ADVERTISEMENT

രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങിയ യുവതിയ്ക്ക് മോട്ടോർ വാഹന വകുപ്പ് വീട്ടിലെത്തി പിഴ ചുമത്തിയ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ, പെൺകുട്ടിക്ക് 'പണി' കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്നു വ്യക്തമാക്കുന്ന ചർച്ചകളാണ് വിർച്വൽ ലോകത്ത് ഇപ്പോൾ സജീവം. ഓൺലൈൻ പ്ലാറ്റ്ഫോമിലുള്ള ഫാൻ ഫൈറ്റ് ക്ലബുകളിലെ ചർച്ചയും കമന്റുകളും അതിരുവിട്ടതാണ് പെൺകുട്ടിയെ വെട്ടിലാക്കിയത്. 

 

'നമ്മൾ' എന്ന ചിത്രത്തിലെ 'രാക്ഷസി' എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ സ്റ്റൈൽ ആയി ബൈക്ക് ഓടിച്ചു പോകുന്ന യുവതിയുടെ വിഡിയോ കുറച്ചു ദിവസം മുൻപാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ വിഡിയോ ഉപയോഗിച്ച് ഫാൻ ഫൈറ്റ് ക്ലബിലെ ട്രോളന്മാർ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള മറ്റൊരു വിഡിയോ പുറത്തിറക്കി. ആ ട്രോൾ വിഡിയോ യുവതി സ്വന്തം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, ആരാധകർ യുവതിയ്ക്കെതിരെ അസഭ്യവർഷവും ഭീഷണികളുമായി രംഗത്തെത്തി. 

 

വിഡിയോ പിൻവലിച്ച് മാപ്പു പറയണമെന്ന് പെൺകുട്ടിയോട് സൈബർ ബുള്ളേഴ്സ് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വിസമ്മതിച്ചു. തുടർന്ന്, മാസ് റിപ്പോർട്ട് ചെയ്ത് വിവാദ വിഡിയോ പേജിൽ നിന്ന് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. എന്നാൽ, ആരാധകരുടെ രോഷം അവിടെ അവസാനിച്ചില്ല. പെൺകുട്ടിയുടെ വിഡിയോ സഹിതം പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെ ഇവർ സമീപിച്ചു. യുവതിക്കെതിരെ ഒട്ടേറെ പരാതികൾ വന്നതോടെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതമാവുകയായിരുന്നു. 

 

നടപടിക്രമങ്ങളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസ് മാത്രമേ പെൺകുട്ടിക്കുള്ളൂ എന്ന് കണ്ടെത്തിയത്. അങ്ങനെ, ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെൽമറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ 20,500 രൂപ പിഴ ചുമത്തിയത്. 

 

യുവതിയുടെ പേജിൽ ഇപ്പോഴും ഇവർക്കെതിരെ അസഭ്യവർഷം സജീവമാണ്. അതേസമയം, പെൺകുട്ടിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

 

'മോട്ടോർ വാഹന നിയമങ്ങളുടെ പരസ്യമായ ലംഘനം പ്രകടമാകുന്ന ആണുങ്ങളുടെ പതിനായിരക്കണക്കിന് വിഡിയോകൾ സമൂഹമാധ്യമത്തിൽ പാറി നടക്കുമ്പോൾ ഒരു പെൺകുട്ടി മാത്രം എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നു' എന്ന ചോദ്യമാണ് യുവതിയെ പിന്തുണയ്ക്കുന്നവർ ഉയർത്തുന്നത്. 'മോട്ടോർ വാഹന വകുപ്പിന്റെ നടപടി കണ്ടാൽ തോന്നുക ഈ നാട്ടിൽ പെണ്ണുങ്ങൾ മാത്രമെ ഹെൽമറ്റ് ഇടാതെ വണ്ടി ഓടിക്കുന്നുള്ളൂ' എന്നാണെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com