ADVERTISEMENT

‌‌‌മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ. ചിത്രീകരണം പുരോഗമിക്കുന്ന 'ദൃശ്യം 2'ന്‍റെ ലൊക്കേഷനിലെത്തി സന്തോഷ് ശിവന്‍ സന്ദര്‍ശിച്ചു. ഒപ്പം  'ബറോസി'ന്‍റെ രചയിതാവ് കൂടിയായ ജിജോ പുന്നൂസും ഉണ്ടായിരുന്നു. സന്തോശ് ശിവൻ തന്നെയാണ് വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

 

2019ലാണ് മോഹൻലാൽ തന്റെ സ്വപ്നപദ്ധതിയായ ബറോസ് പ്രഖ്യാപിക്കുന്നത്. ഈ വർഷം ആരംഭിക്കാനിരുന്ന ചിത്രം പിന്നീട് കോവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോകുകയായിരുന്നു. താരനിരയിലെ ചില പുതുമുഖങ്ങളെയും സംഗീത സംവിധാനം നിര്‍വഹിക്കുന്ന ലിഡിയന്‍ നാദസ്വരത്തെക്കുറിച്ചും മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

 

കടലിലും കരയിലുമായി ഗാമയുടെ നിധികുംഭങ്ങൾ... 400 വർഷമായി അതിനു കാവൽനിൽക്കുന്ന ഒരാൾ... ബറോസ്! ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെ കാവൽക്കാരനായി ബറോസ് പോർച്ചുഗീസ് തീരത്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലു നൂറ്റാണ്ടു കഴിഞ്ഞു... ഓരോ കപ്പലെത്തുമ്പോഴും അയാൾ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടാവുമെന്ന്. 

 

കാത്തുസൂക്ഷിക്കാനായി ഗാമ നൽകിയ നിധി, ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറയുമ്പോൾ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണിനി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പ്രമേയമിതാണ്. അത്ഭുതങ്ങളിലൂടെയുള്ള യാത്രയെന്ന് ഇതിനെ മോഹൻലാൽ വിളിക്കുന്നു. കാണികളുടെ മുന്നിലേക്കു കടലും നിധികളും ശത്രുക്കളുമെല്ലാം കടന്നുവരുന്ന നിമിഷങ്ങൾ. 3 ഡി സ്ക്രീനിൽ തിയറ്റർ മുഴുവനും അത്ഭുത ലോകമാകുന്ന മണിക്കൂറുകൾ. 

 

മോഹൻലാൽ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. 40 വർഷം മുൻപു മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹൻലാലിനെ സംവിധായകനുമാക്കുന്നു. മോഹൻലാൽതന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്. പ്രധാന നിർമാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com