ADVERTISEMENT

തിയറ്റർ കാത്തിരുന്ന സിനിമകളെല്ലാം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ്  ചെയ്യുന്നു.തിയറ്ററുകൾ തുറന്നാൽ പ്രേക്ഷകനെ ആകർഷിക്കാൻ പറ്റിയ വലിയ സിനിമകളുണ്ടോ എന്ന സംശയം ബാക്കി.കോടികൾ മുടക്കിയ തിയറ്റർ വ്യവസായത്തിന്റെ   തകർച്ചകളുടെ കഥകൾ സജീവമായി നിൽക്കുന്ന കോവിഡ് കാലത്ത് പോയവാരം മോഹൻലാൽ ഒരു ഞെട്ടിക്കൽ നടത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആശിർവാദ് സിനിമാസിന്റെ പുതിയ തിയറ്ററുകൾ വരുന്നുവെന്നായിരുന്നു ലാലിന്റെ പ്രഖ്യാപനം.സിനിമ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയുടെ തിരി തെളിക്കുകയാണ് മോഹൻലാൽ.ആ കാത്തിരിപ്പിലാണ് മലയാള സിനിമയും.

 

2020 ന്റെ തുടക്കം കേരളത്തിലെ തിയറ്ററുകൾക്ക് ചാകരയായിരുന്നു. ഇറങ്ങുന്ന സിനിമകൾ ഒന്നിനൊന്ന് ജനപ്രിയം, സിനിമ കാണാൻ തിയറ്ററുകളിൽ ജനപ്രളയം. അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട്, കപ്പേള, അ‍ഞ്ചാം പാതിര, ഫോറൻസിക് ഇങ്ങനെ കാശുവാരി പടങ്ങൾ നിറഞ്ഞു കളിക്കുമ്പോഴാണ് കോവിഡിന്റെ വരവ്. പെട്ടെന്നാണ് ടിക്കറ്റ് കൗണ്ടറിനു  താഴു വീണത്. പ്രതിസന്ധി ഒരുമാസം കൊണ്ട് അവസാനിക്കുമെന്നാണ് കരുതിയത്. ഏറിയാൽ മൂന്നുമാസം, എന്തായാലും ഓണത്തിന് പുതിയ സിനിമകൾ റിലീസ് ചെയ്യും എന്നു തന്നെ എല്ലാവരും കരുതി. എന്നാൽ, ഓണം കഴിഞ്ഞു; ക്രിസ്മസും എത്താറായി. തിയേറ്റർ എന്നു തുറക്കുമെന്നു മാത്രം ആർക്കും അറിയില്ല. തിരിക്കുപിടിച്ച് തുറക്കേണ്ടതില്ല എന്നാണ് കേരളത്തിലെ ഭൂരിപക്ഷം തീയറ്റർ ഉടമകളും പറയുന്നത്. 

 

സ്കൂൾ എന്നു തുറക്കുന്നോ അന്നുമതി തിയറ്ററും തുറക്കുന്നത് എന്നാണ് കോഴിക്കോട് അപ്സര തിയറ്ററിന്റെ മാനേജിങ് പാട്ണർ ജോസ് ജോസഫ് പറയുന്നത്. ‘‘ബസുകൾക്ക് ഓടാൻ അനുമതി കൊടുത്തിട്ട് എന്തായി? നിരത്തിലിറങ്ങിയ ബസുകളെല്ലാം നഷ്ടത്തിലാണ് ഓടുന്നത്. അത്യാവശ്യക്കാർ പോലും കയറുന്നില്ല. സിനിമ മനുഷ്യന് അത്യാവശ്യമായ ഒരു സംഗതി അല്ലെന്നുകൂടി ഓർക്കണം. പ്രേക്ഷകരെ ഭീഷണിപ്പെടുത്തി തീയറ്ററിൽ കയറ്റാൻ പറ്റുമോ?’’ ജോസ് ജോസഫ് ചോദിക്കുന്നു. ‘‘ഒന്നു രണ്ട് വലിയ പടങ്ങൾ വന്ന് കളിച്ച് ആളുകളെ ഇളക്കി കഴിഞ്ഞാൽ മാത്രമേ സിനിമകൾ പ്രദർശിപ്പിക്കാൻ ആത്മ വിശ്വാസം ആകൂ. മോഹൻലാലിന്റെ മരയ്ക്കാർ, മമ്മൂട്ടിയുടെ വൺ, ഫഹദിന്റെ മാലിക്ക് തുടങ്ങിയ വലിയ പടങ്ങൾ വന്ന് വിജയിച്ചുകഴിഞ്ഞാൽ പിന്നെ പഴയരീതിയിൽ കാര്യങ്ങൾ പൊയ്ക്കോളും. അതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. ജോസ് ജോസഫ് പറഞ്ഞു. 

 

എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ തിയറ്ററുകൾ തുറന്നു നോക്കാം എന്ന അഭിപ്രായക്കാരനാണ് കോട്ടയം അഭിലാഷ് തിയറ്റർ ഗ്രൂപ്പുകളുടെ ഉടമ ജി.ജോർജ് എന്ന അജി. ടിക്കറ്റ് കൗണ്ടറിൽ സാനിറ്റൈസർ നിർബന്ധമാക്കുക, സമൂഹിക അകലം ഉറപ്പുവരുത്തുക തുടങ്ങി കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാൽ അപകടമില്ലാതെ സിനിമ പ്രദർശിപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ആളുകളെ ഇരുത്തുക, തിയറ്ററിനുള്ളിൽ സ്നാക്സ് നിരോധിക്കുക, സിനിമയുടെ ഇടവേള ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജി.ജോർജ് മുന്നോട്ടു വയ്ക്കുന്നു. മാത്രമല്ല, തിയറ്ററിൽ കാണികൾ നേരെ മുൻപോട്ടു നോക്കിയാണല്ലോ ഇരിക്കുന്നത്. സംസാരിക്കുന്നുമില്ല, അപ്പോൾ അപകടസാധ്യത കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. ബംഗാളിൽ കഴിഞ്ഞ ദിവസം സിനിമ പ്രദർശനത്തിനെത്തിയിട്ട് അനുവദനീയമായ 50 ശതമാനം സീറ്റുകളും ഫുൾ ആയി എന്ന് ജോർജ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇവയൊക്ക വിജയകരമായി നടപ്പാകണമെങ്കിൽ തിയറ്റർ ഉടമകളോട് സർക്കാർ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

ടൂറിസം മേഖലയിലും മറ്റും സർക്കാർ സ്വീകരിച്ച ഉദാരമായ സമീപനം തിയറ്ററുകാരോടും സ്വീകരിക്കണമെന്നാണ് കോഴിക്കോട് മുക്കത്ത് അഞ്ചു തിയറ്ററുകൾ നടത്തുന്ന കെ.ഒ.ജോസഫ് എന്ന കുഞ്ഞേട്ടൻ പറയുന്നത്. ജിഎസ്ടിക്കു പുറമേ സർക്കാർ ഏർപ്പെടുത്തയ വിനോദ നികുതി, പ്രളയ സെസ് എന്നിവ പൂർണമായി ഒഴിവാക്കിക്കൊടുക്കുക, വൈദ്യുതി ഇനത്തിലെ ഫിക്സഡ് ചാർജ് ഒഴിവാക്കുക എന്നിവയെങ്കിലും സർക്കാർ അംഗീകരിച്ചെങ്കിലേ തിയറ്ററുകൾ തുറന്നിട്ടു കാര്യമുള്ളു എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിലെ നല്ലൊരു ഭാഗം തിയറ്ററുകളും മികച്ച ശബ്ദ സംവിധാനത്തോടെ നവീകരിച്ച് മികവുറ്റതാക്കിയിരുന്നു. ഈയിനത്തിൽ പലർക്കും കോടികളാണ് ചെലവായിട്ടുള്ളത്. മികച്ച ഇരിപ്പിടങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, നല്ല ഭക്ഷണം കിട്ടുന്ന കഫറ്റീരിയകൾ ഇവയെല്ലാം ഈ നവീകരണത്തിന്റെ ഭാഗമായി വന്നതാണ്. അതുകൊണ്ടുതന്നെ വലിയ തുക ലോൺ അടയ്ക്കേണ്ട ബാധ്യതയുമുണ്ട് പലർക്കും. അതിന്റെ കൂടെയാണ് തൊഴിലാളികളുടെ ബുദ്ധിമുട്ട്. പലരും ഓണം വരെ പകുതി തുക ശമ്പളം നൽകിയിരുന്നു. പിന്നീട് 30 ശതമാനവും 25 ശതമാനവുമൊക്കെയായി നൽകി. ഇപ്പോൾ ജോലിക്കുവരുന്ന ഓപ്പറേറ്റർമാർക്കും സെക്യൂരിറ്റി സ്റ്റാഫിനും മാത്രമേ ശമ്പളം നൽകുന്നുള്ളു. 

 

ഈ പ്രതിസന്ധിക്കിടയിലും തിയറ്ററുകൾ കൂടുതൽ മോടി കൂട്ടുന്ന തിരക്കിലാണ് പല ഉടമകളും. കോട്ടയം അഭിലാഷ് തിയറ്ററിലേക്ക് പുതിയ ഇരിപ്പിടങ്ങൾ എത്തിക്കഴിഞ്ഞു. ചങ്ങനാശേരി അനു അഭിനയ തിയറ്ററുകളിലും നവീകരണം പുരോഗിമിക്കുന്നുണ്ട്. ഫെബ്രുവരിയോടെ കോവിഡ് മഹാമാരി ഒഴിയുമെന്നും തിയറ്ററുകളിൽ വീണ്ടും പഞ്ച് ഡയലോഗുകളുടെ ഇടിമുഴക്കങ്ങൾ ഉയരുമെന്നും തന്നെയാണ് ഏവരുടെയും പ്രതീക്ഷ. വിഷുക്കാലത്ത് മോഹൻലാലിന്റെ ദൃശ്യം 2 പ്രദർശനത്തിനെത്തുന്നതോടെ ജനം തിയറ്ററിലേക്ക് എത്തുമെന്നു തന്നെയാണ് വിതരണക്കാരടുെയും പ്രതീക്ഷ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com