ADVERTISEMENT

തൊടുപുഴ കുടയത്തൂരില്‍  സിനിമാ സംഘം, സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മിച്ചെന്ന് പരാതി. പഞ്ചായത്തിന്റെ  പരാതിയെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ടതോടെ ഇരുപത്തി അയ്യായിരം രൂപ കെട്ടിവെച്ച്  ചിത്രീകരണം നടത്താന്‌‍ അനുമതി നല്‍കി. 

 

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാംപതിപ്പ് തൊടുപുഴയിലെ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരണം തുടരുന്നതിനിടെയാണ് കുടയത്തൂർ കൈപ്പകവലയിൽ തയ്യാറാക്കുന്ന സെറ്റിനെപ്പറ്റി പരാതി ഉയര്‍ന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള ലൊക്കേഷന്റെ സെറ്റ് ഇവിടെയായിരുന്നു. ഹരിതകേരളം പദ്ധതിക്ക് കീഴിൽ കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സർക്കാർഭൂമിയിൽ തൈകൾ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘം സെറ്റിട്ടത്. സംസ്ഥാനത്തെ 1261 പച്ചതുരുത്തുകളിൽ ഒന്നാണിതെന്നറിയാതെയായിരുന്നു സിനിമാ ഒരുക്കങ്ങള്‍.  

 

കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനത്തിന് ശേഷം കേരള സർക്കാർ പച്ചതുരുത്ത് എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെ സെറ്റുയര്‍ന്നു. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തിൽ  സ്ഥലത്ത് എത്തിയ ഹരിത മിഷൻ പ്രവർത്തകർ നിർമാണം തടഞ്ഞു.

 

പരാതി ലഭിച്ചതോടെ ജില്ലാ കലക്ടർ ഇടപെട്ട് ഇരുപത്തി അയ്യായിരം രൂപയുടെ ബോണ്ടിന്മേൽ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ചിത്രീകരണം തുടരാൻ അനുവദിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിനും  ഈ പ്രദേശത്ത് സെറ്റ് ഇട്ടിരുന്നു. അന്ന് പക്ഷേ പച്ചതുരുത്ത് ഉണ്ടായിരുന്നില്ലെന്ന് മാത്രം.  മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി പ്രദേശത്ത്  നേരത്തെ തന്നെ ചിത്രീകരണ അനുമതി  വാങ്ങിയിരുന്നതായി ദൃശ്യം 2 സിനിമാ സംഘം വ്യക്തമാക്കി. പച്ചതുരുത്ത് നശിപ്പിക്കാതെ  ചിത്രീകരണം തുടരുമെന്നാണ് അണിയറ പ്രവർത്തകരുടെ ഉറപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com