ADVERTISEMENT

മമ്മൂട്ടിയുടെ ലോക്ഡൗൺ ദിനങ്ങളെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ പങ്കുവച്ച് ദുൽഖർ സൽമാൻ. മലയാള മനോരമയും മനോരമ ഒാൺലൈനും ഹീറോ എക്സട്രീം 160R ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു ദുൽഖർ. 

 

എത്ര ദിവസം വീട്ടിലിരിക്കാം? വാപ്പച്ചിയുടെ ചലഞ്ച്

 

"ഞാൻ പിന്നെയും വീട്ടിൽ കാണും. എന്നെക്കാളും നോൺസ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോൾ ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. 'ഞാൻ 150 ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല', എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാൻ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്. അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. 'ഇത്ര ദിവസം ആയില്ലേ... ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ,' എന്നാണ് വാപ്പച്ചിയുടെ മറുപടി. അങ്ങനെയൊരു വാശിയിലാണ് അദ്ദേഹം. 'ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ,' എന്ന് ഞാൻ ചോദിക്കും. ഇതിന് വേൾഡ് റെക്കോർഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്സണൽ ചലഞ്ചസും പേഴ്സണൽ പ്ലാൻസും ഒക്കെ ഉണ്ടാക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാൻ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ,  ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ​ഞാൻ കിട്ടുന്ന ചാൻസിന് പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണ്." 

 

ഉമ്മയും അമാലും എന്റെ സൂപ്പർ ഹീറോസ്

 

വീട്ടിൽ ഭൂരിപക്ഷം സ്ത്രീകളാണ്. ഉമ്മച്ചി, എന്റെ ഭാര്യ പിന്നെ മകൾ... വാപ്പച്ചിയുടെ ഉമ്മ. അങ്ങനെ ഭൂരിപക്ഷം. അമാലും ഉമ്മച്ചിയും ഒരേ ടൈപ്പാണ്. എല്ലാവരോടും വളരെ കരുതലോടെയാണ് അവർ പെരുമാറാറുള്ളത്. എന്റെ സുഹൃത്തുക്കളോടും അങ്ങനെ തന്നെ. പിന്നെ, നല്ലപോലെ മൾട്ടി ടാസ്ക് ചെയ്യുന്നവരാണ് അവർ. സ്ത്രീകൾക്കുള്ള പ്രത്യേക കരുത്താണ് അത്. ആണുങ്ങൾക്ക് ഒരു സമയം ഒരു കാര്യമേ ചെയ്യാൻ കഴിയൂ. പക്ഷേ, സ്ത്രീകൾ അങ്ങനെയല്ല. എന്റെ സൂപ്പർ ഹീറോസ് എന്റെ വീട്ടിലെ സ്ത്രീകളാണ്. മകൾ ജനിച്ച ശേഷം ഒരു അമ്മയുടെ റോളിൽ കൂടി ഞാൻ അമാലിനെ കാണുന്നു. ഒരു മൂന്നുവയസുകാരിയെ നോക്കുക എന്നത് എളുപ്പമല്ല. ഇപ്പോഴാണ് ഞാൻ മകളുടെ കൂടെ സമയം ചെലവഴിക്കുന്നത്. ശരിക്കും നല്ല എനർജി വേണ്ടി വരുന്ന കാര്യമാണത്. കാരണം, രാവിലെ ഏഴരയ്ക്ക് അവൾ എണീക്കുന്നതു മുതൽ രാത്രി ഒൻപതരക്ക് അവൾ ഉറങ്ങുന്നതു വരെ തുടർച്ചയായി ഓരോന്നു കളിച്ചിരിക്കാൻ അവൾക്കു കഴിയും. ഓടിക്കളി... ഒളിച്ചു കളി. അതും നോൺസ്റ്റോപ്. ഞാൻ‌ ആലോചിക്കും, ഈ എനർജി എവിടെ നിന്നാണെന്ന്. കാരണം ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്യാൻ പോലും എനിക്ക് ഇത്രയും എനർജി വേണ്ടി വരാറില്ല. 

 

വണ്ടികളുടെ കഥ ട്രാക്ക് ചെയ്യാൻ‌ ഇഷ്ടം

 

പഴയ വണ്ടികളെടുത്ത് റീസ്റ്റോർ ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമാണ്. അതിന്റെ കഥകൾ അറിയാൻ എനിക്ക് വലിയ താൽപര്യമാണ്. പലപ്പോഴും അതൊക്കെ ഞാൻ തേടിപ്പിടിച്ചു പോകാറുണ്ട്. നമ്മുടെ നാട്ടിൽ അധികം കാണാത്ത വാഹനങ്ങളോടാണ് കൂടുതൽ ഇഷ്ടം. എന്റെയൊക്കെ ചെറുപ്പത്തിൽ റോഡിൽ കണ്ടിരുന്ന വണ്ടികൾ ഇപ്പോൾ നിരത്തുകളിൽ കാണാറില്ല. അത് ചിലപ്പോൾ ആരും ഉപയോഗിക്കാതെ എവിടെയെങ്കിലും പൊടിപിടിച്ച് കിടപ്പുണ്ടാകും. അത് എടുക്കുകയും അതിന് തിരിച്ച് ജീവൻ കൊടുക്കുകയും ചെയ്യാൻ എനിക്കിഷ്ടമാണ്. മനുഷ്യന്മാരെപ്പോലെ തന്നെ വണ്ടികൾക്കും കഥകളുണ്ട്. ആരുടെ കയ്യിലായിരുന്നു ഈ വണ്ടി... അയാൾക്ക് ഇത് എവിടെ നിന്നു കിട്ടി... അങ്ങനെ ഒരുപാടു രസകരമായ കഥകൾ. അതു ട്രാക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്റെയൊരു ഹോബി ആണിത്. എന്തെങ്കിലുമൊരു ഹോബി ഉണ്ടാകുന്നത് നല്ലതാണ്. എന്റെ ജോലിയുടെ ഭാഗമായി ഒരുപാടു വേണ്ടാത്ത ചിന്തകൾ വരാം. നമ്മെക്കുറിച്ച് നെഗറ്റീവായി ആരെങ്കിലും പറയാം. ഇതുപോലുള്ള ചിന്തകൾ നല്ലൊരു ഹോബിയുണ്ടെങ്കിൽ മറികടക്കാം. വണ്ടിയെക്കുറിച്ച് വായിക്കാനും വിഡിയോസ് കാണാനും ചിന്തിക്കാനും എനിക്ക് ഇഷ്ടമാണ്. അതൊരു പൊസിറ്റീവ് ഡിസ്ട്രാക്ഷനാണ് എനിക്ക്. ഈ ലോക്ഡൗൺ സമയത്തും എനിക്ക് ഇത് വളരെയധികം സഹായകരമായിരുന്നു. 

 

വളർന്നത് സാധാരണ കുട്ടിയായി

 

അഭിനയിക്കാൻ ഒരു കൗതുകം തോന്നിയിട്ടുണ്ടെങ്കിലും ഫേമസ് ആകാൻ അത്രയും ആഗ്രഹമുണ്ടായിരുന്നില്ല. കാരണം വാപ്പച്ചിയുടെ കൂടെ നടക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ട് ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും പ്രൈവസി ഇഷ്ടപ്പെടുന്ന ആളുകളാണെങ്കിൽ.... വെറുതെ ഒരു ചായക്കടയിൽ പോയി ഇരിക്കാൻ കഴിയില്ലല്ലോ! ഞാൻ വളർന്നത് ചെന്നൈയിൽ ആയിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. അവിടെ സാധാരണ ബസിലൊക്കെ യാത്ര ചെയ്യാറുണ്ടായിരുന്നു. ചായക്കടയിലൊക്കെ പോയി ഇരിക്കാൻ എനിക്ക് ഇഷ്ടമാണ്. ഉമ്മച്ചി ഞങ്ങളെ സെലിബ്രിറ്റി രീതിയിലൊന്നും വളർത്തിയിട്ടില്ല. സാധാരണ ജീവിതമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. നേരിട്ട് കാണാത്തവർ ഒരുപക്ഷേ, പ്രതീക്ഷിക്കുന്നത് വേറെ ഒരു ലൈഫ്‍സ്റ്റൈൽ ആണ്. എന്നാൽ, നേരിട്ട് കുറച്ചുനേരം സംസാരിക്കുമ്പോൾ മനസിലാകും, വളരെ നോർമൽ ആണെന്ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com