ജാതി–മത ബാലൻസിങ്ങും സംവരണവും അവാർഡിൽ കാണിക്കണോ ?

AK BALAN
SHARE

നാണിയമ്മയുടെ പശു പ്രസവിച്ചത് ഈ സർക്കാരിന്റെ കാലത്താണെന്ന് ഏതെങ്കിലുമൊരു മന്ത്രി വീമ്പു പറഞ്ഞാൽ അതിൽ തെറ്റുപറയാനില്ല. ഇപ്പോൾ പശുവിന്റെ ഗർഭത്തിന് ഉത്തരവാദി പഴയ കാലത്തേതു പോലെ കാളയല്ല; സർക്കാർ തന്നെയാണ്. കൃത്രിമ ബീജസങ്കലനം നടത്തുന്നത് മൃഗാശുപത്രികളിലെ സർക്കാർ ശമ്പളം പറ്റുന്ന ഡോക്ടർമാരാണ്. പശു പരിപാലനത്തിന്റെ മേൽനോട്ടം മൃഗസംരക്ഷണ വകുപ്പിനോ ക്ഷീര വികസന വിഭാഗത്തിനോ ആണെന്നതിലും തർക്കമില്ല. 

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ സാംസ്കാരിക മന്ത്രി പറഞ്ഞതും ഇതുപോലൊരു ലളിത സത്യമാണ്. 'ഞങ്ങളുടെ ഭരണകാലത്ത് അവാർഡിതരായവരുടെ നിര നോക്കൂ, എല്ലാവരും പാർശ്വവൽകൃതർ '. മഹാകവി അക്കിത്തത്തെ ടിവി ചാനലിൽ അനുസ്മരിച്ചപ്പോഴും മന്ത്രി ഇതു തന്നെ പറഞ്ഞു. അദ്ദേഹത്തിന് ജ്ഞാനപീഠം ഞങ്ങളുടെ ഭരണകാലത്തു തന്നെ സമ്മാനിക്കാൻ കഴിഞ്ഞു. മറ്റൊരു ഭരണ നേട്ടം! 

പശുവിന്റെ കാര്യം പറഞ്ഞതുപോലെയാണ്  അവാർഡിന്റെ കാര്യവും.  സമ്മാനത്തുക സർക്കാർ ഖജനാവിൽ നിന്നാണ്. ജൂറി അംഗങ്ങളെ തീരുമാനിക്കുന്നത് സർക്കാരാണ്. വിധി നിർണയത്തിനുള്ള എല്ലാ സൗകര്യവും അധികൃതർ തന്നെ ഏർപ്പെടുത്തുന്നു. പക്ഷേ അവാർഡ് ഭരണനേട്ടമാണെന്നു പറയുന്നതിൽ അൽപം പന്തികേടില്ലേ? 

വിസിമാരെയും കോർപറേഷൻ, ബോർഡ് തലവന്മാരെയും നിയമിക്കുന്ന പോലെ  കലാ-സാഹിത്യാദി രംഗങ്ങളിലെ പുരസ്കാരങ്ങളിൽ കൂടി ജാതി മത ബാലൻസിങ്ങും സംവരണവും കൊണ്ടുവന്ന് പ്രീണനം നടത്താൻ കഴിഞ്ഞാൽ അത് രാഷ്ട്രീയ നേട്ടം തന്നെയാണ്. പക്ഷേ ഇതിങ്ങനെ പരസ്യമായി പറഞ്ഞാൽ വിധികർത്താക്കൾക്കും പുരസ്കൃതരായവർക്കും ചമ്മലാവില്ലേ. അഭിനയ മികവുകൊണ്ടല്ല, ഇതുവരെ അവഗണിക്കപ്പെട്ടതു കൊണ്ടു മാത്രമാണ്  പുരസ്കാരം തന്നതെന്നു കേൾക്കുമ്പോൾ അഭിമാനം കൊണ്ടു വിജ്രംഭിതരാകുന്ന അഭിനേതാക്കളുണ്ടാവുമോ?  

ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലെ വിധികർത്താക്കളെല്ലാം കഴിവുള്ളവരായിരുന്നു. അവരുടെ തീരുമാനം സംബന്ധിച്ച് ഇക്കുറി വലിയ വിവാദമോ തർക്കമോ ഉണ്ടായിട്ടില്ല. അർഹതപ്പെട്ടവർക്കു തന്നെയാണ് പുരസ്കാരങ്ങൾ ലഭിച്ചതെന്നാണ് പൊതുവികാരം.   പക്ഷേ കോടികൾ മുടക്കി നിർമിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളെ പുറം കാൽ കൊണ്ടു തട്ടി മാറ്റി ചെറിയ സിനിമകൾക്കും നിരാലംബർക്കും പുരസ്കാരങ്ങൾ നൽകിയതിന്റെ രാഷ്ട്രീയം ഭരണകർത്താക്കൾ ഉദ്ഘോഷിക്കുന്നത് ഉചിതമാണോ? ഇങ്ങനെയൊരു മുൻ വിധിയോടെയാണ് സിനിമകൾ കണ്ടു വിലയിരുത്തിയതെന്നു പറഞ്ഞാൽ വിധികർത്താക്കൾ അംഗീകരിക്കുമോ? ഇല്ലെന്നു മാത്രമല്ല, കലാരംഗത്ത് ദീർഘകാലത്തെ അനുഭവ സമ്പത്തുള്ളവരും കലാമൂല്യമുള്ള ചിത്രങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവരുമായ ജൂറി അംഗങ്ങൾക്ക് ഇത് നാണക്കേടുമാണ്. 

നിർമാണച്ചെലവു കൂടിയതു കൊണ്ട് ഒരു ചിത്രം മികച്ചതാവണമെന്നോ മോശമാവണമെന്നോ ഇല്ല. അന്തിമമായി സിനിമയുടെ പ്രമേയത്തിലെ പുതുമയും ദൃശ്യാവിഷ്കാര തീവ്രതയും അഭിനേതാക്കളുടെയും മറ്റു സാങ്കേതിക പ്രവർത്തകരുടെയും പ്രകടനവുമാണ് വിലയിരുത്തപ്പെടുന്നത്.  നൂറു കണക്കിനു ചിത്രങ്ങൾ കണ്ട് വിധി നിർണയം നടത്തുകയെന്നത് പ്രയാസമേറിയ ജോലിയാണ്. ഇതു പരമാവധി ഭംഗിയായി നിർവഹിച്ച് പുരസ്കൃതരുടെ പട്ടിക തങ്ങളെ ചുമതലയേൽപ്പിച്ച ഭരണ കർത്താക്കൾക്കു കൈമാറുകയാണ് വിധികർത്താക്കൾ ചെയ്യുന്നത്. 

എന്നാൽ പ്രഖ്യാപനം നടത്തുന്ന മന്ത്രി രാഷ്ട്രീയവും സംവരണവും കുട്ടിക്കലർത്തി കലമുടയ്ക്കുന്നതാണ് വിധിനിർണയത്തിന്റെ ക്ലൈമാക്സ്. 

പ്രിയ ഭരണസാരഥികളേ പശുവിന്റെ ഗർഭം നിങ്ങൾ എറ്റെടുത്തോളൂ. പുരസ്കാര പ്രഖ്യാപനമെന്ന ക്ലൈമാക്സ് നശിപ്പിക്കരുത്. നല്ല ചലച്ചിത്രം പോലെ പുരസ്കൃതരായവരും പുരസ്കാരം നിർണയിച്ചവരും പ്രേക്ഷകരും അത് ആസ്വദിക്കട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA