ADVERTISEMENT

ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തല ഉയർത്തിനിന്ന് പോരാടാൻ തനിക്ക് ധൈര്യം തന്നത് മഞ്ജു വാരിയരാണെന്ന് വനിതാ സംരംഭകയായ സിൻസി അനിൽ.  മഞ്ജു ഒപ്പമുള്ളപ്പോൾ തനിക്കു കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും സിൻസി പറയുന്നു.  മഞ്ജു വാര്യരുമായുള്ള അപൂർവ സൗഹൃദത്തെക്കുറിച്ച് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു സിൻസി.

 

‘എനിക്ക് ഹോം മെയ്ഡ് ചോക്ലേറ്റിന്റെ ബിസിനസ് ഉണ്ട്. ഒരു ഹോട്ടലിൽ വച്ച് അവിചാരിതമായാണ് മഞ്ജു ചേച്ചിയെ കണ്ടത്.  ഞാൻ ആ ഹോട്ടലിൽ ചോക്ലേറ്റ് കൊടുക്കാൻ വന്നതായിരുന്നു.  കണ്ടു പരിചയപ്പെട്ടപ്പോൾ ഒരു ബോക്സ് ചോക്ലേറ്റ് ചേച്ചിക്കും കൊടുത്തു, ഫോട്ടോ എടുത്തു പിരിഞ്ഞു.  പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു മഞ്ജു ചേച്ചി, ബോക്സിന്റെ പിന്നിൽ നിന്നും മെയിൽ ഐഡി എടുത്ത് എനിക്ക് മെയിൽ ചെയ്തു.  എന്റെ ജീവിതത്തെ മാറ്റിമറിച്ച ഇമെയിൽ ആയിരുന്നു അത്. തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം.’–സിൻസി പറയുന്നു.

sincy-anil

 

anicy-anil-1

‘അവിടെനിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.  അതു കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ വലിയ ഒരു സൈബർ ആക്രമണത്തിന് വിധേയയായി.  എന്റെ ഒരു ചിത്രം ചില സാമൂഹ്യ വിരുദ്ധർ എടുത്തു ന്യൂഡ് ചിത്രത്തിൽ മോർഫ് ചെയ്തു പോസ്റ്റ് ചെയ്തു.  ജീവിതത്തിൽ തളർന്നു പോയ നിമിഷങ്ങൾ ആയിരുന്നു അത്.  ഈ വിവരം എനിക്ക് ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയാൻ കഴിഞ്ഞില്ല. മടിച്ചു മടിച്ചാണെങ്കിലും മഞ്ജു ചേച്ചിയോട് ഈ വിവരം പറഞ്ഞു.  ചേച്ചി ആണ് എനിക്ക് ധൈര്യം തന്നത്,.  നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കരുത് തലയുയർത്തി നിൽക്കണം എന്ന് എന്നോട് പറഞ്ഞു.  ആ ധൈര്യത്തിൽ ആണ് ഞാൻ കേസ് കൊടുത്തത്, പ്രതിയെ പിടിക്കുകയും മാധ്യമങ്ങളിലൊക്കെ  വാർത്ത വരികയും ചെയ്തു.  ഒരു  കുടുംബമായി ജീവിക്കുന്ന  എനിക്ക് അന്ന് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഉള്ള  ധൈര്യമുണ്ടായിരുന്നില്ല.’

 

‘ഇന്നിപ്പോ ഞാൻ തലയുയർത്തിപ്പിടിച്ച് എനിക്ക് സംഭവിച്ചത് ലോകത്തോട് തുറന്നു പറയാൻ തുടങ്ങി... ഒരു ഫോൺ ഉണ്ടെങ്കിൽ ആർക്കും ആരെയും തകർക്കാം എന്ന അവസ്ഥയാണ് ഇന്ന്...അന്നത്തെ വീട്ടമ്മയിൽ നിന്നും സൈബർ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന  ഇന്നത്തെ എന്നിലേക്കുള്ള  യാത്രയിൽ മഞ്ജുചേച്ചി  ഒപ്പം ഉണ്ടായിരുന്നു.. പല സംഘടനകളോടൊപ്പം നിന്ന്  സൈബർ ആക്രമണം നേരിടുന്ന പെൺകുട്ടികളെ കണ്ട്, ധൈര്യമായി സമൂഹത്തെ നേരിടാൻ പ്രാപ്‌തരാക്കുന്ന ഒരുപാടു പ്രവർത്തനങ്ങൾ ചെയ്യാൻ ഇന്ന് കഴിയുന്നുണ്ട്.  അതിനു കഴിഞ്ഞത് മഞ്ജു ചേച്ചിയുമായുള്ള സൗഹൃദം തന്ന ശക്തിയാണ്.   'മഞ്ജു വാരിയർ ഫൗണ്ടേഷൻ' എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്.  പ്രളയ സമയത്തൊക്കെ ഒരുപാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞങ്ങൾ ഏർപ്പെട്ടിരുന്നു.’ 

 

‘മഞ്ജു ചേച്ചി വളരെ വ്യത്യസ്തയായ ഒരു വ്യക്തിയാണ്.  വളരെ സിംപിൾ, പക്ഷേ വളരെ പവർഫുൾ.  നമ്മുടെ ഒപ്പം നിൽക്കുമ്പോൾ നമ്മിൽ ഒരാളായി നിൽക്കും.  ചേച്ചി എനിക്ക് കൂടപ്പിറപ്പാണ്.  ഒരു സൂപ്പർ താരത്തിന്റെ പരിവേഷമൊന്നുമില്ല, ഒരു മെസേജ് അയച്ചാൽ എത്ര തിരക്കാണെങ്കിലും മറുപടി അയയ്ക്കും.  സിനിമയിൽ വളരെ സജീവമായിരിക്കുന്ന സമയത്താണ് എനിക്ക് തുണയായി ചേച്ചി കൂടെ നിന്നത്. സൈബറിടങ്ങളിൽ ആക്രമണം നേരിടുന്ന സ്ത്രീകൾക്കായുള്ള ക്യാംപെയ്ൻ നടത്താൻ തക്കവണ്ണമുള്ള ആത്മവിശ്വാസത്തിലേക്ക് എന്നെ കൈപിടിച്ച് ഉയർത്തിയത്  മഞ്ജു വാരിയർ എന്ന വ്യക്തി തന്ന ധൈര്യമാണ്.  പരിചയപ്പെട്ടത് തൊട്ടു ഇന്ന് വരെ എന്ത് അത്യാവശ്യത്തിനും ചേച്ചി കൂടെയുണ്ട്.  സ്ത്രീകൾ ഒരു പ്രതിസന്ധിയിൽ പെട്ടുപോകുമ്പോൾ കൂടെ നിൽക്കുന്നവർ പോലും നമ്മെ തളർത്താൻ നോക്കൂ പക്ഷെ അവിടെ ഇങ്ങനെ ഒരാൾ കൂടെ നിൽക്കുമ്പോൾ എന്തും നേരിടാനുള്ള ശക്തി നമുക്ക് കൈവരും.  അത്തരത്തിൽ ഞാൻ നെഞ്ചോടു ചേർക്കുന്ന സൗഹൃദമാണ് മഞ്ജുച്ചേച്ചിയോടുള്ളത്.’–സിൻസി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com