ADVERTISEMENT

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കെ സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ, മോഹൻലാൽ, മമ്മൂട്ടി, ഇന്ദ്രൻസ്, നിവിൻ പോളി തുടങ്ങിയവരിൽ ആരെങ്കിലും ഇത്തവണ മികച്ച നടനുള്ള അവാർഡ് നേടുമോയെന്ന് ഉറ്റു നോക്കുകയാണ് ആരാധകർ.ഇവരെയെല്ലാം പിന്തള്ളി അവസാന നിമിഷം മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കുമോയെന്നും നിശ്ചയമില്ല.

 

പാ‍ർവതി, രജീഷ വിജയൻ, അന്ന ബെൻ, മഞ്ജു വാരിയർ തുടങ്ങി മികച്ച നടിക്കുള്ള അവാർഡിന് അർഹത തെളിയിച്ച ഒട്ടേറെ പേർ രംഗത്തുണ്ട്. മത്സര രംഗത്തുള്ള 119 സിനിമകളിൽ നല്ലൊരു പങ്കും പ്രേക്ഷകർ കണ്ടിട്ടില്ല. റിലീസ് ചെയ്യാത്ത ചിത്രങ്ങളിലെ താരങ്ങൾ അത്ഭുതം കാട്ടിയ ചരിത്രം മുൻവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.

 

തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ഉയരെ (മനു അശോകൻ) ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ) അമ്പിളി (ജോൺ പോൾ ജോർജ്) ഫൈനൽസ് (പി.ആർ.അരുൺ) അതിരൻ (വിവേക് തോമസ് വർഗീസ്) വികൃതി (എം.സി.ജോസഫ്) തുടങ്ങി യുവ സംവിധായകരുടെ ചിത്രങ്ങളുടെ നീണ്ട നിര തന്നെ മത്സരിക്കുന്നു.മികച്ച നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്കു വെല്ലുവിളിയാകും. ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട് ) ആഷിക്ക് അബു (വൈറസ്) ടി.കെ.രാജീവ്കുമാർ (കോളാമ്പി) ഡോ.ബിജു (വെയിൽമരങ്ങൾ) റോഷൻ ആൻഡ്രൂസ് (പ്രതി പൂവൻകോഴി), ജയരാജ് (ഹാസ്യം) ഗീതു മോഹൻദാസ് (മൂത്തോൻ) മനോജ് കാന (കെഞ്ചീര) വിധു വിൻസന്റ് (സ്റ്റാൻഡ് അപ്പ്) എന്നീ പരിചയ സമ്പന്നരായ സംവിധായകരും മത്സര രംഗത്തുണ്ട്.

 

മോഹൻലാലിന്റെ രണ്ടു വമ്പൻ സിനിമകൾ ഇത്തവണ മത്സരിക്കുന്നു.മരയ്ക്കാർ അറബിക്കടലിന്റെ സിംഹം(പ്രിയദർശൻ)ലൂസിഫർ(പ്രിഥ്വിരാജ്) എന്നിവ.പ്രിയദർശന്റെ മരയ്ക്കാർ ഏതാനും അവാർഡുകൾ നേടുമെന്ന പ്രതീക്ഷയിലാണു ചലച്ചിത്ര പ്രേമികൾ.നവാഗത സംവിധായകൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ പ്രിഥ്വിരാജ് കാഴ്ച വച്ചത്.

 

മമ്മൂട്ടിയുടെ മാമാങ്കം(എം.പത്മകുമാർ)ആണു മത്സര രംഗത്തുള്ള മറ്റൊരു ബിഗ് ബജറ്റ് ചിത്രം.പുറമേ മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും(ജിബി കൊച്ചാപ്പു,ജോജു റാഫേൽ). മമ്മൂട്ടിയുടെ ഉണ്ടയും(ഖാലിദ് റഹ്മാൻ)പതിനെട്ടാം പടിയും(ശങ്കർ രാമകൃഷ്ണൻ)രംഗത്തുണ്ട്.

 

ഡ്രൈവിങ് ലൈസൻസ്(ജീൻ പോൾ ലാൽ)തെളിവ്(എം.എ.നിഷാദ്)ജലസമാധി(വേണു നായർ)ഗ്രാമവൃക്ഷത്തിലെ കുയിൽ(കെ.പി.കുമാരൻ)പൊറിഞ്ചു മറിയം ജോസ്(ജോഷി)എവിടെ(കെ.കെ.രാജീവ്)ഫോർട്ടി വൺ(ലാൽ ജോസ്)ലോനപ്പന്റെ മാമ്മോദീസ(ലിയോ തദേവൂസ്)കമല(രഞ്ജിത് ശങ്കർ)കോടതി സമക്ഷം ബാലൻ വക്കീൽ(ബി ഉണ്ണികൃഷ്ണൻ)കെട്ട്യോളാണ് എന്റെ മാലാഖ(നിസാം ബഷീർ)ഹെലൻ(മാത്തുക്കുട്ടി സേവ്യർ)താക്കോൽ(കിരൺ പ്രഭാകരൻ)സത്യം പറഞ്ഞാൽ വിശ്വസിക്കുമോ(ജി.പ്രജിത്) അഭിമാനിനി(എം.ജി.ശശി)കള്ളനോട്ടം(രാഹുൽ റിജി നായർ)ബിരിയാണി(സജിൻ ബാബു) തുടങ്ങിയവയാണു മത്സര രംഗത്തുള്ള മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. എങ്കിലും ചില സിനിമകൾ അപ്രതീക്ഷിതമായി അവസാന റൗണ്ടിലേക്ക് എത്തുകയും അവാർഡ് നേടുകയും ചെയ്താൽ അത്ഭുതപ്പെടാനില്ല.

 

പരേതനായ എം.ജെ.രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ മത്സര രംഗത്തുണ്ട്.അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി അവാർഡ് നൽകുമോയെന്നും ചലച്ചിത്ര പ്രേമികൾ ഉറ്റു നോക്കുന്നു.രൺജി പണിക്കർ,റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ അഭിനേതാക്കൾ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വച്ച വർഷം കൂടിയാണു കടന്നു പോയത്.

മികച്ച ഒട്ടേറെ സിനിമകൾ മത്സരിക്കുന്നതിനാൽ അവാർഡ് നിർണയം  ‍ബുദ്ധിമുട്ടാണ്.സിനിമയുടെ പൊതു നിലവാരം മോശമായതു കൊണ്ട് ആദ്യ റൗണ്ടിൽ തഴയപ്പെട്ടാൽ ആ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച സാങ്കേതിക പ്രവർത്തകർക്കോ അഭിനേതാക്കൾക്കോ അവാർഡ് ലഭിക്കാനുള്ള സാധ്യത മങ്ങും.

 

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com