ADVERTISEMENT

സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു.  30 വർഷമായി സിനിമയോടൊപ്പം സഞ്ചരിക്കുന്ന നന്ദു സിനിമയിലെ പലതരം പരീക്ഷണങ്ങൾക്കും പ്രതിസന്ധികൾക്കുമൊക്കെ സാക്ഷിയാണ്.  സിനിമയെ നെഞ്ചോടു ചേർക്കുന്നതിനൊപ്പം ഇന്ന് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള വേദനയും ആശങ്കകളും ഈ പച്ചയായ മനുഷ്യൻ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു...

 

അഭിനയത്തിലേക്കുള്ള വഴി?

 

സർവകലാശാല ആണ് ഞാൻ ആദ്യമായി അഭിനയിച്ചതായി  കരുതപ്പെടുന്ന സിനിമ. എന്നാൽ ഞാൻ ആദ്യമായി മുഖം കാണിച്ച സിനിമ മറ്റൊന്നായിരുന്നു.  ഞാൻ അഭിനയിക്കാൻ പോയതൊന്നും അല്ല, ഭീമൻ രഘുച്ചേട്ടൻ വിളിച്ചിട്ടു ഒരു ഷൂട്ടിങ് കാണാൻ പോയതാണ്.  ഒരു ബാറിൽ ഇരിക്കുന്ന സീൻ ഉണ്ട്, അതിലാണ് ആദ്യമായി മുഖം കാണിച്ചത്, പക്ഷേ ഞാനും അത് ആദ്യത്തെ അഭിനയം എന്ന് കണക്കാക്കിയിട്ടില്ല.  എന്റെ കുടുംബ സുഹൃത്തും അയൽവാസിയും ഒക്കെയായ വേണു നാഗവള്ളി ചേട്ടനാണ് എന്നെ സർവകലാശാലയിൽ അഭിനയിക്കാൻ വിളിച്ചത്.  അങ്ങനെ രണ്ടുമൂന്നു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ, ഏയ് ഓട്ടോ സിനിമയിൽ വേണു ചേട്ടൻ എന്നെ അസിസ്റ്റന്റ് ഡയറക്ടർ ആക്കി. അങ്ങനെയാണ് സിനിമയിലേക്കുള്ള വരവ്.  

 

സംതൃപ്തി തന്ന കഥാപാത്രം??

 

ഇത്രയും സിനിമയിൽ അഭിനയിച്ചെങ്കിലും എനിക്ക് തൃപ്തി തരുന്ന ഒരു വേഷം കിട്ടാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു.  കൂടുതൽ സിനിമകളിലും ഞാൻ ഒരു കോമാളിത്തരം കാണിക്കുന്ന പോലെയുള്ള വേഷങ്ങൾ ആയിരുന്നു ചെയ്തത്. അതൊന്നും അഭിനയമാണെന്നു പോലും ഞാൻ കരുതുന്നില്ല    ഒരു നല്ല വേഷം ആദ്യമായി കിട്ടിയത് അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ നാല് പെണ്ണുങ്ങളിലാണ്.  അതിലാണ് ഞാൻ ആദ്യമായി സീരിയസ് ആയി അഭിനയിച്ചത്.  ബാക്കി അഭിനയിച്ച സിനിമകളിൽ എല്ലാം തമാശ കാണിച്ചു മിന്നി മറയുന്ന കഥാപാത്രങ്ങളായിരുന്നു.  

 

എനിക്കിപ്പോഴും ഓർമ്മയുണ്ട് ‘വിഷ്ണു’ എന്ന സിനിമയിൽ കരഞ്ഞു അഭിനയിക്കാൻ പറഞ്ഞപ്പോൾ എനിക്ക് കരയാൻ അറിയില്ല, കരയാൻ പറ്റുന്നില്ല.  മമ്മൂക്കയോട് 'ഈശ്വരൻ നിങ്ങളെ വെറുതെ വിടും' എന്ന് കരഞ്ഞു പറയുന്ന സീൻ ആണ്.  മമ്മൂക്ക എഴുന്നേറ്റു വന്നു പറഞ്ഞു, ഞാൻ ക്യാമറയുടെ സൈഡിൽ നിന്ന്  കാണിച്ചു തരാം നീ അതുപോലെ അങ്ങ് ചെയ്യൂ എന്ന്, എന്നിട്ടു അദ്ദേഹം ക്യാമറയുടെ സൈഡിൽ പോയി നിന്ന് എന്റെ ഡയലോഗ് പറഞ്ഞു ഗ്ലിസറിൻ ഇടാതെ കരഞ്ഞു.  ഞാൻ അന്തം വിട്ടു പോയി, ഞാൻ ആദ്യമായാണ് ഒരാൾ ഗ്ലിസറിൻ ഇടാതെ വെറുതെ കരയുന്നതു കാണുന്നത്, അതും മറ്റൊരാളെ പഠിപ്പിക്കാനായി.  അത് എനിക്കൊരു പാഠമായിരുന്നു.  അങ്ങനെ സംതൃപ്തി കിട്ടാത്ത ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു.  അടൂർ സാറിന്റെ പടം കഴിഞ്ഞാണ് ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടിയത്.  ആ സിനിമ കണ്ടിട്ടാണ് രഞ്ജിയേട്ടൻ ‘തിരക്കഥ’യ്ക്ക് വിളിച്ചത്, പിന്നീട് സ്പിരിറ്റിലേക്ക് കാസ്റ്റ് ചെയ്തത് , അനൂപ് മേനോന്റെ ഒട്ടുമിക്ക സിനിമകളിലും അഭിനയിക്കാൻ വിളിച്ചതും ഒക്കെ.

 

സിനിമയിലെ സർഗ്ഗപ്രതിഭകളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിനെക്കുറിച്ച്??

 

അടൂർഭാസി സാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം അഭിനയിക്കുമ്പോൾ ആ ഫ്രെയ്മിൽ കൂടെ നിന്നു, എന്നല്ലാതെ ഡയലോഗ് ഒന്നുമില്ലായിരുന്നു,. പിന്നെ സുകുമാരൻ സാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു , ആ കാലഘട്ടത്തിലെ ഒരുപാടു ആർട്ടിസ്റ്റുകളുടെ അഭിനയം കണ്ടു പഠിക്കാൻ പറ്റി.  അമ്പിളിച്ചേട്ടൻ, മാളച്ചേട്ടൻ പപ്പുച്ചേട്ടൻ, അവരോടൊപ്പം കുറെ സിനിമകൾ ചെയ്തു.  ലാലേട്ടൻ മമ്മൂക്ക, സുരേഷ് ഗോപി ചേട്ടൻ, റഹ്മാൻ, ആ ഒരു കാലഘട്ടവും ഞാൻ കണ്ടു.  പിന്നെ കുഞ്ചാക്കോ അനൂപ്, പൃഥ്വിരാജ്, വീണ്ടും പുതിയ  കാലഘട്ടത്തിൽ അമിത്ത്, സിജു വിൽസൺ, അങ്ങനെ ഒരുപാട് താരങ്ങളെയും അവരുടെ അഭിനയ പാടവവും കാണാൻ കഴിഞ്ഞു.

 

വ്യത്യസ്തമായ അഭിനയ രീതികൾ ഒരു സ്കൂളിൽ എന്ന പോലെ പഠിക്കാൻ കഴിഞ്ഞു.  ലാലേട്ടനും മമ്മൂക്കയും അമ്പിളിച്ചേട്ടനുമൊക്കെ അഭിനയിക്കുമ്പോ കുറച്ചു നേരം നമ്മൾ പരിസരം മറന്നുപോകും .  അവരുടെ അഭിനയത്തിൽ മുഴുകി ഇരുന്നുപോകും.  ഇപ്പോഴത്തെ ജനറേഷനിൽ എനിക്ക് ഒരുപാട് ഇഷ്ടമായത് സൗബിന്റെ അഭിനയമാണ്.  അദ്ദേഹം കഥാപാത്രമായി ജീവിക്കുകയാണ്.  സ്ട്രീറ്റ് ലൈറ്റ് എന്ന സിനിമയിൽ ഞാൻ സൗബിനോടൊപ്പം അഭിനയിച്ചു.  വളരെ സ്വാഭാവികമായി പെരുമാറുന്ന സൗബിൻ.  നമ്മൾ സാധാരണ ജീവിതത്തിൽ പെരുമാറുന്നതുപോലെയാണ് വേണ്ടത് ഇപ്പോഴത്തെ  സിനിമകൾ കൂടുതൽ അങ്ങനെയാണ്.  തമിഴിലും ഹിന്ദിയിലും ഇംഗ്ലിഷ് സിനിമയിൽ വരെ അഭിനയിക്കാൻ സാധിച്ചു.  കുറെ വർഷമായി ഒരു വലിയ സ്കൂളിൽ പഠിച്ചു വരുന്ന ഒരു അനുഭവമാണ് എനിക്കുള്ളത്.

 

ആദ്യമായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രം??

 

അത് അടൂർ സാറിന്റെ നാല് പെണ്ണുങ്ങളിലെ കഥാപാത്രം തന്നെയാണ്.  സ്പിരിറ്റിലേക്ക് കൊണ്ടെത്തിച്ചത് തന്നെ ആ  കഥാപാത്രമാണ്.  അതിൽ അഭിനയിച്ചത് കാരണമാണ് എനിക്കിപ്പോ എന്തെങ്കിലും ചെയ്തതായി തോന്നുന്നത് തന്നെ.  അതിലെ അനുഭവങ്ങൾ ഒരുപാടാണ്.  എല്ലാവരും കരുതുന്നതുപോലെ അടൂർ സാർ അത്ര  സീരിയസ് ആയ ആളല്ല.  വളരെയധികം ഹ്യൂമർ സെൻസ് ഉള്ള , ഒരുപാടു തമാശകൾ പറയുന്ന, തമാശകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് അദ്ദേഹം.  ആ സിനിമയിൽ ഒരു ചോറ് ഉണ്ണുന്ന സീൻ ഉണ്ട്.  രാത്രി ആയിരുന്നു ഷൂട്ട്.  അടൂർ സാർ പറഞ്ഞു ‘നന്ദു വൈകിട്ട് ചായ ഒന്നും കുടിക്കേണ്ട നമുക്ക് രാത്രി ഷൂട്ട് ഉണ്ട്’.  ഞാൻ അങ്ങനെ ഒന്നും കഴിച്ചില്ല.  ഏഴ് മണിക്കായിരുന്നു ഷൂട്ട്.  

 

ആഹാരം ആർത്തിയോടെ കഴിക്കുന്ന ഒരു സീൻ ആണ്.  ആ സീനിൽ കാണിച്ച ആഹാരം ഫുൾ ഞാൻ കഴിച്ചത് തന്നെയാണ്.  ഇപ്പോഴും എല്ലാവരും ചോദിക്കും ആ സീനിനെക്കുറിച്ച്.  അതിന്റെ ഡബ്ബിങ് സമയത്തും വീണ്ടും അതുപോലെ ചോറ് കഴിക്കേണ്ടി വന്നു.  അതുപോലെ സൗണ്ട് എഫ്ഫക്റ്റ് കിട്ടാൻ വേണ്ടി, ഞാൻ ചെന്നപ്പോൾ ചിത്രാഞ്ജലിയുടെ ഫ്ലോറിൽ ഇലയൊക്കെ ഇട്ടു ചോറ് വിളമ്പി വച്ചേക്കുവാണ്, ചോറ്, സാമ്പാറ്  പപ്പടം, രണ്ടു മത്തി വറുത്തത് എല്ലാം ഉണ്ടായിരുന്നു.  

 

സൗണ്ട് എൻജിനീയർ ഹരിച്ചേട്ടൻ കമന്റിട്ടടിച്ചു "ഈ സ്റ്റുഡിയോയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇരുന്നു ആഹാരം കഴിക്കുന്നത്, ഇവിടെ ഇരുന്നു ചായപോലും ആരും കുടിക്കാറില്ല".  ഞാൻ അവിടെ കഴിക്കാൻ ഇരുന്നു.  ചോറിൽ കൈ വച്ചപ്പോഴേ അടൂർ സാർ പറഞ്ഞു ഇപ്പൊ കഴിക്കാൻ പറ്റില്ല, ഈ ഫ്ലോറിൽ തടിയാണ് ഇട്ടിരിക്കുന്നത്, അപ്പൊ കൈ വയ്ക്കുമ്പോൾ കിട്ടുന്ന സൗണ്ട് 'ഡും' എന്നാണു, ഒരിക്കലും തറയിൽ തൊടുമ്പോ 'ഡും'  എന്ന സൗണ്ട് കേൾക്കില്ല എന്ന്.  പിന്നെ ഫ്ലോർ ഒക്കെ മാറ്റി, സിമന്റ് തറയിൽ ഇലയിട്ടാണ്  കഴിച്ചത്, സ്ക്രീനിൽ നോക്കി അതെ സീക്വൻസിൽ ആണ് കഴിച്ചത്.  അത്രയ്ക്ക് പെർഫെക്‌ഷൻ നോക്കുന്ന  സംവിധായകൻ ആണ് അദ്ദേഹം.  

 

അതിന്റെ സെൻസറിങ് നടക്കുന്ന സമയത്തു സെൻസർ ബോർഡ് മെമ്പർ എന്നെ  വിളിച്ചു പറഞ്ഞു, നന്ദുവിന്റെ കഥാപാത്രം കണ്ടു ഇരുന്നു സെൻസർ ചെയ്യാൻ വലിയ പാടായിരുന്നു, സെൻസർ ഓഫീസർ പറഞ്ഞു നമുക്ക് ബ്രേക്ക് എടുത്തു ഊണ് കഴിച്ചിട്ട് ബാക്കി കാണാം, ഇയാൾ തിന്നുന്നത് കണ്ടിട്ട് കൊതി വന്നു പണ്ടാരമടങ്ങിപ്പോയി എന്ന്.  ഈ സീക്വൻസ് വരുമ്പോഴേ വിശക്കും എന്ന് പറഞ്ഞ ഒരുപാട് ആൾക്കാർ ഉണ്ട്.  ആ സിനിമ ഒരു വലിയ അനുഭവം ആയിരുന്നു.      

 

വഴിത്തിരിവായത്

 

എന്റെ ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രം സ്പിരിറ്റ് സിനിമയിലേത് ആയിരുന്നു.  അടൂർ സാർ തിരികൊളുത്തിയ റോക്കറ്റ് ഉയർന്നുപൊങ്ങിയത് രഞ്ജിയേട്ടന്റെ സ്പിരിറ്റിലെ കഥാപാത്രത്തിലൂടെയാണ്.   എല്ലാരും ചോദിച്ചു ഇതൊരു രണ്ടാം വരാവണോ എന്ന്, ഞാൻ പറഞ്ഞു ഇത് രണ്ടാം വരവൊന്നുമല്ല ഇതാണ് ആദ്യത്തെ വരവ്, ഇതാണെന്റെ തുടക്കം എന്ന്.  ആ സിനിമയിൽ ആണ് സാമ്പത്തികമായി അൽപ്പമെങ്കിലും കൈയിൽ വന്നതും മിച്ചം പിടിക്കാൻ കഴിഞ്ഞതും .  

 

സ്പിരിറ്റിൽ ഒരുപാട് അനുഭവങ്ങളുണ്ട്. ശങ്കർ രാമകൃഷ്ണൻ ആണ് വിളിച്ചത് എന്നിട്ടു രഞ്ജിയേട്ടന്റെ കയ്യിൽ ഫോൺ കൊടുത്തു, രഞ്ജിയേട്ടൻ പറഞ്ഞു, ‘ നന്ദു ഇത് ചെയ്യണം ഒരു  കള്ളുകുടിയന്റെ വേഷമാണ്, നന്നായി അഭിനയിച്ചാൽ ഇതോടെ നിന്റെ ലൈഫ് ചേഞ്ച് ആകും, മോശമായി ചെയ്താൽ ഈ സിനിമ തന്നെ ഫ്ലോപ്പ് ആകും” എന്ന്, അദ്ദേഹം പറഞ്ഞത് വള്ളിപുള്ളി തെറ്റാതെ ചെയ്തു, അത് നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.  അഭിനയിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത സംതൃപ്തി തോന്നി ഒരുപാടു ആൾക്കാർ അഭിനന്ദിച്ചു.  

 

സിനിമ കഴിഞ്ഞു ഏഴെട്ടു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഒരു ദിവസം ഒരാളെങ്കിലും പറയും സ്പിരിറ്റിലെ വേഷം നല്ലതായിരുന്നു എന്ന്.  സിനിമ പ്രിവ്യു ചെയ്തത് ചെന്നൈയിൽ ആയിരുന്നു അവിടെ നിന്ന് പ്രിയൻ ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, എടാ ഈ സിനിമ റിലീസ് ചെയ്യുന്നതിന്റെ അന്ന്  നിന്റെ ലൈഫ് ചേഞ്ച് ആകും എന്ന്.  ആ സിനിമക്ക് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് കിട്ടി, ഖത്തറിൽ ഒരു ഷോയിൽ ഒരു സ്പെഷൽ അവാർഡ് തന്നു, ജയ് ഹിന്ദ് ടി വി ഒരു അവാർഡ് തന്നു, പക്ഷേ ആ മൂന്നു അവാർഡിനേക്കാൾ മൂന്നു കോടി വിലമതിക്കുന്നതാണ് പ്രേക്ഷകർ തന്ന അംഗീകാരം.  

 

ജഗതി ജങ്ഷനിൽ വച്ച് ഞാൻ ഒരിക്കൽ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോൾ ഒരു മനുഷ്യൻ സ്കൂട്ടർ അടുത്ത് കൊണ്ട് നിർത്തിയിട്ടു പറഞ്ഞു, “സ്പിരിറ്റ് ഞാൻ കണ്ടു, അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യൻ ചെയ്തത് കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിലെ നിങ്ങളുടെ അഭിനയം ആണ്” എന്ന് പറഞ്ഞിട്ട് അദ്ദേഹം സ്കൂട്ടർ ഓടിച്ചു പോയി, ആ മുഖം പോലും  ഓർത്തു വയ്ക്കാൻ കഴിഞ്ഞില്ല.  ഞാൻ രണ്ടു മിനിറ്റ് അനങ്ങാതെ നിന്നുപോയി, മലയാളം കണ്ട ഏറ്റവും വലിയ നടനോടാണ് അദ്ദേഹം എന്നെ ഉപമിച്ചത്, എനിക്ക് നടക്കാൻ പോലും  പറ്റാതെ സ്തംഭിച്ചുപോയി, ഒരു ഓസ്കർ അവാർഡ് കിട്ടിയ ഫീൽ ആയിരുന്നു.  ജനങ്ങൾ ഇഷ്ടപ്പെടുന്നതും നന്നായിരുന്നു എന്ന് പറയുന്നതുമാണ് ഞാൻ ഏറ്റവും വലിയ അവാർഡ് ആയി കാണുന്നത്  

 

അപ്പോൾ അവാർഡിനോട് താല്പര്യം ഇല്ല എന്നാണോ?

 

അങ്ങനെ അല്ല അവാർഡ് കിട്ടിയാൽ സന്തോഷം എന്നെ ഉള്ളൂ, കിട്ടിയില്ല ഏന്ന്  കരുതി ദുഃഖമില്ല , പ്രേക്ഷകരുടെ അംഗീകാരമാണ് വിലപിടിച്ചത്.  ഒരിക്കൽ കളിയച്ഛൻ എന്ന സിനിമയിൽ മനോജിന് ബെസ്റ്റ് ആക്ടർ എന്ന ടൈറ്റിലിൽ സെലക്ട് ചെയ്തു ആ സമയത്തു എന്നെയാണ് സപ്പോർട്ടിങ് ആക്ടർ അവാർഡിന് പരിഗണിച്ചത്.  പക്ഷേ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മനോജിന് സപ്പോർട്ടിങ് ആക്ടർ അവാർഡ് ആണ് കിട്ടിയത്.  അദ്ദേഹം അസാമാന്യമായ അഭിനയമാണ് അതിൽ കാഴ്ചവച്ചത്.  മറ്റാർക്കോ ആണ് അന്ന് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയത്.  അതൊക്കെ എങ്ങനെ  മാറി മറിയുന്നതെന്ന് എന്നറിയില്ല.  

 

മറ്റൊരിക്കൽ ഐ.വി. ശശി ചേട്ടൻ  പറഞ്ഞു “നിനക്ക് അന്ന് അവാർഡ് കിട്ടിയില്ല അല്ലെ, സാരമില്ല നിന്റെ സമയം വരുന്നതേ ഉള്ളൂ, നിനക്കിനി നിറച്ച് അവാർഡുകളൊക്കെ കിട്ടും”, പിന്നെ അദ്ദേഹം പറഞ്ഞു  “വേണമെങ്കിൽ നിനക്ക് ഒരു സ്പെഷൽ ജൂറി അവാർഡ് അന്ന് തരാമായിരുന്നു”, അത് കേട്ടപ്പോ ഞാൻ പറഞ്ഞു “ചേട്ടൻ ഇത് പറഞ്ഞപ്പോ എനിക്ക് വിഷമമായി, അന്ന് അത് കിട്ടിയെങ്കിൽ എനിക്കൊരു പ്രചോദനമായേനെ” എന്ന്.  കഴിഞ്ഞ വർഷവും ഇന്ദ്രൻസും ഞാനും ഒരുമിച്ചു അവാർഡിനു സെലക്ട് ചെയ്യപ്പെട്ടത്, മീഡിയക്കാർ എന്നെ വിളിച്ചു ചോദിച്ചപ്പോ ഞാൻ പറഞ്ഞു കുമാരപുരത്ത് ഇന്ദ്രൻസ് അണ്ണന്റെ അടുത്ത് ചെന്നാൽ മതി അദ്ദേഹത്തിനായിരിക്കും അവാർഡ്, എന്നിട്ട് ഞാൻ ഇന്ദ്രൻസ് അണ്ണനെ വിളിച്ചു പറഞ്ഞു “അണ്ണാ നിങ്ങൾക്കു തന്നെ അവാർഡ്”, കാരണം അദ്ദേഹം അതിൽ അസാധ്യമായി അഭിനയിച്ചിരുന്നു.  അന്ന് അദ്ദേഹത്തിനാണ് അവാർഡ് കിട്ടിയത്.   ഈ അവാർഡുകൾ വീട്ടിൽ കൊണ്ട് വച്ചിട്ട് ഒന്നും നേടാനില്ല, കുറച്ചു നല്ല വേഷങ്ങൾ ചെയ്യുക ജനങ്ങൾ സ്വീകരിക്കുക.  അവർ തരുന്ന അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ്.  അതാണ് എന്റെ സന്തോഷം.

 

അന്യഭാഷാ ചിത്രങ്ങൾ?

 

മലയാളം അല്ലാതെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചു.  തമിഴിൽ ആദ്യം പാണ്ടി രാജിന്റെ കൂടെ നീലക്കുയിൽ എന്ന സിനിമയിൽ ആയിരുന്നു.  നല്ലൊരു വേഷമായിരുന്നു, പിന്നെ പ്രിയൻ ചേട്ടന്റെ ലേസ ലേസ., പ്രഭുവിനോടൊപ്പം ഒരു സിനിമ ചെയ്തു പക്ഷേ അത് പൂർത്തിയായില്ല.  പിന്നെ പ്രിയൻ ചേട്ടന്റെ ഹിന്ദി സിനിമകളിൽ അഭിനയിച്ചു.  ഹങ്കാമ എന്ന സിനിമയിലേതായിരുന്നു ഏറ്റവും നല്ല വേഷം ഹങ്കാമ 2 ലും അഭിനയിച്ചു.  

 

പിന്നെ അനിൽ കപൂർ, ജാക്കി ഷ്റോഫ് , അമരീഷ് പുരി ഇവരോടൊപ്പമൊക്കെ അഭിനയിക്കാൻ സാധിച്ചു.  അമരീഷ് പൂരിയോടൊപ്പം മൂന്നു സിനിമകൾ പരേഷ് റാവലിനോടൊപ്പം അഭിനയിച്ചു, ഒരു പരസ്യ സിനിമയിലും അദ്ദേഹത്തോടൊപ്പം ചെയ്തു.  ഇപ്പോഴും അദ്ദേഹം വലിയ സ്നേഹമാണ്, രാജ് പാൽ യാദവ് നല്ല സൗഹൃദമാണ്.  ഇതെല്ലാം വലിയ അനുഭവങ്ങളാണ്.  ഫുൾ ഹോളിവുഡ് ക്രൂ ചെയ്ത രണ്ടു മലയാളം സിനിമകൾ, ന്യൂ ഒർലാൻഡ്സിലാണ് മൺസൂൺ മാങ്കോ ഷൂട്ട് ചെയ്തത്.  രണം അറ്റ്ലാന്റയിലും ഡിട്രോയിറ്റിലുമാണ് ഷൂട്ട് ചെയ്തതത്.   അവരുടെ രീതികളൊക്കെ കണ്ടു പഠിക്കുക എന്നതൊക്കെ വലിയ കാര്യങ്ങളാണ്, വളരെ കൃത്യത ഉള്ളവരാണ് അവരൊക്കെ.  കാൾ ഷീറ്റ് എന്നത് ഞാൻ അവിടെ ചെന്നിട്ടാണ് കണ്ടത്, തലേ ദിവസം തന്നെ ഫുൾ കാൾ ഷീറ്റ് അവിടെ കിട്ടും അന്നത്തെ ക്ളൈമറ്റ്, എത്ര മണിക്ക് ഷൂട്ട് ചെയ്യും, എത്ര മണിക്ക് സ്റ്റോപ്പ് ചെയ്യും എല്ലാം കാൾ ഷീറ്റിൽ ഉണ്ടാകും, എല്ലാം അതുപോലെ നടപ്പിലാക്കുകയും ചെയ്യും.  അവർ അത്ര സിസ്റ്റമാറ്റിക് ആണ്.       

 

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പ്?

 

ഒരു കഥാപാത്രം ചെയ്യാനായി തയ്യാറെടുക്കുന്ന ഒരുപാടുപേരെ കണ്ടിട്ടിട്ടുണ്ട്.  ഫിസിക്കൽ തയാറെടുപ്പുകൾ ചെയ്യാറുണ്ട്.  സ്പിരിറ്റിനായി താടിയും മുടിയും വളർത്തി, ഒഴിമുറിക്കായി മെലിയാൻ പറഞ്ഞു മധുപാൽ, അങ്ങനെ മെലിഞ്ഞു.  അങ്ങനെയൊക്കെ തയ്യാറെടുപ്പുകൾ ചെയ്യാറുണ്ട്.  പക്ഷേ അഭിനയിക്കാനായി തയ്യാറെടുപ്പുകൾ ചെയ്യാറില്ല.  ഹിന്ദിയിലൊക്കെ അങ്ങനെ ആക്ടേർസ് ചെയ്തതായി കേട്ടിട്ടുണ്ട്, പിച്ചക്കാരനായി ചെയ്യാൻ അവരോടൊപ്പം പോയി ജീവിക്കുക, ടാക്സിക്കാരനാകാൻ ഡ്രൈവേഴ്സ്നോടൊപ്പം പോയി താമസിക്കുക അങ്ങനെ ഒക്കെ കേട്ടിട്ടുണ്ട്.  പക്ഷേ ഞാൻ അങ്ങനെ ചെയ്യാറില്ല.  

 

സ്പിരിറ്റിലെ കഥാപാത്രം ചെയ്യാൻ എടുത്ത തയ്യാറെടുപ്പു എന്താണെന്നു ഒരിക്കൽ ഒരു അഭിമുഖത്തിൽ  ചോദിച്ചു, ‘കുറെ വർഷമായി ഈ പ്രിപ്പറേഷൻ ഞാൻ  ചെയ്യാറുള്ളതാണ്’ എന്ന് മറുപടിയായി പറഞ്ഞു. 'അയ്യോ ഇതൊക്കെ ടെലികാസ്റ്റ്  ചെയ്യും' എന്നായി അവതാരകന്റെ ആശങ്ക. ഞാൻ പറഞ്ഞു ' ടെലികാസ്റ്റ്  ചെയ്താൽ എന്താ, വെള്ളമടിക്കുന്നത്  എന്റെ ഇഷ്ടമല്ലേ, വല്ലവരുടേം കാശ് കൊണ്ടല്ലല്ലോ ഞാൻ മദ്യപിക്കുന്നത്, ചെയ്യുന്നത് പറഞ്ഞെന്നു കരുതി എന്താണ്' എന്ന്.  

 

നമ്മൾ അഭിനയിക്കാൻ ചെല്ലുമ്പോൾ ആ സമയത്തു മനസിനകത്തു തയ്യാറെടുക്കും, ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന്, അല്ലാതെ മുൻകൂട്ടി തയ്യാറെടുക്കാറില്ല.  ലാലേട്ടൻ ഒരു ഇന്റർവ്യൂൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഒരു സിനിമയിൽ അഭിനയിക്കുമ്പോ ആ കഥാപാത്രമാവുക, അത് അവിടെ ഉപേക്ഷിക്കുക അടുത്ത സിനിമയിൽ അഭിനയിക്കുമ്പോ ആ കഥാപാത്രമാവുക.  

 

അമ്പിളി ചേട്ടൻ, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട് ഇവരൊക്കെ ഒരുപാടു സിനിമകൾ ഒരേ സമയത്ത് ചെയ്തുകൊണ്ടിരുന്നവർ ആണ്. മൂന്നു സിനിമയൊക്കെ  ഒരേ സമയത്ത് ഷൂട്ട് ചെയ്യാറുണ്ടായിരുന്നു , രാവിലെ ഒരു കഥാപാത്രം, ഉച്ചക്ക് വേറൊരു കഥാപാത്രം, വൈകിട്ട് മറ്റൊരു കഥാപാത്രം,ൃ.   ഒരു കഥാപാത്രം തയ്യാറാക്കി മനസിൽ വച്ചാൽ ഇങ്ങനെ ചെയ്യാൻ പറ്റില്ല. 

 

സംവിധായകൻ ആകണം എന്നാഗ്രഹിച്ചിരുന്നു, ഇനി ചെയ്യാൻ താല്പര്യം ഉണ്ടോ?

 

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഒരു ആഗ്രഹം ഇടയ്ക്കിടെ പൊങ്ങി വരും. ഒരിക്കൽ ഒരു സുഹൃത്ത് ഒരു കഥ പറഞ്ഞു, ഞാൻ സംവിധാനം ചെയ്യാം എന്ന് തീരുമാനിച്ചു, അഭിനേതാക്കൾ, ലൊക്കേഷൻ, പ്രൊഡ്യൂസർ എല്ലാം റെഡി ആയി.  പക്ഷേ എല്ലാം റെഡി ആയപ്പോ പുള്ളിക്ക് ഒരു ആഗ്രഹം പുള്ളി തന്നെ ഡയറക്റ്റ് ചെയ്യാം എന്ന് , എന്നാൽ ചെയ്തോളു എന്ന് ഞാൻ പറഞ്ഞു.  അങ്ങനെ അത് വിട്ടു.  അത് ഒരുപാടു വർഷങ്ങൾക്ക് മുൻപു നടന്ന സംഭവമാണ്.  പിന്നെ ഞാൻ ശ്രമിച്ചിട്ടില്ല.  

 

ഇന്നിപ്പോ ടെക്നോളജി മാറി, കാമറ, ലൈറ്റിങ്, ലെൻസ്, ഫിൽറ്റർ അങ്ങനെ എല്ലാം മാറി.  എല്ലാം നമുക്ക് ചോദിച്ചു മനസ്സിലാക്കേണ്ടി വരും, അങ്ങനെ വരുമ്പോ നമുക്കിനി ചെയ്യാൻ ബുദ്ധിമുട്ടാണ്, കാലം മാറി നമ്മൾ അതിനനുസരിച്ച് മാറേണ്ടെ.  ഒരുപാടു നല്ല സംവിധായകർ ഉണ്ട് പുതിയ തലമുറയിൽ, അതിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി.  അങ്ങനെ ഉള്ളവർ ഒക്കെ ഉള്ളപ്പോ എന്തിനു നമ്മൾ വെറുതെ പ്രൊഡ്യൂസറുടെ പൈസ കളയാൻ പരീക്ഷണം നടത്തുന്നത്, സ്വന്തം ക്യാഷ് ആണെങ്കിൽ ഓക്കേ, വിജയിച്ചില്ലെങ്കിൽ എന്നും അതൊരു പഴിയും കുറ്റബോധവും ആയിരിക്കും.  രണ്ടു വള്ളത്തിൽ കാലു ചവിട്ടിയാൽ, രണ്ടു വള്ളവും അകന്നു പോകും നമ്മൾ മൂടിടിച്ചു വെള്ളത്തിൽ വീഴും, അറിയാവുന്ന പണി ചെയ്യുക . തല്ക്കാലം സംവിധാനം ചെയ്യാനൊന്നും മുതിരുന്നില്ല .  ഇതിനിടെ ഞാൻ ഒരു സിനിമയുടെ ചെറിയ ഭാഗം ചെയ്തിട്ടുണ്ട്, അതിന്റെ സംവിധായകനു സുഖമില്ലാതായപ്പോ, 21 ദിവസത്തെ ഷൂട്ട് ഞാൻ ആണ് ചെയ്തത്, അപ്പൊ ഡയറക്റ്റ് ചെയ്തോ എന്ന് ചോദിച്ചാൽ ചെയ്തു, ചെയ്തില്ലേ എന്ന് ചോദിച്ചാൽ ഇല്ല.

 

പുതിയ സിനിമകൾ ?

 

അഞ്ചാറു സിനിമകൾ ഇറങ്ങാനുണ്ട്, അനൂപിന്റെ കിംഗ് ഫിഷ് എന്ന ഒരു സിനിമ, മമ്മൂക്കയുടെ വൺ അതിൽ ചെറുതെങ്കിലും  പ്രസക്തമായ റോൾ, ‘കർണ്ണൻ നെപ്പോളിയൻ ഭഗത്സിങ്’ എന്ന സിനിമ, പിന്നെ പേരിടാത്ത ചില ചിത്രങ്ങൾ, ഷൂട്ടിങ് പലതിന്റെയും തീർന്നിട്ടില്ല.  ലോക്ഡൗനിണ് തൊട്ടുമുൻപ് റിലീസ് ചെയ്യാൻ ഇരുന്ന സിനിമയാണ് 'മരക്കാർ'.  അതിൽ തെറ്റില്ലാത്ത ഒരു വേഷം ചെയ്തിട്ടുണ്ട്.  

 

അതിന്റെ പ്രതീക്ഷയിൽ  ആവേശം കൊണ്ട് ഇരുന്നപ്പോഴാണ് ഈ ഭൂലോകമാകെ ഇളക്കി മറിച്ച ഒരു ‘കുഞ്ഞൻ സാധനം; നമ്മുടെ മുന്നിൽ വന്നത്. സോപ്പിട്ടാൽ ചത്ത് പോകുന്ന സാധനം, കൊറോണ, പക്ഷേ അത് എത്ര പേരെ കൊന്നു, എന്ത്മാത്രം നാശം ഉണ്ടാക്കി എന്ന് അറിയില്ലേ.  'മരക്കാർ' ആണ് പ്രതീക്ഷിച്ചിരുന്ന ഒരു സിനിമ അത് എന്ന് റിലീസ് ചെയ്യുമെന്ന് ഒരു പിടിയുമില്ല,  ഒട്ടുമിക്ക തൊഴിൽ ചെയ്തു ജീവിക്കുന്നവരും വീണ്ടും ജോലി ചെയ്തു തുടങ്ങി, പക്ഷേ സിനിമ മാത്രം അങ്ങനല്ല. 

 

ഒരു പുതിയ സിനിമയിൽ എന്ന് അഭിനയിക്കും എന്നും അറിയില്ല.  ലൈറ്റ് ബോയ് മുതൽ ചെറിയ ജോലി ചെയ്യുന്ന ഒരുപാടുപേരുണ്ട്, സിനിമയെ ആശ്രയിച്ചു ജീവിക്കുന്നവർ.  സിനിമാക്കാരുടെ കൈയിൽ കാശ് ഉണ്ടെന്നാണ് പൊതുവായ ധാരണ.  സിനിമാക്കാരിൽ എത്രപേരുടെ കൈയിൽ കാശുണ്ട് ഒരു 15% ആളുടെ കൈയിൽ കാശ് കാണും, പക്ഷെ അവർക്കും ചിലവുകളും പ്രതിസന്ധിയും ഉണ്ട്.  85% ആളുകളും എങ്ങനെ ജീവിക്കുന്നു എന്ന് ഒരു പിടിയും ഇല്ല.  അവർക്ക് മറ്റൊരു പണിയും അറിയില്ല.  അതൊക്കെ ആലോചിക്കുമ്പോൾ വലിയ വിഷമം ഉണ്ട്.  ഒരു വർക്ക് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല എല്ലാവര്ക്കും പിടിച്ചു നില്ക്കാൻ വേണ്ടിയാണു,.    ഈ മേഘാവൃതമായ അന്തരീക്ഷം മാറി നല്ല രസകരമായ തെളിഞ്ഞ ആകാശം വന്നതിനു ശേഷം നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കാം.  എല്ലാവർക്കും നല്ലതു വരാനായി പ്രാർത്ഥിക്കാം.  നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ സിനിമാക്കാർക്ക് വേണ്ടി കൂടി  പ്രാർത്ഥിക്കുക, കാരണം ഞങ്ങളിലും കഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്.  എല്ലാവർക്കും നല്ലതു വരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com