ADVERTISEMENT

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും. കോവിഡിന്റേതായ ലക്ഷണങ്ങളോ മറ്റു പ്രശ്നങ്ങളോ തനിക്കില്ലെന്നും സുഖം പ്രാപിച്ച് എത്രയും പെട്ടന്നു തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും പൃഥ്വിരാജ് അറിയിച്ചു.

 

ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊച്ചിയില്‍ പൂർത്തിയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നും മാറി ഒറ്റയ്ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂൾ പൂർത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആകുന്നത്.  ആടുജീവിതം ഷൂട്ടിനു ശേഷം നാട്ടിലെത്തിയപ്പോൾ താമസിച്ച ഫോർട്ടുകൊച്ചിയിലെ അതേ ഹോട്ടലിൽ സെൽഫ് ക്വാറന്റീനിലാണ് ഇപ്പോൾ താരം.

 

‘ഒക്ടോബർ 7 മുതൽ ഡിജോ ജോസ് ആന്റണിയുടെ ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാൻ. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചിത്രീകരണത്തിൽ കർശനമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായി, ചിത്രീകരണത്തിനു മുൻപു തന്നെ എല്ലാവരും കോവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. അവസാന ദിവസം ചിത്രീകരിച്ച കോടതി രംഗത്തിനു മുൻപും ഞങ്ങൾ എല്ലാവരും വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി. നിർഭാഗ്യവശാൽ, ഇത്തവണ കോവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു. അതിനാൽ ഐസൊലേഷനിലാണ് ഞാനിപ്പോൾ. കോവിഡിന്റേതായ ലക്ഷണങ്ങളോ മറ്റു പ്രശ്നങ്ങളോ എനിക്കില്ല. എന്റെ പ്രൈമറി–സെക്കണ്ടറി കോൺടാക്ട് പട്ടികയിലുള്ളവരോട് ഐസോലേഷനിൽ പോകാനും ടെസ്റ്റ് നടത്താനും നിർദേശിച്ചിട്ടുണ്ട്. വേഗം തന്നെ സുഖം പ്രാപിച്ച് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എല്ലാവരുടെ സ്നേഹത്തിനും കരുതലിനും നന്ദി.’–പൃഥ്വിരാജ് പറഞ്ഞു. 

 

സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ആണ് പൃഥ്വിരാജിന്റേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം. ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് ചിത്രീകരണം പൂർത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു ശേഷം ജോർദ്ദാനിൽ നിന്നു മടങ്ങിയെത്തിയ പൃഥ്വിരാജ്, രണ്ടാഴ്ച കൊച്ചിയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. 

 

മെയ് അവസാന വാരത്തോടൊണ് പൃഥ്വിരാജും സംഘവും ജോർദ്ദാനിൽ നിന്നും മടങ്ങിയത്തിയത്. ലോക്ഡൗണിനെ തുടർന്ന് പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇവർ കൊച്ചിയിലെത്തിയത്. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

 

English Summary: Actor Prithviraj tests positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com