ADVERTISEMENT

നിവിന്‍ തനിക്കു വേണ്ടി വഴി മാറിത്തന്നതാണെന്ന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂട്. അവാർഡ് നിർണയത്തിന്റെ അവസാനഘട്ടത്തിൽ സുരാജും നിവിൻ പോളിയുമാണ് ജൂറിയുടെ മുന്നിലെത്തിത്. ‘ഞാൻ ആണെന്ന് അറിഞ്ഞതുകൊണ്ടാണ് നിവിൻ മാറിത്തന്നത്. ഞങ്ങള്‍ രണ്ടാളും ഒരു ഫ്ലാറ്റിലാണ്. സ്കൈലൈൻ അപാർട്മെന്റിൽ. ഒരു ഫ്ലാറ്റിലേയ്ക്ക് ഒരവാര്‍ഡ് മതി. ആൾക്കും കിട്ടിയല്ലോ.’–അവാര്‍ഡ് നേട്ടത്തിന് പിന്നാലെ ചിരിയോടെ സുരാജ് പറയുന്നു.

 

‘മാനസികമായി നമ്മളൊക്കെ ഒരുപാട് ബുദ്ധിമുട്ടിയ സമയമാണ് ഈ കോവിഡ് കാലം. എന്നിരുന്നാലും ഇതൊക്കെ മാറും എന്നൊരു മുൻവിധിയോടെയാണ് ഇപ്പോൾ ഷൂട്ടിങ് വരെ തുടങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് എനിക്ക് സംസ്ഥാന, ദേശീയ പുരസ്കാരം കിട്ടുമ്പോളും സിനിമാ സെറ്റിൽ തന്നെയായിരുന്നു. ഈ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഞാൻ ഷോട്ട് എടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു. സംവിധായകനായ ഡിജോയാണ് അവാർഡ് വാർത്ത സെറ്റിൽ അറിയിക്കുന്നത്.’

 

‘സത്യത്തിൽ ഈ ജൂറി അംഗങ്ങളുടെ ഭാഗ്യം ഒന്നു നോക്കണേ. നമ്മളൊക്കെ സിനിമകൾ ചെറിയ മൊബൈലിലും ടിവിയിലുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് അവർ വിശാലമായ തിയറ്ററിൽ ഇരുന്നാണ് ഈ സിനിമകളൊക്കെയും കണ്ടു തീർത്തത്. തിയറ്ററില്‍ ഇരുന്ന് എന്ന് സിനിമ കാണാൻ കഴിയും എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്.’

 

‘അന്ന് ദേശീയ അവാർഡ് ലഭിച്ച സമയത്ത്, ഇവിടെ എനിക്ക് ഹാസ്യതാരത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. എന്റെ അമ്മ ഏറ്റവും കൂടുതൽ പ്രാർഥിച്ചത് ഹാസ്യതാരത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഇന്ന് രാവിലെ തന്നെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു, ദയവ് ചെയ്ത് കോമഡിയൊന്നും പറയരുതെന്ന്. ഇത്തവണ കോമഡി അവാർഡ് ഇല്ലെന്നും അതിന്റെ അവസാനത്തെ അവാർഡ് ഞാൻ വാങ്ങി നിർത്തിയെന്നും പറഞ്ഞു.’–സുരാജ് പറയുന്നു.

 

‘ഇനി അങ്ങോട്ട് വരാനിരിക്കുന്ന സിനിമകളിൽ അധികവും കോമഡി നിറഞ്ഞ കഥാപാത്രങ്ങളാണ്. ഏത് വേഷം വന്നാലും ഞാൻ ചെയ്യും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ഹ്യൂമര്‍ കഥാപാത്രമാണ്.’–സുരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com