ADVERTISEMENT

സ്ത്ര‍ീകൾ ഇഷ്ടവസ്ത്രം ധരിക്കുന്നതു നിയമവിരുദ്ധമാണോ? ആണെന്നാണ് ‘സൈബർ ആങ്ങളമാർ’ പറയുന്നത്. ഈ സദാചാര കാവൽക്കാർക്കു മുന്നറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ‘യെസ് വി ഹാവ് ലെഗ്സ്’ എന്ന ഹാഷ് ടാഗ് നിറഞ്ഞു.  

 

പിറന്നാൾ സമ്മാനമായി ലഭിച്ച വസ്ത്രം ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് നടി അനശ്വര രാജനു നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുടെ പ്രതികരണമായാണ് ‘യെസ് വി ഹാവ് ലെഗ്സ്’ എന്ന ഹാഷ്ടാഗോടെ പലരും ചിത്രങ്ങൾ പങ്കുവച്ചത്.

 

എന്റെ പിറന്നാൾ സമ്മാനം

leg-malayalam-actress

 

‘ഞാൻ എന്തുചെയ്യുന്നുവെന്ന് ആലോചിച്ചു നിങ്ങൾ വിഷമിക്കേണ്ട. ഞാൻ ചെയ്യുന്നതിനെക്കുറിച്ചാലോചിച്ചു നിങ്ങൾ വിഷമിക്കുന്നതെന്തിനാണെന്ന് ആലോചിച്ചു വിഷമിക്കൂ’, നടി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ കുറിച്ച വരികളാണിത്. 

 

‘പിറന്നാളിനു ചേച്ചി തന്ന സമ്മാനമായിരുന്നു ആ വസ്ത്രം. അതെനിക്കു ചേരുന്നുണ്ടെന്നു തോന്നിയപ്പോൾ ഫോട്ടോ എടുക്കാൻ തോന്നി. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയത്തു കൂട്ടുകാരിയാണ് എന്നോട് സൈബർ ആക്രമണത്തെക്കുറിച്ചു പറഞ്ഞത്’ – അനശ്വര പറഞ്ഞു. 

 

‘അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ, വ്യക്തിഹത്യ നടത്താനോ റേപ് കൾച്ചർ പ്രോത്സാഹിപ്പിക്കാനോ പാടില്ലല്ലോ. അവരുടെ മാനസികപ്രശ്നമായിട്ടേ എനിക്കു തോന്നിയുള്ളൂ. ആൺകുട്ടി കര‍ഞ്ഞാൽ അയ്യേ, ഇവനെന്താ പെൺകുട്ടിയെപ്പോലെ എന്നു ചോദിക്കുന്നിടത്തുനിന്നു തുടങ്ങുന്നുണ്ട് പെണ്ണിനോടുള്ള വേർതിരിവ്. പെണ്ണിനെപ്പോലെ കരയുന്നു എന്നു പറയുന്നിടത്തു പെണ്ണ് രണ്ടാംതരക്കാരിയാകുന്നു. ബോഡി ഷെയിമിങ്ങിൽ തുടങ്ങി ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ പോലും ലൈംഗിക വസ്തുവായി കാണുന്ന സംസ്കാരത്തിലേക്കാണു നമ്മൾ നീങ്ങുന്നതെന്നു തോന്നുന്നു’.

 

View this post on Instagram

🌊🌴☀️♥️

A post shared by Malavika Mohanan (@malavikamohanan_) on

പിന്തുണച്ച് വീട്ടുകാരും കൂട്ടുകാരും

 

വീട്ടുകാരും സുഹൃത്തുക്കളും നന്നായി പിന്തുണച്ചു. നിനക്കിഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ, ഞങ്ങൾക്കില്ലാത്ത ടെൻഷൻ നിനക്കു വേണ്ടെന്നായിരുന്നു അച്ഛന്റെ പ്രതികരണം. സിനിമാമേഖലയിൽ നിന്ന് ഒട്ടേറെപ്പേർ വിളിച്ചിരുന്നു. അപ്പോൾ സന്തോഷം തോന്നി. എനിക്കെന്നല്ല, നാളെ ഒരാൾക്കും ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വരരുത്.

 

മാറണം മാറ്റണം: അന്ന ബെൻ

 

വസ്ത്രധാരണം ഒരാളുടെ അവകാശമാണെന്നു പോലും അറിയാത്തവരുണ്ടെന്നു തോന്നുന്നു. ഒരാളുടെ വസ്ത്രധാരണത്തെ വിലയിരുത്താനുള്ള അധികാരം ആർക്കുമില്ല. സ്ത്രീകൾക്കു നേരെയുള്ള അതിക്രമവും അവർ നേരിടേണ്ടിവരുന്ന അസമത്വവും സാധാരണമായിക്കഴിഞ്ഞു. അതു തീർച്ചയായും മാറേണ്ടതുണ്ട്. മാറ്റം വരുമെന്നു തന്നെയാണു വിശ്വാസം. ഇപ്പോഴത്തെ പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നതു നല്ല സൂചനയാണ്.പുരുഷകേന്ദ്രീകൃത സമൂഹത്തിൽ പെണ്ണിന്റെ അടയാളപ്പെടുത്തലുകളെല്ലാം അവന്റെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ്. അതുകൊണ്ടായിരിക്കും അവരുടെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്ന പെൺകുട്ടികളെ അവർ എതിർക്കാൻ ശ്രമിക്കുന്നത്. പക്ഷേ, ഇപ്പോഴത്തെ പെൺകുട്ടികൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു നല്ല ബോധ്യമുള്ളവരാണ്.

 

വെളിവാകുന്നത് മാനസികാവസ്ഥ: പൂർണിമ ഇന്ദ്രജിത്ത്

 

ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വരിക എന്നതു ചിന്തകളുടെ കുഴപ്പമാണ്. ഒരാൾ മോശം കമന്റിടുമ്പോൾ വെളിവാകുന്നത് അവന്റെ തന്നെ മാനസികാവസ്ഥയാണ്. ഒരു അമ്മയെന്ന നിലയിൽ ഞാൻ എന്റെ കുഞ്ഞുങ്ങളോടും ഇതു തന്നെയാണ് പറയാറുള്ളത്. നിങ്ങളെ വിമർശിക്കാൻ ഒരുപാടു പേരുണ്ടാകും. ശരിയെന്നു ബോധ്യമുള്ളവ മാത്രം ചെയ്യുക. 

 

ആത്മവിശ്വാസം അളക്കണം: അരുൺ രത്ന (ഫൗണ്ടർ ആൻ‍ഡ് സിഇഒ, മിസ് സൂപ്പർ ഗ്ലോബ്)

 

സ്വദേശത്തും വിദേശത്തും ഒട്ടേറെ ഫാഷൻ ഷോകൾ സംഘടിപ്പിച്ചിട്ടുള്ള ഒരാളാണ് ഞാൻ. സൗന്ദര്യമത്സരങ്ങളിൽ ബിക്കിനി റൗണ്ടുകൾ ഉണ്ടാകാറുണ്ട്. പെൺശരീരത്തെ ഒരു വസ്തുവായി കാണാനുള്ളതല്ല അത്തരം റൗണ്ടുകൾ. ഓരോ വസ്ത്രത്തിലും തങ്ങളുടെ ആത്മവിശ്വാസം എത്രമാത്രം അവർക്കു പ്രകടിപ്പിക്കാനാകുന്നുണ്ട് എന്നത് അളക്കുകയാണ് ആ റൗണ്ടുകളിൽ. അതു തന്നെയാണ് ഇപ്പോഴത്തെ സദാചാരവാദികളോടും പറയാനുള്ളത്. വസ്ത്രധാരണം ഓരോരുത്തരുടെയും തീരുമാനമാണ്. അവരുടെ ഇഷ്ടമാണ്, അവകാശമാണ്. അതിനെ വിമർശിക്കാനോ മോശം കമന്റുകൾ പറയാനോ ആർക്കും അവകാശമില്ല.

 

ആരും വിലയിരുത്തേണ്ടതില്ല: നീത പിള്ള

 

വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ തീരുമാനവും അവകാശവുമാണ്. അതിൽ സ്ത്രീ, പുരുഷൻ എന്നിങ്ങനെ വേർതിരിക്കേണ്ടതില്ല. വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യവും കംഫർട്ടബിലിറ്റിയുമാണ്. അതു മറ്റൊരാളെ പലപ്പോഴും ബാധിക്കാറുപോലുമില്ല. അതുകൊണ്ടുതന്നെ മറ്റൊരാൾ അതിനെ വിലയിരുത്തുകയോ അതിൽ അഭിപ്രായം പറയുകയോ ചെയ്യേണ്ടതില്ല. നമ്മൾ കണ്ടുശീലിച്ചതാണ് നമുക്കു ശരിയായി തോന്നുന്നത്. ഇന്നത്തെ ലോകത്ത് മറ്റുള്ളവരുടെ വസ്ത്രധാരണത്തെ തുറവിയോടെ സ്വീകരിക്കാൻ നമുക്കാകണം.

 

ഇതു പതിവാണല്ലോ: മീരാ നന്ദൻ

 

ഏകദേശം ഒരു വർഷം മുൻപ് ഇതേ അവസ്ഥയിലൂടെ ഞാനും കടന്നുപോയിരുന്നു. സ്ഥിരമായി ‘സൈബർ ആങ്ങള’മാരുടെ ‘ഉപദേശം’ കേൾക്കേണ്ടി വരുന്ന ഒരാളാണ് ഞാൻ. സമൂഹമാധ്യമങ്ങളിൽ എന്തു പോസ്റ്റിട്ടാലും ഉപദേശിക്കാനും ആക്രമിക്കാനും അത്തരക്കാർ എത്താറുണ്ട്. എത്ര ശക്തമായി പ്രതികരിച്ചാലും ഇതൊന്നും ഞങ്ങൾ മനസ്സിലാക്കില്ല എന്ന ദുശ്ശാഠ്യമുള്ളവർ. അഭിപ്രായ‌സ്വാതന്ത്ര്യം വ്യക്തിഹത്യ നടത്താനുള്ള ലൈസൻസ് അല്ലല്ലോ. ഒരാളുടെ വസ്ത്രധാരണം അത് അയാളുടെ ഇഷ്ടത്തിനു വിട്ടേക്കൂ. മറ്റുള്ളവർ എന്തിനാണു വിലയിരുത്തുന്നത്? 

 

കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്: അഹാന കൃഷ്ണ

 

ഭൂരിഭാഗം പേരും വളർന്നുവരുമ്പോൾ കാണുന്നത് ഒരു പുരുഷാധിപത്യ ലോകമാണ്. സ്ത്രീധനത്തിൽ നിന്നു തന്നെ തുടങ്ങുന്ന, പുരുഷന് എപ്പോഴും വളരെ സൗകര്യപ്രദമായ സാഹചര്യങ്ങൾ ഒരുപാടുള്ള സമൂഹമാണു നമ്മുടേത്. പക്ഷേ, അതു തെറ്റാണെന്നു മനസ്സിലാക്കിത്തുടങ്ങുമ്പോൾ തിരുത്താൻ തയാറാകണം. കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. ഇത്തരം അസമത്വങ്ങളെ ചോദ്യം ചെയ്യുന്നവരെ ഒന്നടങ്കം ആക്രമിക്കുക എന്നതു തെറ്റായ പ്രവണതയാണ്. ഏതു വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ അവകാശമായിരിക്കെ, മറ്റുള്ളവർ എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്? 

 

വെർബൽ റേപ് ആവർത്തിക്കരുത്: അശ്വതി ശ്രീകാന്ത്

 

മുണ്ടും ബ്ലൗസും സ്ത്രീകൾ ധരിച്ചിരുന്ന കാലത്ത് ആ വസ്ത്രം എല്ലാവരും അംഗീകരിച്ചപോലെ, ഇപ്പോഴത്തെ പല പെൺകുട്ടികളും തിരഞ്ഞെടുക്കുന്ന വസ്ത്രമാണ് അനശ്വര ധരിച്ചിരുന്നത്. എനിക്കു പരിചയമുള്ള എത്രയോ പെൺകുട്ടികൾ പറഞ്ഞിട്ടുണ്ട്, ഇവിടെ തുറിച്ചുനോട്ടം ഇല്ലായിരുന്നെങ്കിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാമായിരുന്നെന്ന്. ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ നിങ്ങൾക്ക് അഭിപ്രായം പങ്കുവയ്ക്കാം. പക്ഷേ, ഒരാളെ വെർബൽ റേപ് ചെയ്യാൻ അധികാരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com