ADVERTISEMENT

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിക്കെതിരേ ഡബ്ല്യു സി സി. കേസിൽ അനിശ്ചിതത്വമാണെന്നും ജനങ്ങളും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ഇടപെടണമെന്നും സംഘടന പ്രസ്താവിച്ചു. കേസിൽ പരസ്യ പ്രസ്താവനകൾക്കു വിലക്കുള്ളപ്പോഴാണ് കോടതിക്കെതിരേ സമൂഹമാധ്യമത്തിലൂടെയുള്ള ആഹ്വാനം. കേസിനെ സ്വാധീനിക്കുന്ന വിധത്തിൽ പ്രസ്താവനകൾ ഇറക്കിയതിന് രേവതി, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ആഷിഖ് അബു എന്നിവർക്കെതിരെ കോടതി നോട്ടീസ് അയച്ചിരുന്നു.

 

പ്രസ്താവനയുടെ പൂർണ രൂപം: 'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്നു പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി.  കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായിഅറിയുന്നു. 

 

ഞങ്ങളുടെ  സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.  നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത്  ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള  മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം  എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ...

 

കേസിലെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്. അതിക്രമത്തിന് ഇരയായ നടിക്കു നിലവിലെ വിചാരണക്കോടതിയിൽ നിന്നു നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും വിചാരണ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ ഏറെ നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സ്പെഷൽ പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജിയിലാണു സാക്ഷി വിസ്താരം നിർത്തിവച്ചത്. ഇരയ്ക്ക് അർഹമായ നീതി ലഭിക്കാൻ വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന അപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള അവസരം നൽകണമെന്നും അതിനായി വിസ്താരം നിർത്തിവയ്ക്കണമെന്നും ആയിരുന്നു പ്രോസിക്യൂട്ടറുടെ അഭ്യർഥന. 

 

കഴിഞ്ഞ 14ന് സാക്ഷി വിസ്താരത്തിനിടെ തനിക്കെതിരെ കോടതി നടത്തിയ പരാമർശങ്ങൾ വാസ്തവമല്ലാത്തതും അനവസരത്തിലുള്ളതുമാണെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ നൽകിയ ഹർജിയിൽ പറയുന്നു. കോടതിക്കു ലഭിച്ച ഊമക്കത്ത് പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തിൽ വായിച്ച ശേഷമുണ്ടായ പരാമർശങ്ങളിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഫെബ്രുവരി 19ന് അപേക്ഷ നൽകിയിട്ടും കോടതി ഇതുവരെ പരിഗണിച്ചില്ലെന്നും പ്രോസിക്യൂട്ടറുടെ ഹർജിയിലുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജി വിചാരണക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com