ADVERTISEMENT

കത്തോലിക്കാ സഭയിലെ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭംഗമായ ഫാദർ റോയ് കാരക്കാട്ടിന് കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം. അദ്ദേഹം സംവിധാനം ചെയ്ത 'കാറ്റിനരികെ' എന്ന ചിത്രത്തിനാണ്  44–ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ നവാഗത പ്രതിഭയ്ക്കുളള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. 

 

fr-roy

അശോകനും സിനി എബ്രഹാമും നായികാനായകന്മാരായി അഭിനയിച്ച കാറ്റിനരികെ, മലയാളത്തിൽ ഒരു വൈദികൻ സംവിധാനം ചെയ്ത് പൂർത്തീകരിച്ച ആദ്യ ഫീച്ചർ ഫിലിം ആണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.  ഒരു മലഞ്ചെരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് പ്രമേയം. സിദ്ധാർഥ് ശിവ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

 

ഈ സിനിമക്ക് ക്യാമറ ചെയ്തിരിക്കുന്നത് ഷിനൂബ് ടി. ചാക്കോ. സംഗീതം നോബിൾ പീറ്റർ, എഡിറ്റർ വിശാഖ് രാജേന്ദ്രൻ. ആർട് സൂരജ് ആർ.കെ. മേക്കപ്പ് സിനൂപ് രാജ്

ashokan-roy

 

roy

സിനിമയിലൂടെ സന്ദേശം

 

സമാന ചിന്താഗതിക്കരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്ത സിനിമയാണ് ‘കാറ്റിനരികെ’ എന്ന് ഫാദർ റോയ് കാരക്കാട്ട് പറയുന്നു.  ‘സിനിമയിലൂടെ ആദർശങ്ങളും നല്ല സന്ദേശങ്ങളും പകർന്നുകൊടുക്കുക എന്നുള്ളതാണ് എന്റെ ഉദ്ദേശം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെയാണ് ഈ ചിത്രം പൂർത്തീകരിക്കാൻ കഴിഞ്ഞത്.’–ഫാദർ റോയ് പറയുന്നു.

 

റോയി അച്ചന്റെ സുഹൃത്തും വൈദികനുമായ ആന്റണിയുമായി ചേർന്നാണ് കഥ എഴുതിയത്.  പിന്നെ സുഹൃത്തായ സ്മിറിൻ സെബാസ്റ്റ്യൻ ഒപ്പം കൂടി , മൂന്നുപേരുടെയും അനുഭവങ്ങളും കാഴ്ചപ്പാടുകളും ചേർന്നപ്പോൾ ഈ സിനിമയുടെ തിരക്കഥയായി.    

 

ചെറുപ്പത്തിലേ എഴുതി തുടങ്ങി

 

ചെറുപ്പം മുതൽ തന്നെ കഥ എഴുതുമായിരുന്നു.  അത് സെമിനാരിയിൽ ചേർന്നതിനുശേഷവും തുടർന്നു.  കോളജ് മാഗസിനിൽ എഴുതിത്തുടങ്ങി, അതിനു ശേഷം ജേർണലിസം പഠിക്കുകയും ചങ്ങനാശേരി മീഡിയ വില്ലേജിൽ എത്തപ്പെടുകയും ചെയ്തു.  അവിടെ നിന്നും സിനിമ പഠിച്ചതിന്‌ ശേഷം ഡോക്യൂമെന്ററികളും ഹ്രസ്വ ചിത്രങ്ങളും ചെയ്തു.  2018 അദ്ദേഹം ചെയ്ത 'ദി ലാസ്റ്റ് ഡ്രോപ്പ്' എന്ന ഹ്രസ്വ ചിത്രത്തിന് കൽക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ചു.

 

കലയോട് വളരെയധികം താല്പര്യമുള്ള  ഫാദർ റോയ് കാരക്കാട്ട് ഇപ്പോൾ സിനിമയിൽ പി എച്ച് ഡി  ചെയ്തുകൊണ്ടിരിക്കുകയാണ്. എംജി യൂണിവേഴ്സിറ്റിയിൽ ഡോ. ജോസ് കെ മാനുവലിന്റെ കീഴിൽ ആണ് പി എച്ച് ഡി  ചെയ്യുന്നത്.  പുതിയ ചില കഥകൾ മനസ്സിൽ ഉണ്ടെന്നും പഠനം കഴിഞ്ഞാൽ ഉടൻ പുതിയ സിനിമക്കായുള്ള ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com