ADVERTISEMENT

വാഹനാപകടം സ്വന്തമായി ഉണ്ടാക്കിയ തിരക്കഥയാണെന്ന ആരോപണത്തിൽ രൂക്ഷ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു.  കാർട്ടൂണിസ്റ്റ് ബാല എന്നയാളാണ് കഴിഞ്ഞ ദിവസം ഖുശ്ബുവിനു നേരെ ഉണ്ടായ അപകടം വ്യാജമാണെന്ന തരത്തിൽ പ്രതികരിച്ചത്.

 

‘ഖുശ്ബു മികച്ച നടിയാണെന്നിന് തെളിവാണ് ഈ ഫോട്ടോ. പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വരൂ. ഇതിൽ നിരവധി പഴുതുകളുണ്ട്.- കാർട്ടൂണിസ്റ്റ് ബാല ട്വിറ്ററിൽ കുറിച്ചു. ചില ചിത്രങ്ങളിൽ ഖുശ്ബു പിൻസീറ്റിൽ ഇരിക്കുകയായിരുന്നുവെന്നും മറ്റ് ചില ചിത്രങ്ങളിൽ അവർ മുൻസീറ്റിലാണെന്നും ഇയാൾ പരാമർശിച്ചിരുന്നു.

 

ഈ ട്വീറ്റിനാണ് നടി ശക്തമായ മറുപടി നൽകിയത്. ‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ കൃത്രിമമായ അപകടമുണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്സ് നനയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങൾ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. നിങ്ങൾ ഭീരുവിനെപ്പോലെയാണ് സംസാരിക്കുന്നത്. ബാല, വേഗം സുഖം പ്രാപിക്കൂ.’- ഖുശ്ബു കുറിച്ചു.

 

തൻറെ മരണവാർത്ത എഴുതാൻ കാത്തിരുന്ന ചിലർ, താൻ തിരികെ വന്നത് കണ്ട് അതിശയിച്ചിരിക്കുകയാണെന്ന് ഖുശ്ബു മറ്റൊരു ട്വീറ്റിൽ കുറിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹവും തന്റെ കുടുംബവും സുഹൃത്തുക്കളും , ദൈവത്തിന്റെ അനുഗ്രഹവും തനിക്കൊപ്പമുണ്ടായിരുന്നതുകൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഖുശ്ബു വ്യക്തമാക്കി.

 

പിന്നിലെ സീറ്റിലും മുന്നിലെ സീറ്റിലും ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഖുശ്ബു നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. രണ്ടും രണ്ട് പേരാണെന്നായിരുന്നു നടിയുടെ മറുപടി.

 

വിഡ്ഢി എന്നും വിഡ്ഢിയായിരിക്കുമെന്നും രണ്ട് ചിത്രത്തിലെയും തന്‍റെ വസ്ത്രങ്ങൾ ഒന്നാണെന്ന് തോന്നുന്നുണ്ടോയെന്നും ഖുശ്ബു ചോദിച്ചു. ഇനി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത തലച്ചോറ് ഉപയോഗിച്ച ശേഷം സംസാരിക്കണമെന്നും ഖുശ്ബു പരിഹസിച്ചിരുന്നു.

 

തമിഴ്നാട്ടിലെ മേൽമാവത്തൂരിൽ വച്ച് നവംബർ പതിനെട്ടിനാണ് അപകടം സംഭവിക്കുന്നത്. ​ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു. നടിയുടെ വാഹനത്തിലേയ്ക്ക് ടാങ്കർ ട്രക്ക് വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നടി സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണത്തിൽ യാതൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ അപകടത്തിനു ശേഷം അപ്പോൾ തന്നെ മറ്റൊരു വണ്ടിയിൽ കയറി നടി ഗൂഡല്ലൂരിൽ എത്തുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com