ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ക്രിപ്റ്റിൽ മാറ്റം വരുത്താതെ, നിശ്ചയിച്ച ഷെഡ്യൂളിൽ ഔട്ട്ഡോറും ഇൻഡോറും ഷൂട്ട് ചെയ്ത്  ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ മലയാളം സിനിമയായി ‘ഹോം’.  പതിനഞ്ചു ദിവസം ഔട്ഡോർ ഷൂട്ട് ഉൾപ്പെടെ നാല്പത്തിരണ്ടു ദിവസം തുടർച്ചയായി ഷൂട്ട് ചെയ്ത് സെറ്റിൽ ആർക്കും തന്നെ കോവിഡ് പോസിറ്റീവ് ആകാതെയാണ് ഈ ചിത്രം പൂർത്തിയായിരുന്നത്. 

 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രം റോജിൻ തോമസ് സംവിധാനം ചെയ്യുന്നു. ഇന്ദ്രൻസ് മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ഈ സിനിമ, രണ്ടുവർഷം മുൻപ് എഴുതിയ തിരക്കഥയിൽ ഒരു മാറ്റവും വരുത്താതെയാണ് ചിത്രീകരിച്ചത്.

 

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ എല്ലാ തൊഴിൽ മേഖലയെയും വലച്ചപ്പോൾ കുറച്ചു പേർക്കെങ്കിലും എങ്ങനെ ജോലി കൊടുക്കാം എന്ന ആലോചനയാണ് ഈ ചിത്രത്തിൽ കൊണ്ടെത്തിച്ചത് എന്ന് വിജയ് ബാബു പറയുന്നു.  നിബന്ധനകളോടെ സിനിമാ ഷൂട്ടിങ്ങിന് അനുമതി കിട്ടിയപ്പോൾ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെ ഒരു സിനിമ ചെയ്യാൻ കഴിയും എന്നായിരുന്നു തന്റെ ചിന്ത, അങ്ങനെയാണ് ഈ സ്ക്രിപ്റ്റ് തിരഞ്ഞെടുത്തത്.  നാം കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് മാറി ചിന്തിക്കണമെന്നും അതിനനുസരിച്ച് തങ്ങളുടെ പ്രവർത്തന ശൈലിയിലും മാറ്റം വരുത്തണമെന്നും അദ്ദേഹം പറയുന്നു.  

 

ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്യാൻ കഴിയാതിരുന്ന തന്റെ 'സൂഫിയും സുജാതയും' എന്ന ചിത്രം  ഒടിടി യിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ വ്യാപകമായ പ്രതിക്ഷേധം ഉയർന്നിരുന്നു.  എന്നാൽ ഇപ്പോൾ ഒടിടി റിലീസ് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു.  നാം പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.  മാർച്ചിൽ ലോക്ഡൗൺ ആയപ്പോൾ അത് ഒരു നീണ്ട കാലത്തേക്കുള്ള അടച്ചിടൽ  ആകും എന്ന് ആരും കരുതിയില്ല.  ഒക്ടോബറിൽ തിയറ്ററുകൾ തുറക്കാൻ സാഹചര്യം ഒരുങ്ങും എന്നാണു കരുതിയിരുന്നത് എന്നാൽ അതും കഴിയാത്ത സ്ഥിതിയാണ്.  അതുകൊണ്ടു തന്നെ പുതിയ ചിത്രം ഏതു വിധത്തിൽ റിലീസ് ചെയ്യുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.  

ഈ കാലത്ത് ഒന്നിനും ഒരു ഉറപ്പും പറയാൻ കഴിയാത്ത സാഹചര്യമാണ്. സിനിമ പൂർത്തിയാക്കണം എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യമെന്നും അത് എങ്ങനെ റിലീസ് ചെയ്യണം എന്നതിനെ കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  കോവിഡ് വ്യാപനത്തോടെ തൊഴിൽ ഇല്ലാതിരുന്ന കുറച്ചു പേർക്ക് തൊഴിൽ കൊടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നാണ് അത് തനിക്ക് സന്തോഷം നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു

 

പ്രായമായവർ ഉൾപ്പെടുന്ന സെറ്റിൽ ഒരു പ്രശ്നവുമില്ലാതെ ചിത്രീകരണം  പൂർത്തിയാക്കാൻ കഴിഞ്ഞു. ഗവൺമെന്റ് അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു.  പെർമിഷൻ എടുക്കേണ്ടത് അതെടുത്തു.   ഇടയ്ക്കിടെ കോവിഡ് ടെസ്റ്റുകൾ ചെയ്യേണ്ടിവന്നു എങ്കിലും ആർക്കും തന്നെ കോവിഡ് പോസിറ്റീവ് ആയിട്ടില്ല.  ഡിജിറ്റൽ അഡിക്‌ഷൻ വളരെയധികം വർധിച്ച ഈ കാലഘട്ടത്തിൽ ഡിജിറ്റലി ഔട്ട്ഡേറ്റഡായ ഒരാൾക്ക് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളാണ് മുഖ്യ പ്രമേയം.  

 

നർമ്മത്തിൽ ചാലിച്ച അഭിനയ മുഹൂര്‍ത്തങ്ങളുമുണ്ടാകും.  ഇന്ദ്രൻസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ശ്രീനാഥ് ഭാസി, ശ്രീകാന്ത് മുരളി, മഞ്ജുപിള്ള, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റ് അഭിനയേതാക്കൾ.  വിജയ് ബാബുവും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.  ഇതൊരു ഹീറോ സെൻട്രിക് മൂവി അല്ല സ്ക്രിപ്റ്റാണ് ഇതിൽ ഹീറോ എന്ന് വിജയ് ബാബു പറയുന്നു.  ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.  ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിന്റെ  ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ഈ സിനിമയിക്കുണ്ട്. പ്ലാൻ ചെയ്തത പ്രൊഡക്‌ഷൻ കോസ്റ്റിൽ തന്നെ സിനിമ പൂർത്തിയാക്കാനും കഴിഞ്ഞു. 

 

കോവിഡ് പ്രതിസന്ധിയിലായ സിനിമാ പ്രവർത്തകർക്ക് ഒരു പുത്തനുണർവ് തന്നെയാണ് വിജയ് ബാബുവിന്റെ 'ഹോം' വിജയകരമായി പൂർത്തിയാക്കിയത്തിൽ നിന്നും ലഭിച്ചത്.  അവസാന ദിവസ കോവിഡ് ടെസ്റ്റിലും ആർക്കും രോഗബാധ ഉണ്ടാകാതെ എല്ലാവരും സേഫ് ആയി വീട്ടിൽ എത്തി എന്നുള്ളത് ആശ്വാസകരമാണ് എന്ന് വിജയ് ബാബു കൂട്ടിച്ചേർത്തു.    ഓരോ സിനിമകളിലും വ്യത്യസ്തമായ ആശയവും പുതുമുഖങ്ങള്‍ക്ക് അവസരവും നൽകുന്ന ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമാണ കമ്പനിക്ക് അഭിമാനിക്കാവുന്ന ചിത്രം കൂടിയാകും ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com