ADVERTISEMENT

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി ‘മൂത്തോൻ’. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോൻ സ്വന്തമാക്കിയത്. നിവിൻ പോളിയാണ് മികച്ച നടൻ. മികച്ച ബാല താരം സഞ്ജന ദീപു. മികച്ച നടിയും മലയാളത്തിൽ നിന്നാണ്. റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.

 

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്‍ വഴി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്.

 

ഇതിനു മുമ്പ് നിരവധി രാജ്യാന്തര േമളകളിൽ തിളങ്ങിയ ചിത്രമാണ് മൂത്തോൻ. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ ഗംഭീര പ്രകടനം തന്നെയാണ് പ്രധാനആകർഷണം. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്. 

 

ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com