ADVERTISEMENT

മറ്റുള്ളവരുടെ ജീവിതം അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തിയും ആവേശവുമാണ് തന്റെ സിനിമാജീവിതത്തിന്റെ സത്തയെന്ന് വിദ്യാബാലൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ, ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഗണിതശാസ്ത്രജ്ഞ ശകുന്തളാദേവിയുടെ ജീവിതം പകർന്നാടുമ്പോൾ വിദ്യാബാലൻ കൈകൾ കെട്ടി, പിന്നോട്ടൽപം ചാഞ്ഞുനിന്ന് വിജയിയുടെ ചിരി ചിരിക്കുകയാണ്. ശകുന്തളാദേവിയുടെ ആ ഫസ്റ്റ്ലുക് പോസ്റ്റർ ഇപ്പോൾ പ്രതിനിധീകരിക്കുന്നത് കംപ്യൂട്ടറിനെ തോൽപിച്ച മനുഷ്യസ്ത്രീയുടെ ഇതിഹാസ ജീവിതത്തെ മാത്രമല്ല, ആ ജീവിതത്തെ പകർന്നാടിയ വിദ്യാബാലൻ എന്ന നടിയുടെ ജീവിതാദർശത്തെക്കൂടിയാണ്. 

 

കോവിഡ് പ്രതിസന്ധിയുടെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആമസോൺ പ്രൈമിൽ ജൂലൈ 31ന് റിലീസ് ചെയ്ത ശകുന്തളാദേവി പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടികൾ ഏറ്റുവാങ്ങി ഇടവേളകളില്ലാതെ പ്രദർശനം തുടരുകയാണ്. ചിത്രം ആകെത്തന്നെ പ്രശംസ നേടുമ്പോൾ അതിലേറെയാണ് വിദ്യാബാലൻ എന്ന നടിയുടെ സ്കീൻ നിറയുന്ന സാന്നിധ്യം. അനുമേനോൻ എന്ന സംവിധായികയുടെയും സാന്യ മൽഹോത്ര, ജിഷു സെൻ ഗുപ്ത, അമിത് സാദ് തുടങ്ങിയ സഹതാരങ്ങളുടെയും സംഗീതം നൽകിയ സച്ചിൻ–ജിഗറിന്റെയും കൂടിയാണ് ഈ സിനിമ എന്നു പറയാമെങ്കിലും ആദ്യാവസാനം ഈ ചിത്രം വിദ്യാബാലൻ എന്ന അതുല്യ നടിയുടേതു തന്നെയാണ്.  

 

അനിതര സാധാരണമായ ജീവിതം

vidya-balan-3

 

എക്സ്ട്രാ ഓർഡിനറി എന്നാണ് വാക്ക്. വിദ്യാബാലൻ തന്നെ ശകുന്തളാദേവിയുടെ ജീവിതത്തെ വിശേഷിപ്പിച്ചതാണത്. എന്താണ് ആ ജീവിതത്തിൽ വിദ്യയെ ആകർഷിച്ചത് എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. ‘എല്ലാ അർഥത്തിലും അത്യപൂർവമായ ജീവിതം’ എന്ന്. കർണാടകയിലെ സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി,  ഔപചാരിക വിദ്യാഭ്യാസം പോലും നേടാതെ ഗണിതശാസ്ത്രത്തിന്റെ പിടികിടാത്ത സമസ്യകൾക്ക് ഉത്തരം കണ്ടെത്തി ലോകത്തെ വിസ്മയിപ്പിച്ച ചരിത്രമാണ് ശകുന്തളാദേവിയുടേത്. 

 

കംപ്യൂട്ടറിനെ പോലും തോൽപിച്ച ഗണിതപ്രതിഭ ലോകത്തെ കീഴടക്കിയതിന്റെ ചരിത്രത്തിനപ്പുറം, നിശ്ചയദാർഢ്യത്തോടെ വിജയത്തിലേക്കു കുതിക്കുമ്പോഴും അവർക്ക് എളുപ്പം ചെയ്തുതീർക്കാനാവാത്ത വ്യക്തിജീവിതത്തിന്റെ കണക്കുകളും ചിത്രത്തിന്റെ രണ്ടാമത്തെ ഇഴയാകുന്നു. ഇവിടെയാണ് വിദ്യാബാലൻ എന്ന നടിയുടെ മാറ്റുരയുന്നത്. അതിന് മുറിഞ്ഞ സ്വർണത്തിന്റെ നിറം വയ്ക്കുന്നത്.

vidya-balan-shakuntala-devi

 

യുവതിയായ ശകുന്തളാദേവി മുതൽ മുത്തശ്ശിയായ ശകുന്തളാദേവി വരെയുള്ള കാലപ്പകർച്ചകളെ വിദ്യ ജീവിച്ചുകാണിക്കുമ്പോൾ അതിൽ പ്രായത്തിനനുസരിച്ചു മാറുന്ന മാനറിസങ്ങൾ പോലും സൂക്ഷ്മമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. നിശ്ചയദാർഢ്യത്തോടെ, തന്റെ ഇന്നലകളെ പിന്നോട്ടുചവിട്ടി അതിന്റെ ഗതികോർജത്തിൽനിന്ന് മുന്നോട്ടായുന്ന ശകുന്തളാദേവി പക്ഷേ, ആടുകയും പാടുകയും ചിരിക്കുകയും സന്തോഷിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന പ്രസരിപ്പുള്ള യുവതിയാണ്. 

 

ഈ ഭാഗം ഒരു യുവ ചലച്ചിത്രതാരത്തിന് വെല്ലുവിളിയാകണമെന്നില്ല. പക്ഷേ അക്കങ്ങൾക്കു നിറം  കൊടുത്ത കാലം പിന്നിട്ട്, അവർ നേരിടേണ്ടിവരുന്ന ജീവിതത്തിന്റെ, ബന്ധങ്ങളുടെ വെല്ലുവിളികളുണ്ട്. അവിടെയും പിൻവാങ്ങുമ്പോഴും പിന്നെയും മുന്നോട്ടായുന്ന, ഒടുവിൽ ജീവിതത്തിന്റെ പദപ്രശ്നവും കണക്കുകൊണ്ടുതന്നെ നിർധാരണം ചെയ്യുന്ന ശകുന്തളാദേവിയെ അവതരിപ്പിക്കുന്നിടത്താണ് വിദ്യാബാലൻ കൂടുതൽ മികവറിയിക്കുന്നത്.

 

മകൾ, സഹോദരി, കാമുകി, ഭാര്യ, അമ്മ

 

ഏതൊരു സ്ത്രീയുടെയും ജീവിതഘട്ടങ്ങളാണത്. ലോകത്തെ വിസ്മയിപ്പിച്ച ഗണിതശാസ്ത്രജ്ഞയാകുമ്പോഴും ശകുന്തളാദേവിയും ഈ ഘട്ടങ്ങളെയെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അതിൽ അമ്മ എന്ന റോൾ ആണ് അവർക്ക് ഏറ്റവും വെല്ലുവിളിയാകുന്നത്. അക്കാദമിക വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അമ്മയെന്ന നിലയിൽ തനിക്ക് ഇടറിപ്പോകുന്നുണ്ടെന്ന് അവർ അറിയുന്നുണ്ട്. ഒടുവിൽ താൻ ഒരു ‘ടെറിബിൾ മദർ’ ആയിരുന്നില്ലെന്ന് അവർ സ്വയം പറയുകയും അത് മകൾക്കുമുന്നിൽ തെളിയിക്കുകയും ചെയ്യുന്നിടത്താണ് ചിത്രം പൂർണമാവുന്നത്. അതുതന്നെയായിരിക്കും ശകുന്തളാദേവി നിർധാരണം ചെയ്ത ഏറ്റവും വലിയ സമസ്യ. 

ഇങ്ങനെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ജീവിതത്തിലെന്ന പോലെ സന്തോഷവും ദ്വേഷവും സ്നേഹവും ദുഃഖവും പശ്ചാത്താപവുമൊക്കെ പകർന്നാടേണ്ടിവരുന്നുണ്ട്. അതെല്ലാം അവർ വിസ്മയകരമായ സ്വാഭാവികതയോടെ മുഖത്തും ശരീരത്തിലാകെയും വരച്ചിടുന്നു. മുഖം കൊണ്ടുമാത്രമല്ല, ശരീരം കൊണ്ടുകൂടിയാണ് വിദ്യാബാലൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

 

ഡേർട്ടി പിക്ചറിലെ സിൽക് സ്മിതയായിരിക്കും വിദ്യാബാലന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയായ കഥാപാത്രം. ഇവിടെ മറ്റൊരു ജീവിതത്തെക്കൂടി തിരശ്ശീലയിൽ പുനരാവിഷ്കരിക്കുമ്പോൾ ഏതാണു മികച്ചതെന്ന ചോദ്യമുയരാം. അതിനൊപ്പം  പരിണീതയിലെ ലളിതയും കഹാനിയിലെ ഗർഭിണിയും ‘പാ’യിലെ അമ്മയുമൊക്കെ കടന്നുവരാം. പക്ഷേ ഉത്തരം വിദ്യ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ ജീവിതവും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഓരോ കഥാപാത്രവും ഉയർത്തുന്നത് വ്യത്യസ്തമായ വെല്ലുവിളികളാണ്. ശകുന്തളാദേവിയുടെ ജീവിതത്തിന്റെ നിറവും വെല്ലുവിളികളും പിന്നിട്ട് പുതിയൊരു ജീവിതം ജീവിക്കുന്നതിനെക്കുറിച്ചാവാം, തീർച്ചയായും ആ നടി ചിന്തിക്കുന്നുണ്ടാവുക. അതൊരുപക്ഷേ, ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയുടെ ജീവിതം തന്നെയാകും. അതിനായി കാത്തിരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com