുരാജിനും രാഗേഷിനും പ്രവീണിനും നജുവിനും സാലുവിനും സുധീഷിനും മെല്‍വിനും മനോജിനും ഗണേഷിനും, ഇടപ്പള്ളി ട്രിനിറ്റിയിലെ 11C അപ്പാര്‍ട്ട്‌മെന്‍ടിലെ അനിലിന്റെ ഊഷ്മളമായ സ്‌നേഹം അനുഭവിച്ച വേറെ ഒരാള്‍ക്കും പറയാന്‍ അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഉണ്ടാവുക..

പ്രതിഫലേച്ഛ ഒട്ടും ഇല്ലാതെ അവസാനം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നും ആവില്ല പറയാനുണ്ടാവുക എന്നും എനിക്കറിയാം.. പ്രിയപ്പെട്ട സുഹൃത്തിന്റെ ഭൗതികശരീരം വീട്ടുകാരെ ഏല്പിച്ച് മരണമില്ലാത്ത ഓര്‍മകള്‍ നിറഞ്ഞ മനസ്സുമായി കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ രാഗേഷ് പറഞ്ഞു : 11C യില്‍ വീണ്ടും നമ്മള്‍ ഒത്തുകൂടും.. അനില്‍ ഇല്ലാത്ത അനിലിന്റെ സൗഹൃദവിരുന്ന് ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍..ഹൃദയം നിറഞ്ഞ് തുളുമ്പുന്ന അത്രയും ഓര്‍മ്മകള്‍ ഏറ്റുവാങ്ങി അവസാനമായി 11C യോട് ഒരു യാത്ര പറച്ചില്‍…

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA