ADVERTISEMENT

സിനിമാ പൈറസി വെബ്‌സൈറ്റായ തമിള്‍റോക്കേഴ്‌സിനു പൂട്ട്. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് മുന്‍നിര്‍ത്തി ആമസോണ്‍ ഇന്റര്‍നാഷനല്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസ്സൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് രറജിസ്ട്രിയില്‍ (ഐസിഎഎൻഎൻ) നിന്ന് തമിള്‍റോക്കേഴ്‌സിനെ നീക്കിയതോടെയാണ് സൈറ്റ് അപ്രത്യക്ഷമായതെന്നാണ് റിപ്പോര്‍ട്ട്. 

 

ഡൊമൈന്‍ സസ്പെൻഡ് ചെയ്തതോടെ തമിഴ്റോക്കേഴ്സ് എന്ന പേരിലോ അതിനു സമാനമായ പേരിലോ വെബ്സൈറ്റിനു റജിസ്റ്റർ ചെയ്യാനാകില്ല. ഇതോടു കൂടി തമിഴ്റോക്കേഴ്സ് എന്ന പേരു തന്നെ ഇന്റർനെറ്റ് ലോകത്തുനിന്നു അപ്രത്യക്ഷമായേക്കാം.

 

അതേസമയം ബ്ലോക്ക് ചെയ്യപ്പെടുമ്പോഴെല്ലാം ഡൊമൈനുകള്‍ നിരന്തരം പുതിയ ലിങ്കുകളിലേക്ക് മാറ്റി പ്രത്യക്ഷപ്പെടുന്ന സൈറ്റാണിത്. അതിനാല്‍ വൈകാതെ തന്നെ വെബ്‌സൈറ്റ് ലഭ്യമായേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. 

 

ഏറ്റവും പുതിയ ചിത്രങ്ങളുടെ പകര്‍പ്പ് അപ്‌ലോഡ് ചെയ്താണ് സൈറ്റ് കുപ്രസിദ്ധിയാര്‍ജിച്ചത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഹലാൽ ലവ് സ്റ്റോറി അടക്കമുള്ള സിനിമകളുടെ എച്ച്ഡി പ്രിന്റുകൾ സൈറ്റിൽ അപ്‌ലോ‍ഡ് ചെയ്തിരുന്നു. 

 

റിപ്പോർട്ടുകൾ സത്യമാണെങ്കിൽ സിനിമാ ലോകത്തു തന്നെ ഇത് വലിയ ആശ്വാസമാകും. തമിഴ്, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലിഷ്, മലയാളം, കന്നഡ ചിത്രങ്ങളുടെ വ്യാത പതിപ്പുകൾ തുടര്‍ച്ചയായി അപ്‌ലോഡ് ചെയ്യപ്പെടാറുണ്ട്. ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവ പ്രീമിയറിനൊപ്പം തന്നെ തമിഴ്റോക്കേഴ്‌സ് സ്ട്രീം ചെയ്തിരുന്നു. വെബ്‌സൈറ്റ് പൂട്ടിക്കാന്‍ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായിട്ടും ഇതുവരെ വിജയിച്ചിരുന്നില്ല.

 

തിങ്കളാഴ്ച വൈകിട്ട് മുതല്‍ സൈറ്റ് ലഭ്യമാകാതിരുന്നതോടെയാണ് അടച്ചുപൂട്ടപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. ആമസോണ്‍ ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിതെന്ന വിവരവും പുറത്തുവരികയായിരുന്നു. ട്വിറ്ററിൽ ഇത് സംബന്ധിച്ച ചർച്ചകളും സജീവമാണ്.

 

ഇനി ഇവർ മറ്റേതെങ്കിലും പേരിൽ വീണ്ടുമെത്തുമോ എന്നതാണ്  സിനിമാ ലോകത്തിന്റെ ആശങ്ക. അതേസമയം ടെലിഗ്രാം പോലുള്ള സൈറ്റുകളിൽ ഇപ്പോഴും വ്യാജ പ്രിന്റുകൾ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com