ADVERTISEMENT

കോവിഡ് റിപ്പോർട്ട് നെഗറ്റിവ് ആയതിന്റെ സന്തോഷത്തി‍ൽ മാത്രമല്ല ആശ ശരത്. ഐജി ഗീത പ്രഭാകർ ആയി ദൃശ്യം 2വിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. കോവിഡ് സാഹചര്യത്തിൽ വലിയ നിയന്ത്രണങ്ങളോടെ തുടങ്ങിയ ദൃശ്യം 2വിലെ അണിയറ പ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കോവിഡ് നെഗറ്റിവ് റിസൽട്ട് കിട്ടിയവർക്കു മാത്രമാണ് ചിത്രത്തിൽ പ്രവർത്തിക്കാനാകൂ. ഇതുമായി ബന്ധപ്പെട്ട് കോവിഡ് ടെസ്റ്റ് നടത്തിയ ചിത്രം പങ്കുവച്ചായിരുന്നു ആശയുടെ കുറിപ്പ്.

 

‘കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടി. ഇനി ദൃശ്യം 2വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം. ഐജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാർഥനയും അനുഗ്രവും വേണം.’–ആശ ശരത് പറഞ്ഞു.

 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗം-ദൃശ്യം 2 എന്ന പേരിൽ തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ജീത്തു ജോസഫ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം - 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും അവതരണം.

 

മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

 

സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്. മേക്കപ്പ്ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ.< സഹസംവിധാനം - സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

 

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം.  കോവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.  ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും.  കൊച്ചിയിലെ ചിത്രീകരണത്തിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക 26ന് ആയിരിക്കും.

 

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല. 17-ന് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com