കൂടെ നിന്നത് നസ്രിയയും അനന്യയും; ഇനി ജീവിക്കുന്നത് മകനുവേണ്ടി: മേഘ്ന വിഡിയോ അഭിമുഖം

meghana-raj-baby-video
SHARE

ചിരുവിന്റെ മരണത്തിൽ മാനസികമായി തളർന്നുപോയിരുന്നെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഘ്ന.

‘ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിൽ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ചിരു അതിന് നേർ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ?.’–മേഘ്ന പറയുന്നു.

‘മകൻ ചിരുവിനെപ്പോലെ തന്നെയാണ്. നമുക്ക് ആൺകുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നു. എന്നാൽ നമ്മുടേത് പെൺകുട്ടിയാകുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് സത്യമായി. ലയൺകിങിലെ സിംബയെപ്പോെല കുട്ടിയെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. ലയൺകിങ് കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു. ഇത് ചിരു കണ്ടിട്ടുമുണ്ട്. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും അന്ന് പറയുകയുണ്ടായി. എന്നാൽ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയായി.’–മേഘ്ന പറഞ്ഞു.

‘മകന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ എല്ലാ ഓര്‍മകളും വഹിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും  കൂടെനിന്നു. എനിക്ക് ഇപ്പോള്‍ എന്റെ കുഞ്ഞ് ഉണ്ട്. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ എന്റെ മകനെയും ഞാൻ വളർത്തും.

meghana-baby-cradle

‘അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറഞ്ഞു.

കുഞ്ഞിനു പ്രത്യേക തൊട്ടിൽ

കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ കലഘട്‍ഗിയില്‍ നിന്നുള്ള ശില്‍പ്പികള്‍ നിര്‍മിച്ച പ്രത്യേക തൊട്ടിലാണ് ചിരഞ്‍ജീവിയുടെയും മേഘ്‍നയുടെയും കുഞ്ഞിനായി സമ്മാനിക്കുന്നത്. ചിരഞ്‍ജീവിയോടും മേഘ്‍നയോടുള്ള സ്‍നേഹത്തിന്റെ സൂചനയാണിത്. ശ്രീകൃഷ്‍ണന്റെ ജീവിതത്തിലെ ദൈവീക സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് തൊട്ടില്‍ ഒരുക്കിയിരിക്കുന്നത്. തൊട്ടിൽ സമ്മാനിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പൂജയും നടത്തിയിരുന്നു. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും ഗംഭീരമായി നടത്താനാണ് ആലോചന. കുടുംബജ്യോത്സൻ വിശേഷപ്പെട്ട ഒരു വാക്ക് കുഞ്ഞിന്റെ പേരിനായി കണ്ടെത്തിയെന്നും ഈ വാക്കിൽ തുടങ്ങുന്ന പേരാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും മേഘ്ന പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA