ഡല്‍ഹിയില്‍ തിയറ്ററുകള്‍ തുറന്നു; സിനിമ കാണാനെത്തിയത് നാലു പേർ

delhi-theatre
SHARE

ലോക്​ഡൗണിന് ശേഷം തിയറ്ററുകള്‍  തുറന്നെങ്കിലും സിനിമ കാണാനെത്തിയത് നാലോ അഞ്ചോ പേർ മാത്രം. ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ്​ ഏരിയയിലെ തിയറ്ററില്‍ ഉച്ചയ്ക്കുള്ള ഷോയ്ക്ക്​ വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ്​ വിറ്റുപോയത്​. 2.30-നുള്ള ഷോയ്ക്ക്​ അഞ്ചുപേരും. പുതിയ സിനിമകളൊന്നും തിയറ്ററില്‍  റിലീസ്​ ചെയ്​തിട്ടില്ല എന്നതും ആളുകൾ കുറയാൻ കാരണമായി.

ആകെ 300 സീറ്റുകളുളള തിയറ്ററില്‍ 150 സീറ്റുകളില്‍ മാത്രമാണ് പ്രവേശനമുളളത്. 150 സീറ്റുകളുള്ള തിയറ്ററിലാണ്​ വിരലിലെണ്ണാവുന്നവര്‍ മാത്രം സിനിമ കാണാന്‍ എത്തിയത്.  പ്രവര്‍ത്തന ചെലവ് പോലും ആദ്യദിവസം ലഭിച്ചില്ല എന്നതാണ് വസ്തുത.

കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ്​ തിയറ്ററുകള്‍ വീണ്ടും തുറന്നത്​. അടുത്ത ആ​ഴ്​ചയോടെ പുതിയ സിനിമകള്‍ റിലീസ്​ ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ്​ തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. ഒരാഴ്​ചയോടെ തിയറ്ററുകളില്‍ ആളുകള്‍ എത്തിതുടങ്ങുന്നതോടെ ഡല്‍ഹിയിലെ 130 സ്​ക്രീനുകളിലും പ്രദര്‍ശനം തുടങ്ങാനാകുമെന്നാണ്​ പ്രതീക്ഷയെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു

തിയറ്ററിൽ പ്രവേശിക്കുന്നതിന്​ മുമ്പ്​ ശരീര താപനില പരിശോധിക്കും. കൂടാതെ പോപ്​കോൺ ഉൾപ്പെടെ ഭക്ഷ്യവസ്​തുക്കൾ യു.വി സാനിറ്റൈസേഷൻ നടത്തും. അഞ്ചാംഘട്ട അൺ​ലോക്കി​െൻറ ഭാഗമായാണ്​ തിയറ്ററുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്​. 50 ശതമാനം സീറ്റുകളിൽ മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ. ഉച്ചയ്ക്ക് 12 മുതൽ എട്ടുമണി വരെയാണ്​ പ്രദർശന സമയം.

കേരളത്തിൽ തിയറ്റർ അടഞ്ഞു തന്നെ

അടച്ചിടലിന്റെ 7–ാം മാസം സിനിമ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും കേരളത്തിൽ എന്നു തുറക്കുമെന്ന് തീരുമാനമായില്ല. മാർച്ച് 11 മുതൽ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. കുറഞ്ഞ സീറ്റുകളുമായി തിയറ്ററുകൾ തുറക്കുന്നതു നഷ്ടമാകുമോയെന്ന ആശങ്കയ്ക്കു പുറമേ, വിനോദ നികുതി പോലുള്ള അധിക ബാധ്യതകളും തിയറ്റർ ഉടമകളുടെ ചുമലിലുണ്ട്. 

ജിഎസ്ടിക്കു പുറമേ സംസ്ഥാനം ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കണമെന്ന ചലച്ചിത്ര വ്യവസായ മേഖലയുടെ ആവശ്യത്തോടു സർക്കാർ ഇനിയും അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും കൂട്ടായ്മയായ കേരള ഫിലിം ചേംബർ ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ മുഖ്യമന്ത്രിക്കു വീണ്ടും നിവേദനം നൽകി. കോവിഡ് പ്രതിസന്ധി മറികടക്കാൻ സംരക്ഷണ പാക്കേജ്  ആവശ്യപ്പെട്ടു ചേംബർ മേയ് 6 നു മുഖ്യമന്ത്രിക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. വൈദ്യുതി ഫിക്സഡ് ചാർജ് ഇളവും വിനോദ നികുതി ഒഴിവാക്കലും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണു ചേംബർ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു സമർപ്പിച്ചിട്ടുള്ളത്.  

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ നിയന്ത്രണങ്ങളോടെ  തിയറ്ററുകൾ തുറക്കാനാണു കേന്ദ്ര സർക്കാർ അനുമതി. സാമൂഹിക അകലം പാലിക്കുന്നതിനായി സീറ്റുകളുടെ എണ്ണം കുറയ്ക്കേണ്ടിവരും. എന്നാൽ, നടത്തിപ്പു ചെലവിൽ കുറവുണ്ടാകുകയുമില്ല. വിനോദ നികുതി മൂലം ടിക്കറ്റ് നിരക്കുകളിലും വർധനയുണ്ടാകും. ഫലത്തിൽ, വിനോദ നികുതിയെങ്കിലും  ഒഴിവാക്കാതെ തിയറ്ററുകൾ തുറക്കുന്നതു ലാഭകരമാകില്ലെന്നാണ് ആശങ്കം. വിനോദ നികുതി പിൻവലിക്കാതെ പുതിയ സിനിമകൾ റിലീസ് ചെയ്യില്ലെന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA