തീരുമാനങ്ങള്‍ സുദീർഘമായ നടപടികളിലൂടെ: ബെന്യാമിൻ

benyamin-jury
SHARE

അന്‍പതാമതു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജേതാക്കള്‍ക്കൊപ്പം കയ്യടി നേടിയത് ജൂറി കൂടിയായിരുന്നു. സൂക്ഷ്മവും സമഗ്രവുമായിരുന്നു ജൂറിയുടെ തീരുമാനങ്ങളെന്ന് ചലച്ചിത്രപ്രേമികള്‍ അഭിപ്രായപ്പെട്ടു. പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താത്ത ചിത്രങ്ങളെക്കുറിച്ച് ജൂറി നടത്തിയ നിരീക്ഷണവും നല്‍കിയ അംഗീകാരവും കാഴ്ചാനുഭവത്തിലും പ്രമേയങ്ങളിലും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ജൂറിയുടെ തീരുമാനങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് എഴുത്തുകാരനും ജൂറി അംഗവുമായ ബെന്യാമിന്‍. മനോരമ ഓണ്‍ലൈന് അനുവദിച്ച ഹ്രസ്വ അഭിമുഖത്തില്‍ നിന്നും. 

വിസ്മയിപ്പിച്ച് കനി, സ്വാസിക, സുരാജ്

മുന്‍പേ ശ്രദ്ധിക്കപ്പെടാതിരുന്നതോ കാണാതിരുന്നതോ ആയ ചിത്രങ്ങളായിരുന്നു ബിരിയാണിയും വാസന്തിയും. വളരെ വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങളാണ് കനിയും സ്വാസികയും ആ ചിത്രങ്ങളില്‍ കാഴ്ച വച്ചത്. ആ കഥാപാത്രത്തോടു നീതി പുലര്‍ത്തുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു. ഒരേ സമയം നിസഹായാവസ്ഥയില്‍ ആയിരിക്കുകയും ബോള്‍ഡ് ആയിരിക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രമാണ് കനി ചെയ്തത്. പ്രത്യേകിച്ച് പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ വളരെ മനോഹരമായ രീതിയില്‍ കനി അവതരിപ്പിച്ചു പ്രതിഫലിപ്പിച്ചു എന്നുള്ളതാണ് ഞങ്ങള്‍ കണ്ട ഒരു പ്രത്യേകത. 

ഒരേ സമയം രണ്ടു ഭാവങ്ങളുണ്ട്. അതു തന്നെയാണ് വാസന്തിയിലെ സ്വാസികയുടെ അഭിനയത്തിന്റെയും പ്രത്യേകതയായി കണ്ടത്. നമ്മളിതുവരെ കണ്ടിട്ടില്ലാത്ത അഭിനയ പാടവം ശ്രദ്ധിക്കാന്‍ കഴിഞ്ഞു. ഒരു കഥാപാത്രം ഒരേ തരത്തിലല്ല, പല ഭാവങ്ങളിലൂടെയും പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അതിനെയൊക്കെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. 

സുരാജിന്റെ മൂന്നോ നാലോ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. തിയറ്ററില്‍ എല്ലാവരും കണ്ടതാണ് അദ്ദേഹത്തിന്റെ പ്രകടനം. ഒരു ചിത്രത്തില്‍ നിന്നു മറ്റൊരു ചിത്രത്തിലേക്ക് പോകുമ്പോള്‍ എങ്ങനെയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത് പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ വൃദ്ധ കഥാപാത്രത്തെ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോള്‍ തന്നെ വികൃതിയിലെ ഒരു മൂക കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു എന്നുള്ളതാണ് ജൂറി കണ്ടത്. 

സാങ്കേതികത്വം അന്‍വര്‍ അലിക്ക് തടസമായി

സംഗീതത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ വളരെ മുതിര്‍ന്ന ലതിക ടീച്ചര്‍ ജൂറിയിലുണ്ടായിരുന്നു. ഓരോരുത്തരും പടങ്ങള്‍ കാണുമ്പോള്‍ തന്നെ പാട്ടുകള്‍ നിര്‍ദേശിച്ചിരുന്നു. അവസാനം പിന്നെ ഓരോ പാട്ടുകളും വീണ്ടും വീണ്ടും കാണുകയും കേള്‍ക്കുകയും ചെയ്തതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. അത് ഒരു തവണയൊന്നുമല്ല. പല സംശയങ്ങള്‍ പലരും ഉന്നയിക്കുമ്പോള്‍ വീണ്ടും അതു കാണുകയും വ്യക്തത വരുത്തുകയുമൊക്കെ ചെയ്തിരുന്നു. സുദീര്‍ഘമായ നടപടിയിലൂടെയാണ് തീരുമാനങ്ങളിലേക്ക് എത്തിയത്. 

അന്‍വര്‍ അലിയുടെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ, അതില്‍ ഒരു സാങ്കേതിക പ്രശ്നമുണ്ടല്ലോ. അതാണ് ‍ഞങ്ങളത് പരിഗണിക്കാതെ പോയത്. മുന്‍പ് ഒരു പുരസ്കാരം അദ്ദേഹം നിരസിച്ചതുകൊണ്ടുള്ള പ്രശ്നമാണ്. ഒരിക്കല്‍ നിരസിച്ചയാളുടെ വര്‍ക്കുകള്‍ പരിഗണിക്കുന്നതില്‍ പ്രശ്നങ്ങളുണ്ട്. ആ സാങ്കേതികത്വമാണ് തടസമായത്. ജൂറിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നതല്ലല്ലോ. അതെല്ലാം നിയമത്തിലുള്ളതാണ്. ആ പ്രശ്നമില്ലായിരുന്നെങ്കില്‍ അന്‍വര്‍ അലിയെ നിശ്ചയമായും പരിഗണിക്കുമായിരുന്നു. അതില്‍ ഒന്നാമത് ആ പേരുണ്ടാകുമായിരുന്നു. പക്ഷേ, സാങ്കേതികത്വം മൂലം ഒന്നും ചെയ്യാന്‍ കഴിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA