പഞ്ചായത്ത് ഇലക്‌ഷനിലും ‘കുറുവച്ചൻ’ തരംഗം; അവിടെയും ‘കടുവ’

election-posters
SHARE

‘ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നമുക്കൊരു വെറൈറ്റി പിടിച്ചാലോ!’....തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ബേഡഡുക്ക മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ മുന്നോട്ടു വച്ച നിർദേശം ഇതായിരുന്നു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് പഞ്ചായത്തിലെ ന്യൂജെൻ യുവാക്കളുടെ കൂട്ടായ്മയായ ടീം ബേഡകത്തെ ചുമതലപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. സുരേഷ് പായത്തിന് കമ്മിറ്റിയുടെ ചുമതലയും നൽകി. യോഗത്തിൽ ടീം ബേഡകത്തിലെ ചെറുപ്പക്കാരുടെ ഭാവന ഉണർന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പടവും കൊടിയും ഫോട്ടോഷോപ്പിലിട്ട് 'സ്മഡ്ജ് ചെയ്ത് ഷാർപ്പെൻ' ചെയ്തെടുക്കുന്ന പഴഞ്ചൻ രീതി വിട്ട് സ്ഥാനാർത്ഥികളുടെ ചുറ്റുപാടുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർക്ക് ധൈര്യം നൽകിയത് 'മഹേഷിന്റെ ചാച്ചന്റെ' ആ ഡയലോഗായിരുന്നു. 

നല്ലൊരു മൊമന്റ് സംഭവിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷം അതു നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡി ആയിരിക്കണം. അത്രയേ ഉള്ള് കാര്യം! 

സ്ഥാനാർത്ഥികൾക്കും വോട്ടർമാർക്കും ഇടയിൽ സംഭവിക്കുന്ന ആ നല്ല മൊമന്റ് പകർത്താൻ കമ്മിറ്റി കൺവീനർ സുരേഷ് പായത്തിന്റെ ജീപ്പിൽ ചെറുപ്പക്കാർ ഓരോ സ്ഥാനാർത്ഥികളുടെയും വാർഡുകളിലേക്ക് പാഞ്ഞു. എല്ലാത്തിനും ആവേശം പകർന്ന് ബേഡഡുക്ക ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ചെമ്പക്കാട് നാരായണനും ചെറുപ്പക്കാർക്കൊപ്പം ജീപ്പിൽ. ഫോട്ടോയെടുക്കലിന്റെ ചെറിയൊരു ഇടവേളയിൽ ചെറുപ്പക്കാർക്ക് ഒരു ഐഡിയ... പൃഥ്വിരാജിന്റെ 'കടുവ' സിനിമയുടെ പോസ്റ്ററിലെ കടുവക്കുന്നേൽ കുറുവച്ചൻ സ്റ്റൈലിൽ നാരായണേട്ടന്റെ പടം ഒരെണ്ണം പിടിച്ചാലോ എന്ന്! വന്നപടി ചന്തം മട്ടിൽ നിൽക്കുന്ന നാരായണേട്ടനാകട്ടെ എന്ത് കടുവ? ഏത് പൃഥ്വിരാജ്! 

election-posters4

ഒടുവിൽ ജീപ്പിന്റെ മുകളിൽ പിള്ളേരു പറഞ്ഞപോലെ അങ്ങ് ഇരുന്നു കൊടുത്തതു മാത്രമേ ചെമ്പക്കാട് നാരായണേട്ടന് ഓർമയുള്ളൂ. സംഗതി കേറി വൈറലായി. കൃഷിപ്പണിയും രാഷ്ട്രീയപ്രവർത്തനത്തിന്റെയും ഇടയിൽ സിനിമയൊന്നും കാണാൻ മെനക്കെടാത്ത നാരായണേട്ടൻ അങ്ങനെ സ്റ്റാറായി!

election-posters2

വളരെ നാച്ചുറലായി വന്ന ഐഡിയ ആയിരുന്നെന്ന് നവമാധ്യമപ്രചാരണത്തിന് നേതൃത്വം നൽകുന്ന ടീം ബേഡകത്തിലെ സുരേഷ് പായം പറയുന്നു. "നാരായണേട്ടൻ ഒരു കർഷകനാണ്. പുള്ളി സിനിമ പോലും അങ്ങനെ കാണാറില്ല. അങ്ങനത്തെ ഒരാളാണ്. ഒരു സിനിമാനടന്റെ പേരു ചോദിച്ചാൽ പോലും അറിയണമെന്നില്ല. പൃഥ്വിരാജിന്റെ കടുവയുടെ പോസ്റ്ററൊന്നും നാരായണേട്ടൻ കണ്ടിട്ടില്ല. ഞങ്ങൾ അങ്ങനെ ചെയ്യാൻ പറഞ്ഞപ്പോൾ ആളു ചെയ്തു എന്നു മാത്രം," സുരേഷ് പായം പറഞ്ഞു.  

election-posters1

നാരായണേട്ടന്റെ പോസ്റ്റർ വൈറലായതോടെ ബാക്കി പോസ്റ്ററുകളും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനു മുൻപ് വെറും അറുപതും എഴുപതും ലൈക്കുകൾ മാത്രം കിട്ടിയ തന്റെ പോസ്റ്റുകൾക്ക് ഇപ്പോൾ ആറായിരവും ഏഴായിരവും ലൈക്കുകളാണ് കിട്ടുന്നതെന്ന് പറയുമ്പോൾ സുരേഷ് പായത്തിന്റെ വാക്കുകൾ പൊട്ടിച്ചിരിയായി. അണിയറയിൽ പ്രവർത്തിച്ചവരിൽ ആരും പ്രൊഫഷണൽ ഫൊട്ടോഗ്രാഫേഴ്സോ ഡിസൈനേഴ്സോ അല്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു. 

ചെമ്പക്കാട് നാരായണന്റെ മാസ് എന്‍ട്രി

'ചെമ്പക്കാട് എന്നു പറയുന്നത് നാടിന്റെ പേരാണ്,' പേരിന്റെ പവറിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ചമ്പക്കാട് നാരായണൻ പറഞ്ഞു തുടങ്ങി. "1978 മുതൽ രാഷ്ട്രീയത്തിലുണ്ട്. ജില്ലാ സഹകരണ ആശുപത്രിയുടെ ഡയറക്ടർ, ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ പാർട്ടിയിൽ അന്ന് ഞങ്ങളുടെ നാട്ടിൽ നിന്നു തന്നെ മൂന്നു നാരായണന്മാരുണ്ടായിരുന്നു. അതുകൊണ്ട്, തിരിച്ചറിയാൻ വേണ്ടിയാണ് ഞാൻ ചെമ്പക്കാട് നാരായണൻ എന്നു പേര് മാറ്റിയത്," നാരായണൻ ഓർത്തെടുത്തു. 

narayanan

വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് നാരായണൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് തട്ടകത്തിലേക്ക് ഇതിലും വിയ മാസ് എൻട്രി ഇനി കിട്ടാനില്ലെന്ന് ചെമ്പക്കാട് നാരായണൻ പറയുന്നു. "വോട്ട് ചോദിച്ച് വീടുകളിലേക്ക് ചെല്ലുമ്പോൾ എല്ലാവർക്കും എന്റെ പേരും കാര്യങ്ങളും നന്നായി അറിയാം. എല്ലാ വീട്ടിലെയും കുട്ടികൾക്കാണ് എന്നെ കൂടുതൽ പരിചയം. അവരാണല്ലോ ഈ നവമാധ്യമങ്ങളിലുള്ളത്," വോട്ടർമാരുടെ പ്രതികരണത്തെക്കുറിച്ച് നാരായണന്റെ വാക്കുകൾ. 

election-posters12

സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപ് ഒരൽപം രാഷ്ട്രീയം കൂടി പറയാനുണ്ടെന്ന് സ്ഥാനാർത്ഥി. "1980 മുതൽ 2019 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പിലും ബൂത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായി വർക്ക് ചെയ്ത ഒരാളാണ് ഞാൻ. അന്നും വീടുകളിൽ ചെല്ലുമ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങൾ പാർട്ടിക്ക് നേരെ വരുമായിരുന്നു. പക്ഷേ, ഇപ്പോൾ ഞാൻ ഏകദേശം എന്റെ വാർഡിലെ 90 ശതമാനം വീടുകളിലും കേറിക്കഴിഞ്ഞു. എന്നാൽ അത്തരത്തിൽ ഒരു പരാതിയും ഇത്തവണ കേൾക്കാൻ കഴിഞ്ഞില്ല. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിയതിന്റെ പ്രതിഫലനം കൂടിയാണ് അതെന്ന് ഞാൻ വിശ്വസിക്കുന്നു," പോസ്റ്റർ ചർച്ചകൾക്കിടയിൽ തന്റെ രാഷ്ട്രീയം വിട്ടൊരു കളിയില്ലെന്ന് ഓർമ്മപ്പെടുത്തി ചെമ്പക്കാട് നാരായണൻ കൂട്ടിച്ചേർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA