ADVERTISEMENT

രാജിന്റെയും സിമ്രാന്റെയും പ്രണയം ഏതാണ്ടു മൂന്ന് പതിറ്റാണ്ടിനിപ്പുറവും നമ്മുടെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു. ‘ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ’ എന്ന പ്രണയകാവ്യം റിലീസ് ചെയ്തിട്ട് ഇന്ന് 25 വർഷം. മൊബൈൽ ഫോൺ, ചാറ്റിങ് തുടങ്ങിയ ന്യൂജെൻ പ്രണയവാഹിനികൾ വരുന്നതിനു മുമ്പെ പ്രണയിച്ച് ഒന്നിച്ചവരാണ് രാജും സിമ്രാനും. 

 

ഷാറൂഖ് ഖാനും കജോളും അഭിനയിച്ച ബോളിവുഡിലെ മനോഹരമായ പ്രണയ ചിത്രങ്ങളിലൊന്നായ ദിൽവാലെ 1995ലാണ് പുറത്തിറങ്ങിയത്. ‘പ്യാർ സബ് കുച്ച് നഹി ഹോത്താ ഹെ’ (സ്‌നേഹം കൊണ്ടു മാത്രം എല്ലാം ആവില്ല) എന്നു നിറമിഴികളോടെ പറയുന്ന നായകൻ എന്നും പ്രേക്ഷകരുടെ മനസ്സുലയ്ക്കുന്നു. ഷാറൂഖിനും കജോളിനും സംവിധായകനെന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ആദിത്യ ചോപ്രയ്‌ക്കും ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ എന്ന ചിത്രം ഗംഭീര വഴിത്തിരിവായിരുന്നു. ഷാറൂഖ് ഖാനിൽ നിന്നു ബോളിവുഡിന്റെ കിങ് ഖാനിലേക്കുള്ള യാത്രയിലെ നാഴികക്കല്ലുകളിലൊന്ന്. 

 

ഇതാ ‘ദിൽവാലെ...’യുടെ ചില കൗതുക വിശേഷങ്ങൾ (തിരക്കഥയിലില്ലാത്തത്): 

 

‘ദിൽവാലെ’യുടെ ആദ്യ സീൻ ഷൂട്ട് ചെയ്‌തത് എവിടെ? 

 

ലണ്ടനിലെ ട്രഫൽഗർ സ്‌ക്വയറിൽ. ചിത്രം തുടങ്ങുന്നതു ബൽദേവ് (അമരീഷ് പുരി) പ്രാവുകൾക്കു തീറ്റ കൊടുക്കുന്നതു കാണിച്ചുകൊണ്ടാണ്. ബൽദേവ് ലണ്ടനിലെ കട തുറക്കുന്നതിനു മുൻപു പതിവായി പ്രാവുകൾക്കു തീറ്റ കൊടുക്കും. സിമ്രാന്റെ (കജോൾ) അച്‌ഛനാണു ബൽദേവ്. 

 

‘ദിൽവാലെ’യിൽ രാജ് (ഷാറുഖ്) റോക്കി, റോബി എന്നീ കൂട്ടുകാരോടൊപ്പം ട്രെയിൻ യാത്രയ്‌ക്കു പോകുന്ന രംഗമുണ്ട്. കൂട്ടുകാരെ അവതരിപ്പിച്ച രണ്ടുപേരും പിന്നീട് സംവിധായകരായി. ആരാണവർ? 

 

റോക്കിയെ അവതരിപ്പിച്ചതു പിന്നീടു പ്രശസ്‌ത സംവിധായകനായി മാറിയ കരൺ ജോഹർ ആണ്. അർജുൻ സബ്‌ലോക് ആണു രണ്ടാമൻ. ‘നാ തും ജാനോനാ ഹം’, ‘നീൽ ആൻഡ് നിക്കി’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തു പിന്നീടു ശ്രദ്ധേയനായി. 

 

ചിത്രത്തിന്റെ പ്രശസ്‌തമായ ‘ടാഗ്‌ലൈൻ’ എന്തായിരുന്നു ? 

 

കം... ഫോൾ ഇൻ ലവ്. 

 

‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന പേര് തിരഞ്ഞെടുത്തതെങ്ങനെ? 

 

അനുപം ഖേറിന്റെ ഭാര്യ കിരൺ ഖേറിനാണ് ഈ പേരിട്ടതിനു സംവിധായകൻ ആദിത്യ ചോപ്ര ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്. കഥ കിരണിന് ഏറെ ഇഷ്‌ടമായി. ശശി കപൂർ അഭിനയിച്ച ‘ചോർ മച്ചായേ ഷോർ’ എന്ന ചിത്രത്തിലെ ഗാനത്തിലെ വരിയാണു ‘ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ. ’ ഈ ചിത്രത്തിന് ആ പേരു നന്നാവുമെന്നു കിരൺ പറഞ്ഞു. പേരു ചരിത്രമായി മാറുകയും ചെയ്‌തു. ഷാറൂഖിന്റെ കഥാപാത്രത്തിന്റെ അച്‌ഛനായാണ് അനുപം ഖേർ ഈ ചിത്രത്തിൽ അഭിനയിച്ചത്. 

 

ഈ സിനിമ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ചതിന് റെക്കോർഡ് നേടിയ തിയറ്റർ ? 

 

മുംബൈ മറാഠാ മന്ദിർ.  1009 ആഴ്‌ച തുടർച്ചയായി ഈ ചിത്രം പ്രദർശിപ്പിച്ചു. 

 

പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായി വരികയായിരുന്ന ഷാറൂഖിനെ ഇത്തരമൊരു ശുദ്ധ പ്രണയ ചിത്രത്തിൽ നായകനായി തിരഞ്ഞെടുക്കാൻ കാരണം ? 

 

ആദിത്യ ചോപ്ര ആദ്യം സമീപിച്ചതു സെയ്‌ഫ് അലി ഖാനെ ആയിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിച്ചില്ല. അപ്പോഴാണു ഷാറൂഖ് ആയാലെന്താ എന്ന് ആദിത്യയ്‌ക്കു തോന്നിയത്. റൊമാന്റിക് കാമുകന്റെ വേഷം ഷാറൂഖ് ആദ്യം നിരസിച്ചു. ‘ബാസിഗർ’, ‘ഡർ’ തുടങ്ങിയ ചിത്രങ്ങളിലെ ആന്റി ഹീറോ കഥാപാത്രങ്ങളെ അവതരിപ്പിച്ച സമയമായിരുന്നു അത്. ആദിത്യ ചോപ്ര പറഞ്ഞു ഷാറ‌ൂഖിന്റെ മനസ്സ് മാറ്റുകയായിരുന്നു. 

 

കജോളിന്റെ പ്രകടനം ? 

 

‘രുക് ജാ ഓ ദിൽ ദിവാനേ’ എന്ന ഗാനരംഗം ചിത്രീകരിക്കുമ്പോൾ കജോൾ വീഴുന്ന രംഗമുണ്ട്. ആദിത്യ ചോപ്ര കജോളിനോടു വീഴുമെന്നു നേരത്തെ പറഞ്ഞില്ല. വീഴുമ്പോഴുള്ള യഥാർഥ ഭാവം കിട്ടുകയായിരുന്നു ലക്ഷ്യം. വീണു കഴിഞ്ഞ് ഒരു ദിവസത്തേക്കു കജോൾ ആദിത്യയോടു മിണ്ടിയില്ല. 

 

ക്ലൈമാക്‌സ്: ആദിത്യ ചോപ്ര ഈ ചിത്രം ഇംഗ്ലിഷ് ഭാഷയിൽ എടുക്കാനിരുന്നതാണ്. ലണ്ടൻകാരനായ നായകനും ഇന്ത്യക്കാരിയായ പെൺകുട്ടിയും തമ്മിലുള്ള പ്രണയം. ടോം ക്രൂസ് നായകനും ഒരു ഇന്ത്യൻ നടി നായികയുമായ ചിത്രമായിരുന്നു ലക്ഷ്യം. പക്ഷേ ആദിത്യയുടെ അച്‌ഛൻ യഷ് ചോപ്ര പറഞ്ഞു- ഇന്ത്യൻ നടൻ തന്നെ മതി. അങ്ങനെയാണു ഹിന്ദിയിൽ ചിത്രമെടുക്കാമെന്നു തീരുമാനിച്ചത്. ടോം ക്രൂസിനു പകരം ഷാറൂഖ് വന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com