ADVERTISEMENT

ഇതിനെയാണു വിധിയെന്നു പറയുന്നത്. എയർ ഡക്കാൻ കാണുകയോ യാത്ര ചെയ്യുകയോ ചെയ്യാത്ത കുട്ടികൾപോലും ആവേശത്തോടെ സുരൈ പോട്ര് എന്ന സിനിമ കാണുന്നു.  15 വർഷം മുൻപു റിലീസ് ചെയ്ത എയർ ഡക്കാൻ പരസ്യം കാണുന്നു. സത്യജിത് റേ സിനിമയെന്നു വാൾ സ്ട്രീറ്റ് ജർണർ വിശേഷിപ്പിച്ച പരസ്യം. 

 

എയർ ഡക്കാന്റെ കഥ പറയുന്ന തമിഴ് സിനിമ സൂരൈ പോട്ര് ഹിറ്റാകുമ്പോൾ 15 വർഷത്തിനു ശേഷം ഒരു പരസ്യവും വീണ്ടും ഹിറ്റാകുകയാണ്. ആ പരസ്യത്തിനു പുറകിൽ ഏറെ മലയാളി സാന്നിധ്യമുണ്ട്. അന്തരിച്ച നടൻ മുരളിയുടേതടക്കം. 

 

air-deccan-ad

ഗൂഗിൾ അടക്കമുള്ള വൻകിടക്കാരുടെ പരസ്യം സംവിധാനം ചെയ്ത മനോജ് പിള്ള സംവിധാനം ചെയ്ത് എയർ ഡക്കാൻ പരസ്യം വൻ ഹിറ്റായിരുന്നു. വൻകിട മോഡലുകൾക്കു പകരം ഈ ദേശീയ പരസ്യത്തിൽ നായകനായത് മലയാളികളുടെ പ്രിയപ്പെട്ട നടൻ മുരളിയാണ്. ഡൽഹിയിൽ ജോലികിട്ടിപ്പോയ മകൻ ഗ്രാമത്തിലെ ആശാരിയായ അച്ഛനു എയർഡക്കാൻ ടിക്കറ്റ് അയച്ചു കൊടുക്കുന്നതാണ് പരസ്യ ചിത്രത്തിന്റെ കഥ. കുട്ടിക്കാലത്തനു മകന് ഉണ്ടാക്കിക്കൊടുത്ത മരത്തിന്റെ കളിപ്പാട്ട വിമാനവുമായാണ് അച്ഛൻ ഡൽഹിക്കു പറക്കുന്നത്. 

 

നാടക സങ്കേതങ്ങളിൽ ഏറെ അന്വേഷിച്ച ശേഷമാണു മുരളിയെ മനോജ് പിള്ള  കണ്ടെത്തുന്നത്.പരസ്യത്തിനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുരളി കഥ കേട്ടതോടെ സമ്മതിക്കുകയായിരുന്നു. മനോജ് പിള്ളയുടെ തിങ്ക് പോട്ട് എന്ന ഏജൻസിയാണു പരസ്യം നിർമിച്ചത്. കഥ എഴുതിയതു ലിയൊ ബനറ്റ് എന്ന പരസ്യ ഏജൻസിയുടെ ക്രിയേറ്റീവ് തലവനായ മാവിലേക്കരക്കാരൻ തോമസ് സേവ്യർ.

 

30 സെക്കൻഡായിരുന്നു പരസ്യം ഉദ്ദേശിച്ചത്.പിന്നീടതു 60 സെക്കന്റായി. ഷൂട്ടു കഴിഞ്ഞപ്പോൾ എയർ ഡക്കാൻ ചെയർമാൻ ഗോപിനാഥിനു മുന്നിൽ രണ്ടു പരസ്യങ്ങൾ മനോജ് പ്രദർശിപ്പിച്ചു. 60 സെക്കൻഡിന്റെയും 150 സെക്കൻഡിന്റെയും. വലിയ പരസ്യം ചാനലുകൾക്കു നൽകാൻ ഗോപിനാഥ് തീരുമാനിച്ചു. അന്നേവരെ അത്രയും വലിയ പരസ്യം ഇന്ത്യൻ ചാനലുകളിൽ പ്രദർശിപ്പിച്ചിട്ടില്ല. സത്യം പറഞ്ഞാൽ പലരും ഞെട്ടി. 

 

ഇന്ത്യയിൽ ആദ്യമായിലൊരു പരസ്യം പരസ്യത്തോടെ റിലീസ് ചെയ്തതു ഇതാണ്. വലിയ നഗരങ്ങളിലെല്ലാം ‘വൃദ്ധനും ആകാശവും’ എന്ന പേരിലുള്ള പരസ്യം ചാനലുകളിൽ റിലീസ് ചെയ്യുന്നതായി ഹോഡിങ്ങുകൾവച്ചു. ലിയൊ ബനറ്റിന്റെ മാർക്കറ്റിങ് തലവൻ അനിൽ നായരുടെ തലയിലുദിച്ച ആശയമായിരുന്നു അത്. സിനിമപോലെ പരസ്യം ഹിറ്റായി. ഏറെ രാജ്യാന്തര ബഹുമതികളും ഈ പരസ്യത്തിനു കിട്ടി. ഇന്ത്യയിലെ പരസ്യങ്ങളിൽ ഗ്രാമീണ കഥകളുടെ കുത്തൊഴുക്കിനുകൂടി ഇത് ഇടയാക്കി. പരസ്യം 30 സെക്കൻഡിലെന്ന രീതിയും ഇല്ലാതായി. അപ്പോഴേക്കും എയർ ഡക്കാനും ഹിറ്റായിക്കഴിഞ്ഞിരുന്നു. വിമാനയാത്രയുടെ ചരിത്രം മാത്രമല്ല, പരസ്യങ്ങളുടെ ചരിത്രവും അതോടെ മാറി. 

 

വാൾ സ്ട്രീറ്റ് ജർണൽ അന്നു വിമാന സർവീസുകളെക്കുറിച്ചെഴുതിയ ലേഖനം തുടങ്ങിയത് ഇങ്ങനെയായിരുന്നു. ‘സത്യജിത് റേ സിനിമപോലെ മനോഹരമായ പരസ്യത്തിലൂടെയാണ് എയർ ഡക്കാൻ പറന്നു തുടങ്ങിയത്. ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com