തിലകനു വേണ്ടി ഒരേ സമയം ഷൂട്ട് ചെയ്‌ത ഗോഡ്ഫാദറും സന്ദേശവും: സത്യൻ അന്തിക്കാട് പറയുന്നു

thilakan-satyan-anthikkad
SHARE

അഞ്ഞൂറാനു വേണ്ടി ചാകാനും കൊല്ലാനും മടിയില്ലാത്ത ഗോഡ്ഫാദറിലെ ബലരാമനോട് പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഒരിഷ്ടക്കൂടുതലുണ്ട്. വീരഭദ്രന്റെ ആ വല്ല്യേട്ടന്‍ ഒരു മസിലു പോലും പെരുപ്പിക്കാതെ നേടിയ കയ്യടികള്‍ തിലകന്‍ എന്ന നടനു കിട്ടിയ അംഗീകാരം കൂടിയാണ്. അച്ഛന്റെ വാക്കിനു മുന്‍പില്‍ അനുരണയുള്ള സിംഹമായി മാറുന്ന ബലരാമന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടു പാര്‍ട്ടിക്കാരായ മക്കളുടെ ഇടയില്‍പ്പെട്ടുപോയ സന്ദേശത്തിലെ രാഘവന്‍ നായര്‍. മക്കളെ തിരുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അദ്ദേഹം പലപ്പോഴും നിസഹായനായിപ്പോകുന്നു. രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന ഈ കഥാപാത്രങ്ങളെ തിലകന്‍ അഭിനയിച്ചു ഫലിപ്പിച്ചത് ഒരേ സമയത്തായിരുന്നു എന്നതാണ് രസകരമായ വസ്തുത. അതായത് ഗോഡ്ഫാദറും സന്ദേശവും ഷൂട്ട് ചെയ്തത് ഒരേ സമയത്ത്! കൃത്യമായി പറഞ്ഞാല്‍ ഗോഡ്ഫാദറില്‍ തിലകന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാത്ത ഇടവേളകളിലാണ് സന്ദേശത്തിന്റെ ചിത്രീകരണം നടന്നത്. തിലകന്‍ ഗോഡ്ഫാദറിന് നേരത്തെ ഡേറ്റ് കൊടുത്തു പോയതാണ് ഇത്തരമൊരു ഷൂട്ടിങ് പ്ലാനിലേക്ക് സത്യന്‍ അന്തിക്കാടിനെ കൊണ്ടെത്തിച്ചത്. 

തിലകന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഗോഡ്ഫാദറിന്റെ ഷൂട്ട് നടക്കുന്ന അതേ ഷെഡ്യൂളില്‍ ആ ചിത്രത്തിന്റെ ലൊക്കേഷനായ കോഴിക്കോടേക്ക് സന്ദേശത്തിന്റെ ചിത്രീകരണം നടത്താന്‍ സത്യന്‍ അന്തിക്കാട് തീരുമാനിക്കുകയായിരുന്നു. തിലകനു വേണ്ടി അങ്ങനെയൊരു അഡജസ്റ്റ്മെന്റ് നടത്താന്‍ സത്യന്‍ അന്തിക്കാടിനെ പ്രേരിപ്പിച്ചത് ഒരൊറ്റ കാര്യം മാത്രം- സന്ദേശത്തിലെ രാഘവന്‍ നായരായി മറ്റാരേയും ആലോചിക്കാന്‍ പോലും പറ്റില്ല. ആ കഥ സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലൂടെ അറിയാം. 

ആ റിസ്ക് തിലകന്‍ ചേട്ടനു വേണ്ടി എടുത്തു

സന്ദേശം ഷൂട്ട് ചെയ്യുന്നതിന് ആറു വര്‍ഷം മുന്‍പു തന്നെ ആ സിനിമയുടെ ആശയം എന്റെയും ശ്രീനിവാസന്റെയും മനസിലുണ്ടായിരുന്നു. ഒരു വീട്ടില്‍ തന്നെ രണ്ടു രാഷ്ട്രീയക്കാര്‍ ഉണ്ടാവുന്ന അണികളുടെ ഒരു കഥ. ഓരോ തവണയും മാറ്റി വച്ച് അവസാനം സിനിമ എടുക്കാന്‍ തീരുമാനിച്ചു. കേന്ദ്രകഥാപാത്രം തിലകന്‍. അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, 45 ദിവസത്തെ ഡേറ്റ്  ഗോഡ്ഫാദറിനു കൊടുത്തു പോയെന്ന്. ഒരുപാട് ആര്‍ടിസ്റ്റുകളുള്ള സിനിമ ആയതിനാല്‍ ഡേറ്റ് മാറരുതെന്ന് സിദ്ദിക്ക് ലാല്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും തിലകന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു, 45 ദിവസം തിലകന്‍ ചേട്ടന് വര്‍ക്ക് വരുമോ? എനിക്ക് 20 ദിവസം മതി. പക്ഷേ, സിദ്ദിക്ക് ലാലിനു കൊടുത്ത ഡേറ്റ് മാറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

അപ്പോള്‍ ഞാനും ശ്രീനിവാസനും കൂടി ആലോചിച്ചു. എവിടെയാണ് ഗോഡ്ഫാദര്‍ ഷൂട്ട് ചെയ്യുന്നത് എന്ന് അന്വേഷിച്ചു. അത് കോഴിക്കോടാണ്. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഏതു നാട്ടിലും ഷൂട്ട് ചെയ്യാവുന്ന സിനിമയാണ് സന്ദേശം. കേരളത്തിന്റെ അന്നത്തെ രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു ആക്ഷേപഹാസ്യ ആഖ്യാനമാണ്. കേരളത്തില്‍ എവിടെ വച്ചും ഷൂട്ട് ചെയ്യാം. അങ്ങനെ സന്ദേശത്തിന്റെ ലൊക്കേഷന്‍ കോഴിക്കോട് ആയി. സിദ്ദിക്കിനോട് ക്ലാഷ് ചോദിക്കില്ലെന്ന് തിലകന്‍ ചേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു. അദ്ദേഹം വളരെ പ്രിന്‍സിപ്പിള്‍സ് ഉള്ള ആളാണ്. ഞങ്ങളുടെ റിസ്കില്‍ ചെയ്തോളാമെന്ന് ഞാനും പറഞ്ഞു. എലത്തൂര്‍ എന്ന സ്ഥലത്താണ് ഷൂട്ട് പ്ലാന്‍ ചെയ്തത്.  ഗോഡ്ഫാദറിലെ ലുക്ക് അല്ല സന്ദേശത്തില്‍ തിലകന്‍ ചേട്ടന്. ഏതെങ്കിലും തരത്തിലുള്ള ക്ലാഷ് ഒഴിവാക്കാനായി സന്ദേശത്തിലെ കഥാപാത്രത്തിന് വിഗ് വപ്പിച്ചു. മറ്റേ സിനിമയ്ക്കു വേണ്ടി മുടി മറിച്ചാലും പിന്നെ കുഴപ്പമില്ലല്ലോ.  

അവിടെ ഷൂട്ട് കഴിഞ്ഞാല്‍ ഇവിടെ ആക്ഷന്‍

തിലകന്‍ ചേട്ടനോട് ഒറ്റ കാര്യമേ പറഞ്ഞുള്ളൂ. ഗോഡ്ഫാദറിന്റെ ഷൂട്ട് ഇല്ലാത്ത ദിവസം തലേന്ന് അറിയിക്കണം. അങ്ങനെയെങ്കില്‍, അന്നത്തേക്ക് അദ്ദേഹത്തിന്റെ ഷോട്സ്  പ്ലാന്‍ ചെയ്യാം. അങ്ങനെ ഷൂട്ട് തുടങ്ങി. ഷൂട്ടിനിടയില്‍ തിലകന്‍ ചേട്ടന്റെ വിളിയെത്തും, നാളെ എനിക്ക് ഇവിടെ ഷൂട്ടില്ല കേട്ടോ. ഞങ്ങള്‍ അപ്പോള്‍ അതനുസരിച്ച് അടുത്ത ദിവസത്തെ രംഗങ്ങള്‍ പ്ലാന്‍ ചെയ്യും. ചിലപ്പോള്‍ ഉച്ചയ്ക്കു വിളിച്ചു പറയും, അവിടത്തെ ഷൂട്ട് തീര്‍ന്നെന്ന്! എടുത്തുകൊണ്ടിരുന്ന സീന്‍ നിറുത്തി വച്ചിട്ട് തിലകന്‍ ചേട്ടന്റെ സീന്‍ എടുത്തിട്ടുണ്ട്. കാരണം,  തിലകന്‍ ചേട്ടന്‍ അല്ലാതെ മറ്റൊരാളെ എനിക്ക് രാഘവന്‍ നായരായി കാസ്റ്റ്  ചെയ്യാനേ കഴിയുമായിരുന്നില്ല.  

   

എന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്നവര്‍ക്കും അറിയാമായിരുന്നു തിലകന് ഡേറ്റില്ല എന്ന്. അവര്‍ക്ക് ഇങ്ങനെ ഷൂട്ട് അഡ്ജസ്റ്റ് ചെയ്യുന്നതില്‍ വിരോധമൊന്നും ഉണ്ടായിരുന്നില്ല. ആ സിനിമ അരാഷ്ട്രീയമെന്ന് പിന്നീട് പലരും പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെയൊരു അരാഷ്ട്രീയ സിനിമ അല്ലല്ലോ. സന്ദേശം അണികളുടെ സിനിമയാണ്. ജാഥയ്ക്കു പോവുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന സാധാരണ അണികളുടെ കഥ. ഒരു മണ്ഡലം പ്രസിഡന്റാണ് അതിലെ ഏറ്റവും വലിയ പദവിയുള്ള രാഷ്ട്രീയക്കാരന്‍.  സന്ദേശത്തിലെ സന്ദേശത്തോട് പൂര്‍ണമായും യോജിപ്പുള്ള വ്യക്തിയായിരുന്നു തിലകന്‍ ചേട്ടന്‍.

സത്യത്തില്‍ ഗോഡ്ഫാദര്‍ ടീം അറിഞ്ഞിട്ടേയില്ല ഇക്കാര്യം. അവിടെ തിലകന്‍ ചേട്ടന് ഷൂട്ട് ഇല്ലാത്ത സമയം ഇവിടെ സന്ദേശത്തിന് ഷൂട്ട് ചെയ്യും. അങ്ങനെ രണ്ടു സിനിമകളും ഒരേ സമയം പൂര്‍ത്തിയായി. തിലകന്‍ ചേട്ടന്‍ നിമിഷ നേരം കൊണ്ട് ബലരാമനില്‍ നിന്ന് കൂടുവിട്ട് കൂടുമാറ രാഘവന്‍ നായരാകും. അദ്ദേഹവും വളരെ ആസ്വദിച്ചു ചെയ്ത സിനിമ ആയിരുന്നു. അദ്ദേഹത്തിന് കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം നന്നായി അറിയാവുന്നതാണല്ലോ.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA