ADVERTISEMENT

വിദ്യ ബാലൻ നായികയായി എത്തിയ ശകുന്തള ദേവി എന്ന സിനിമ കണ്ട് ഒരു അമ്മ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ലോക പ്രശസ്തയായ ഗണിത ശാസ്ത്രജ്ഞ എന്നതിലുപരി ശകുന്തളാദേവി എന്ന അമ്മയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. അമ്മയാകുന്ന സ്ത്രീയുടെ മാനസിക സംഘർഷങ്ങളെക്കുറിച്ചു കൂടിയാണ് ഡോക്ടർ വീണ എന്ന ഈ യുവതിയുടെ കുറിപ്പ് 

 

വിദ്യാബാലൻ അമ്മയുടെ പെട്ടിയിൽ നിന്ന് അമ്മയുടെ സാരി എടുത്തു മാ എന്ന് വിളിച്ചു കരയുമ്പോൾ ഞാനും കരഞ്ഞുപോയി. അമ്മ-മകൾ ബന്ധം അത്രേം കോംപ്ലക്സ് ആണ് ചിലർക്കെങ്കിലും. അമ്മയെ കാണുന്നത് പോലും ഇഷ്ടമില്ലാത്തവരുണ്ട്. അമ്മയോടു സംസാരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഉണ്ട്. "സിനിമയിൽ കാണിക്കും പോലെ ഒരു കുട്ടിയുണ്ടാകുമ്പോൾ അറിയാം അമ്മയുടെ വില" എന്നൊന്നും ജീവിതത്തിൽ ഫലിക്കാത്തത്ര മുറിവുകളിലൂടെ കടന്ന് പോയവരുണ്ട്. 'അമ്മ അമ്മയായി ഇരിക്കണം' എന്ന തത്വം പിന്തുടരാത്തതുകൊണ്ടല്ല ഈ പ്രശ്നങ്ങൾ. അമ്മ എന്ന മനുഷ്യത്തിക്കു ഒരുപാട് സംഘർഷങ്ങൾ ഉണ്ടാകാം എന്നത് തന്നെ കാരണം. 

 

സിനിമയിൽ കാണിച്ചത് പ്രകാരം ശകുന്തളാദേവി ചൈൽഹുഡ് ട്രോമയുടെ ഇരയാണ്. അതിൽ നിന്ന് അവർ രക്ഷപ്പെടുന്നത് ഒരുപാട് കാലത്തിനുശേഷമാണ്. അതേ മുറിവുകൾ ആണ് അവർ മകളിൽ സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും ആകാത്തവിധം അവരെ ബാധിച്ചിരിക്കുകയാണ്. അതൊരു ഈഗോ ഇഷ്യൂ ആയിട്ട് ചിലർക്ക് തോന്നിയേക്കാം. പൈസയുടെ ഹുങ്കായി തോന്നാം. അടങ്ങിജീവിക്കാത്ത സ്ത്രീകൾക്കെല്ലാം സംഭവിക്കാം ഇതെന്നു തോന്നാം. ഈ കാറ്റഗറിയിലൊന്നുംപെടുത്താൻ പറ്റാത്തത്ര സങ്കീർണമായ പ്രശ്നം ആണ് അമ്മയാകുന്ന ഒരു സ്വതന്ത്രസ്ത്രീയുടെ അവസ്ഥ.

 

എത്രത്തോളം സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് ഉണ്ടെങ്കിൽ പോലും അമ്മയായിരിക്കുന്ന അവസ്ഥ എന്നത് വൈകാരികപ്രശ്നങ്ങളുടെ ഒരു കടലാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങളിൽനിന്ന് മാറിനിൽക്കേണ്ടിവരുന്ന അമ്മമാർ. കുറ്റബോധം അറിയാതെതന്നെ കടന്ന് വരും അവർക്ക്. അമ്മയെന്ന വികാരത്തിന്റെ സാമൂഹികനിർമിതി കാരണമുള്ള സ്ട്രെസ് മാത്രമല്ല അവർക്ക്. ശരീരം എന്ന തുടർച്ച ആത്മാവിലേക്കും ഒഴുകിയിട്ടുണ്ട്, മകൾ താൻ തന്നെയാണ്, മകൾക്ക് താൻ അല്ലാതെ മറ്റാരും പകരമാകില്ല എന്ന ചിന്തകൾ അറിയാതെ ഉണ്ടാകും. "അച്ഛൻ എത്ര വളർത്തിയാലും അമ്മക്ക് പകരമാകില്ല" എന്ന സമൂഹത്തിന്റെ മുറവിളി ആ ചിന്തയുടെ ആഴം കൂട്ടും. താൻ അനുഭവിച്ചതൊക്കെ അവളും അനുഭവിക്കേണ്ടി വരുമോ എന്ന ചിന്ത പോലും ആ അമ്മയെ ഭയപ്പെടുത്തും. ഈ കാരണങ്ങൾ ഒക്കെയും കൊണ്ട് മണിക്കൂറുകൾ ബസ്സിൽ ഇരുന്ന് ഉറങ്ങാൻ വേണ്ടി മാത്രം വീട്ടിലെത്തുന്ന ജോലിക്കാരായ അമ്മമാരെ നിങ്ങൾ കണ്ടിട്ടില്ലേ? എത്തുമ്പോഴും പോകുമ്പോഴും കുഞ്ഞ് ഉറങ്ങിയിരിക്കുകയാകും. കുഞ്ഞിന്റെ മണം എങ്കിലും ചേർന്ന് കിടക്കുന്നവരാണ് അവർ. വീട്ടിൽ നിന്നും ഇറങ്ങുംനേരം കുഞ്ഞിന്റെ ഡ്രസ്സ് അഴിച്ചു ബാഗിൽ വെച്ചു ജോലിക്കിടെ അതിടക്കിടെ മണത്തുനോക്കുന്ന അമ്മയായിരുന്നു ഒരിക്കൽ ഞാൻ.

 

മകൾ ആദ്യം ഡാഡി എന്ന് വിളിച്ചെന്നറിയുമ്പോഴേക്കും വിദ്യയുടെ മുഖം മാറിയതിൽ ഒരതിശയവും തോന്നേണ്ട കാര്യമില്ല. അത്രത്തോളം കോംപ്ലക്സ് ആയ രീതിയിലും അമ്മ എന്ന മാനസികാവസ്ഥ വളരും/ വളരാതെയിരിക്കും. തന്നേക്കാൾ നന്നായി അച്ഛൻ വളർത്തും എന്ന് അറിയുമ്പോഴും മകളെ തന്നോടൊപ്പം നിർത്തണമെന്ന് വാശിതോന്നും. 

 

ഈ സിനിമയിലെ മകളോ? "താൻ അമ്മയോടൊപ്പം ഒട്ടും സന്തോഷവതിയല്ലാ" എന്ന് അനുഭവിച്ച കുട്ടിക്കാലത്തെപ്പോലും പിന്നീട് മറക്കുന്നു. പഴയ ഫോട്ടോകളിൽ താൻ ചിരിക്കുന്നുണ്ട്, അതുകൊണ്ട് തന്റെ കുട്ടിക്കാലം സന്തോഷകരമായിരുന്നു എന്ന് കരുതുന്നു. "മകൾ അമ്മയെ മനസിലാക്കണമെങ്കിൽ അവളൊരിക്കൽ അമ്മയാകണം" എന്ന തത്വം ആണ് സിനിമയിൽ കാണിക്കുന്നത് എന്ന് വിചാരിക്കുന്നവർക്ക് തെറ്റി. അമ്മയാകുമ്പോൾ സംഭവിക്കുന്ന personality rupture, insecurity, കുഞ്ഞിനോടുള്ള സ്വാർത്ഥത, നേരത്തെ പറഞ്ഞ അനേകം ഭയങ്ങൾ, കോംപ്ലിക്കേറ്റഡ് ആയ കുട്ടിക്കാലം ഇതെല്ലാം കാരണം തനിക്ക് ഒരിക്കലും ഒരു നല്ല അമ്മ ആകാൻ പറ്റില്ലേ, താനും തന്റെ അമ്മയെപ്പോലെയാകുമോ എന്ന ഭയം എല്ലാം വരുമ്പോഴാണെന്ന് തോന്നുന്നു മകൾ അമ്മയുടെ "കുറവുകൾ" അംഗീകരിച്ചുതുടങ്ങുന്നത്. 

 

എന്നാൽ വിദ്യയുടെ കഥാപാത്രമോ? മകളുടെ സ്നേഹം വിലയ്ക്ക് വാങ്ങാൻ ആകില്ല എന്ന തിരിച്ചറിവിലും അവർ പരാജിതയാണ്. ആ പരാജയത്തിന്റെ കയ്പ്പിൽ അവർക്ക് അവരുടെ പാഷൻ പോലും നഷ്ടപ്പെട്ടു തുടങ്ങുന്നുണ്ട്. മാനസികസംഘർഷങ്ങളുടെ തുടർച്ച അത്രമേൽ അവരെ തകർക്കുന്നുണ്ട്. മകളെ ഒന്നുകാണാൻവേണ്ടി കാശുകൊണ്ടോ വാക്കുകൾ കൊണ്ടോ വിലപേശാൻപോലും പറ്റാതിരുന്ന സ്വന്തം അമ്മയെ ഓർത്തു, ആ അമ്മയ്ക്ക് പരാജയപ്പെടേണ്ടതോർത്തു, ആ അമ്മ നിധിപോലെ സൂക്ഷിച്ച തന്റെ നേട്ടങ്ങൾ അടങ്ങിയ പേപ്പർകട്ടുകൾ കണ്ട്, അമ്മയുടെ വേദനയോർത്തു അവൾ കരയുന്നുണ്ട്. 

 

സ്വന്തം കുഞ്ഞിന്റെ കഴിവുകൾ വിറ്റ് ജീവിക്കാൻപോലും മടിയില്ലാത്ത, കുഞ്ഞിന് വിദ്യാഭ്യാസം പോലും നിഷേധിച്ച, പണം ഇല്ലെന്ന് പറഞ്ഞു മൂത്തകുട്ടിക്ക് ചികിത്സനിഷേധിച്ചു അവളെ മരണത്തിലെത്തിച്ച ഒരു പുരുഷന്റെ ഭാര്യ എന്ന വൃത്തികെട്ട, ഭയപ്പെടുത്തുന്ന സാമൂഹികപദവിയിലിരുന്ന് തന്റെ അമ്മ സംസാരിക്കാതെ പോയതിൽ തെറ്റില്ല എന്ന് വർഷങ്ങൾക്ക് ശേഷം അവർ മനസിലാക്കുന്നത്, ആ അമ്മയെ ഓർക്കുന്നത് ശകുന്തളയ്ക്ക് സ്വന്തം മകളെ നഷ്ടപ്പെടുമ്പോൾ മാത്രമാണ്. അതുവരെയ്ക്കും ആ അമ്മയോട് അവൾക്ക് മാപ്പ് കൊടുക്കാൻ പറ്റില്ലായിരുന്നു. അസ്വാഭാവികതയൊന്നും ഇല്ലാ. മനുഷ്യജീവിതങ്ങൾ അത്രമേൽ സങ്കീർണവുമാകാം. 

 

സ്ത്രീയെന്ന രീതിയിൽ അമ്മ മകളെ തിരിച്ചറിഞ്ഞതുകൊണ്ടോ, മകൾ അമ്മയെ സ്വീകരിച്ചത് കൊണ്ടോ തീരുന്ന പ്രശ്നം ആണെന്ന് പറഞ്ഞാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ സിനിമ സംസാരിക്കുന്നത് ഇവിടത്തെ പുരുഷാധിപത്യമനോഭാവത്തോടുതന്നെയാണ്. "നിങ്ങൾ ആയിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ഒരു പെട്ടിയുമെടുത്തു ലോകം ചുറ്റാൻ ഞാൻ വരേണ്ടിവന്നേനെ." എന്ന് വിദ്യയുടെ കഥാപാത്രം അങ്ങേയറ്റം സപ്പോർട്ടീവ് എന്ന് തോന്നിക്കുന്ന ഭർത്താവിനോട് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിൽ തന്നെ എല്ലാമുണ്ട്. നമ്മുടെ "കുട്ടി ഒരു പെട്ടിയല്ല" എന്ന അച്ഛന്റെ ഉത്തരം child rights നെ മുൻനിർത്തി വളരെ നോർമൽ ആയി തോന്നുമെങ്കിലും അമ്മ എന്ന വൈകാരികതയ്ക്ക് മനസിലാക്കാൻ പറ്റുന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു പോയെന്ന് ദേഷ്യത്തിന്റെ പുറത്താണെങ്കിലും അയാളുടെ വായിൽ നിന്ന് വരുന്നുമുണ്ട്. അയാളൊരു ഹോമോസെക്ഷ്വൽ ആണെന്ന് മകളുടെ മുന്നിൽ വെച്ചു വലിയ സദസ്സിനോട് പോലും കള്ളം പറയുന്നതും ഇതിനോടൊക്കെ തോന്നിയ അമർഷമാകാം. പേർസണൽ ആണെങ്കിൽ കൂടുതൽ പുസ്തകം വായിക്കപെടും എന്ന തത്വം ഈ പ്രതികാരദാഹത്തോട് കൂട്ടിവായിക്കാൻ അത്ര നിസ്സാരമായൊന്നും സാധിക്കുകയില്ല.

 

അമ്മയാകുമ്പോൾ സംഭവിക്കുന്ന വൈകാരികതയെയാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്. അമ്മയാകണോ എന്നത് പോലും ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. അമ്മമാർ അടുത്തില്ലാത്ത കുട്ടികളെയും സജ്ജമാക്കേണ്ടതുണ്ട്. വിദേശത്ത് ജോലിയുള്ള അമ്മയെക്കുറിച്ചു "മക്കളെ നോക്കാതെ ഇനീം സമ്പാദിക്കുന്നതെന്തിന്" എന്ന് ക്ലാസ്റൂമിൽ വെച്ചു ടീച്ചർ ചോദിച്ചതിൽ സങ്കടപ്പെടുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. ടീച്ചർ ഉണ്ടാക്കിയ ആ മുറിവ് ഒരുപാട് നാൾ അമ്മയോടുള്ള വെറുപ്പായി മാറി എന്ന് അവൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അതേ അവൻ, ഭാര്യ ജോലി ആവശ്യത്തിനായി കുഞ്ഞുങ്ങളിൽ നിന്ന് കുറച്ച് വർഷങ്ങൾ മാറിനിന്നത് സഹിക്കാൻ വയ്യാതെ, "അമ്മയുടെ കടമ മറന്നു" എന്ന കാരണം പറഞ്ഞു ഭാര്യയ്ക്ക് ഡിവോഴ്സ് നോട്ടിസ് അയച്ചിട്ടുണ്ട്. ജോലി മതിയാക്കി അവൾ തിരിച്ചു വന്നു. ഇപ്പോൾ അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്ന് അവർക്ക് ചുറ്റിലുമുള്ള എല്ലാവരും പറയുന്നുണ്ട്. അവൾ എന്ത് പറയും എന്ന് നമ്മൾ ചോദിക്കാൻ പോകരുത്. തകരുന്നത് ഒരു കുടുംബമാകും. 

 

ഒരു ചെറിയ വായനകൊണ്ട് ഒതുങ്ങിപ്പോകേണ്ട സിനിമയല്ല ഇത്. ഒരുപാട് തലത്തിൽ ചർച്ചയ്ക്ക് വകയുള്ള സിനിമയാണ്. എനിക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറഞ്ഞുകൊണ്ട് കൂടെ നിർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com