കിന്നാരത്തുമ്പികൾ, തങ്കത്തോണി സിനിമകളുടെ നിർമാതാവ്; ഇന്ന് ബിരിയാണി വിൽപന; വിഡിയോ

shakeela-producer
SHARE

35 വർഷമായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ മങ്ങിയും തെളിഞ്ഞും നിന്ന ഒരു പേരുകാരനാണ് ജാഫർ കാഞ്ഞിരപ്പള്ളി. സിനിമയുടെ ഏതാണ്ട് എല്ലാ മേഖലകളിലും കൈവച്ച ജാഫർ, സിനിമ സെറ്റുകളിലെ പ്രിയ സാന്നിധ്യമാണ്. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച കിന്നാരത്തുമ്പികളുടെ നിർമാതാവായി. പിന്നീട് മമ്മൂട്ടി, മോഹന്‍ലാൽ തുടങ്ങി പ്രമുഖതാരനിരയ്ക്കൊപ്പം പല സിനിമകളിലും വേഷമിട്ടു. എന്നാൽ കോവിഡ് തീർത്ത പ്രതിസന്ധി ജാഫർ എന്ന സിനിമാക്കാരനെ തളർത്തിയില്ല. അവിടെയും പൊരുതാൻ തീരുമാനിച്ച് പുതിയ സംരഭത്തിന് തുടക്കം കുറിച്ചു. 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി. എന്നാൽ ആ യാത്രയിലും ജാഫറിന് വെല്ലുവിളികൾ ഏറെയാണ്. അറിയാം ആ ജീവിതകഥ. 

‘ഞാൻ സിനിമാക്കാരനായിട്ട് 35 കൊല്ലമായി. സിനിമാ തിയറ്റര്‍ ഓപ്പറേറ്റർ മുതൽ വിതരണക്കാരൻ വരെ ആയി. തിയറ്റർ വാടകയ്ക്ക് എടുത്ത് നടത്തി. ഫെഫ്ക മെസ് വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറി, ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ എന്നീ നിലകളിൽ 12 വർഷമായി പ്രവർത്തിക്കുന്നു.’–ജാഫർ പറയുന്നു.

‘17 വർഷമായി മലയാളം സിനിമയ്ക്കും സീരിയലിനും ഫുഡ് നൽകുന്നുണ്ട്. പെട്ടെന്നുണ്ടായ കോവിഡ് സിനിമാപ്രവർത്തകരെയും അതുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചു. ജീവിക്കാൻ വേറെ മാർഗമില്ലാത്ത സാഹചര്യത്തിൽ 49 രൂപ എന്ന തുച്ഛമായ വിലയ്ക്ക് സിനിമാ ബിരിയാണി വിൽപന നടത്തുകയാണ്. ചെറിയൊരു ലാഭം മാത്രമേ എടുക്കുന്നുള്ളൂ. ആറു ജീവനക്കാരുണ്ട്. ഞാനും ഭാര്യയും ചേർന്നാണ് തുടങ്ങിയത്. ഇപ്പോൾ ബിരിയാണിക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. എറണാകുളത്ത് തമ്മനം, വാഴക്കാല, വെണ്ണല, കലൂർ, പാലാരിവട്ടം എന്നീ സ്ഥലങ്ങളിലെ സിനിമാ ബിരിയാണി കൊടുക്കുന്നുള്ളൂ. അയ്യായിരം ബിരിയാണിയോളം ഓർഡറുണ്ട്.’ 

‘ആദ്യം 39 രൂപയ്ക്കാണ് കൊടുത്തിരുന്നത്. പക്ഷേ, ആ വിലയ്ക്ക് കൊടുക്കാൻ പറ്റാതെയായി. കുക്കിങ് ഞാനും ഭാര്യയും ചേർന്നായിരുന്നു. പിന്നീട് ജോലിക്കാരെ വച്ചു. ഇപ്പോൾ 49 രൂപയ്ക്കാണ് വിൽക്കുന്നത്. വില കൂട്ടിയപ്പോൾ ആദ്യം വിൽപന കുറഞ്ഞു. പിന്നീട് മുട്ട വച്ച് വിൽപന നടത്തി. അതോടെ വീണ്ടും വിൽപന വർധിച്ചു.’ 

‘കാഞ്ഞിരപ്പള്ളി ബേബി തിയറ്ററിലെ ഓപ്പറേറ്റർ ആയാണ് സിനിമാജീവിതം തുടങ്ങുന്നത്. പിന്നീട് കോട്ടയത്ത് തിയറ്റർ വാടകയ്ക്ക് എടുത്ത് നടത്തി. പിന്നെ പുതുപ്പള്ളിയിൽ തിയറ്റർ നടത്തി. തോട്ടക്കാട് ഉഷസ്... അവിടെ നിന്നാണ് ഡിസ്ട്രിബ്യൂട്ടറാകുന്നത്. എന്റെ ട്യൂഷൻ ടീച്ചർ എന്ന പടമാണ് ആദ്യം വിതരണം ചെയ്തത്. ഡിസ്ട്രിബ്യൂഷന്റെ കാര്യങ്ങൾക്കായി മദ്രാസിൽ പോയപ്പോഴാണ് ഷക്കീല എന്ന നടിയെ പരിചയപ്പെടുന്നത്. അവരുമായി ബിസിനസിന് ഒരു അറേഞ്ച്മെന്റ് ഉണ്ടാക്കുകയും കിന്നാരതുമ്പികൾ എന്ന സിനിമയുടെ പ്രൊഡക്ഷൻ സംഭവിക്കുന്നത്.’ 

‘ആ ചിത്രം അനൗൺസ് ചെയ്തത് സലിം ആണ്. അദ്ദേഹം മരിച്ചുപോയി. അദ്ദേഹത്തിന്റെ അനുജൻ സജീർ ആയിരുന്നു പ്രൊജക്ട് പിന്നീട് നടത്തിയത്. അവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഞാൻ സഹായിച്ചു. അങ്ങനെ സിനിമ ഇറക്കുകയും അതു വിൽക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും എന്റെ കയ്യിലൂടെ ചെയ്യാൻ കഴിഞ്ഞില്ല. അതിന്റെ വിഷമത്തിലാണ് ഷക്കീല എനിക്ക് തങ്കത്തോണി എന്ന ചിത്രം തന്നത്. അതു വിൽക്കുകയും ലാഭം ഉണ്ടാക്കുകയും ചെയ്തു. ആ സമയത്തിറങ്ങിയ പല സിനിമകളുടെയും നിർമാതാവായി ഞാൻ മാറി. വേഴാമ്പൽ, തങ്കത്തോണി, റൊമാൻസ്, ഹോസ്റ്റൽ അങ്ങനെ നിരവധി ചിത്രങ്ങൾ. ഒടുവിൽ ചെയ്തത് രാക്ഷസരാജ്ഞി. അതോടെ നിർമാണം നിറുത്തി. ഇപ്പോൾ ഷക്കീല സംവിധാനം ചെയ്യുന്ന നീലക്കുറിഞ്ഞി പൂത്തു എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനത്തിലാണ്. കഥയിൽ ചില മാറ്റങ്ങൾ വന്നു.’

‘ഷക്കീലപടങ്ങൾക്കു വേണ്ടി ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ചങ്ങനാശേരിയിൽ രാക്ഷസരാജ്ഞിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് വരെ വന്നതാണ്. അതും ഞാൻ തരണം ചെയ്തു. ഒത്തിരി ഭീഷണി വന്നു. എനിക്ക് മുന്നും പിന്നും നോക്കാനില്ല. അന്നത്തെ കാലത്ത് അങ്ങനെയൊരു ട്രെൻഡ് ആയിരുന്നു. അതിനുശേഷമാണ് എനിക്ക് മനസിലായത് അടുത്തൊരു മേഖലയിലേക്ക് മാറണമെന്ന്. ഇപ്പോൾ ഞങ്ങൾ നല്ലൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്.’

‘ഷക്കീല വളരെ സ്റ്റാൻഡേർഡും സംസാരിക്കാനും കഴിവുള്ള സ്ത്രീയാണ്. പിന്നെ, അവരുടെ ജീവിതത്തിലുണ്ടായ പാകപ്പിഴകൾ... അവരെ എല്ലാവരും ചതിക്കുകയായിരുന്നു. അവരുടെ സഹോദരങ്ങൾ ആണെങ്കിലും അവർ സഹായിച്ചവർ ആണെങ്കിലും അവരെ ചതിച്ചു. അതുകൊണ്ടാകാം അവർ മദ്യത്തെ ആശ്രയിച്ചത്. പക്ഷേ, ഇപ്പോൾ അതിൽ നിന്നൊക്കെ മാറി. അവർ മാന്യമായി ജീവിക്കുന്ന സ്ത്രീയാണ്. ’

‘ഞാൻ ഷക്കീലയുടെ കൂടെയും മറിയയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. എം.ഒ. ദേവസ്യയാണ് അതിന്റെ ക്യാമറ. അദ്ദേഹത്തിന്റെ നിർബന്ധത്തിലാണ് അതിൽ അഭിനയിച്ചത്. അന്ന് 15 ലക്ഷം മുടക്കിയാണ് പടം ഇറക്കുന്നത്. അതിൽ കുറെ പേരെ വച്ച് അഭിനയിപ്പിക്കാൻ കഴിയില്ല. കഥയും എന്റേതായിരുന്നു.’–ജാഫർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA