ADVERTISEMENT

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു. കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കി. 

 

വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുക. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റെെസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.

 

വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളകളില്‍ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും പ്രാചി പറയുന്നു. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും താരം അറിയിച്ചു. 

 

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്നു പ്രാചി. ബാസ്ക്കറ്റ് ബോളും കളിച്ചിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു.

 

ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്‌റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാൻ എന്ന ഡൽഹിക്കാരി. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം.

 

ബാസ്‌കറ്റ്‌ബോളിൽ ദേശീയ സബ്‌ജൂനിയർ താരമായിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരം. പ്രാചിയുടെ കണക്കിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയരമുള്ള നടി. ഒരു സുപ്രഭാതത്തിൽ പ്രാചി കോളജിലെ കായികാധ്യാപിക പറഞ്ഞതനുസരിച്ചു നെറ്റ്‌ബോളിലേക്കു ചുവടുമാറ്റി. അഹമ്മദാബാദിൽ രണ്ടര വർഷമായിരുന്നു ഇന്ത്യൻ ക്യാംപ്. 70 അംഗ ടീമിൽനിന്നു പ്രാചിക്കൊപ്പം 11 പേർ ഇന്ത്യൻ ടീമിലെത്തി. നെറ്റ്‌ബോളിന്റെ പ്രചരണാർഥം ഇന്ത്യ മുഴുവൻ യാത്ര ചെയ്‌തിട്ടുണ്ട് പ്രാചി.

 

സ്‌പോർട്‌സിൽ നിന്ന് അടുത്ത ചുവടു പഠനത്തിലേക്കായിരുന്നു. എംബിഎ കഴിഞ്ഞ് ആക്‌സഞ്ചറിൽ എച്ച്‌ആർ എക്‌സിക്യൂട്ടീവിന്റെ ജോലി. അതിനിടെയാണ് സ്‌റ്റാർ പ്ലസ് ചാനലിന്റെ ജനപ്രിയ പരമ്പരയായ ‘ദി ഔർ ഹമിലേക്ക്’ ക്ഷണം ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com