ADVERTISEMENT

തൃശൂരിലെ വീട്ടിൽ അഭിനന്ദനപ്പെരുമഴ നനയുകയാണ് അപർണ ബാലമുരളി. ‘സൂരറൈ പോട്രി’ലെ ബൊമ്മിയെന്ന ‘തനി മധുരൈ പൊണ്ണ്’ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം ബൊമ്മിയാണു താരം. ഓരോ മിനിറ്റിലും പിറന്നുവീഴുകയാണു ഫാൻ റിവ്യൂകൾ. ചിത്രത്തിൽ നായകനായ സൂര്യയുടെ ‘നെടുമാരൻ രാജാങ്ക’ത്തോടൊപ്പം കട്ടയ്ക്കു നിൽക്കുന്ന സുന്ദരി എന്ന ബൊമ്മി, അപർണയുടെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാണെന്ന് ആരാധകർ. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ശേഷം അപർണയുടെ ഫോണിനു വിശ്രമമില്ല. നിലയ്ക്കാതെ കോളുകൾ, വാട്സാപ്പിൽ അഭിനന്ദന സന്ദേശങ്ങൾ. സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും ട്വിറ്റർ തീരെ ഉപയോഗിക്കാതിരുന്ന താൻ കഴിഞ്ഞ ഒരാഴ്ചയായി ട്വീറ്റുകൾക്കു മറുപടി നൽകുന്ന തിരക്കിലാണെന്ന് അപർണ പറയുന്നു.

 

‘സിനിമാമേഖലയിൽ നിന്നും പുറത്തുനിന്നും ഒട്ടേറെപ്പേർ വിളിച്ചു. എന്നെങ്കിലും സംസാരിക്കാൻ അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിട്ടില്ലാത്തവർ പോലും ഇക്കൂട്ടത്തിലുണ്ട്. വലിയ ഭാഗ്യമായാണ് ഇതിനെക്കാണുന്നത്. നല്ല പരിശ്രമവും മുന്നൊരുക്കവും വേണ്ടിവന്ന കഥാപാത്രമാണു ബൊമ്മി. അതിനു ഫലമുണ്ടായെന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായെന്നും അറിയുന്നതിൽ വലിയ സന്തോഷം. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുപോകാനുള്ള ഊർജമാണ് ഈ അഭിനന്ദനങ്ങൾ’.

 

ബൊമ്മിയാകാനുള്ള പരിശ്രമം?

 

ഷൂട്ടിങ്ങിന് ഏതാണ്ട് ഒരുവർഷം മുൻപേ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഷൂട്ടിങ് സെറ്റിലെക്കാൾ കൗതുകങ്ങൾ പ്രീപ്രൊഡക്‌ഷൻ സമയത്തായിരുന്നു. ബൊമ്മിയുടെ ‘മധുരപ്പേച്ച്’ ശരിയാക്കാൻ വേണ്ടിവന്ന കഠിന പരിശീലനമാണ് അതിൽ പ്രധാനം. സെന്തിൽ, വിരുമാണ്ടി എന്നിവരാണു മധുര ശൈലിയിലുള്ള ഡയലോഗുകൾ പരിശീലിപ്പിക്കാൻ ആദ്യമെത്തിയത്. ഇതിനു ശേഷം, അവർ മധുരയിൽ ചെന്നപ്പോൾ കണ്ടെത്തിയ സത്യ എന്ന ‘തനി മധുരപ്പൊണ്ണ്’ പരിശീലനച്ചുമതലയേറ്റു. സംസാരത്തിലും പെരുമാറ്റത്തിലും വളരെ ശക്തരായ സ്ത്രീകളാണു മധുരയിലേത്. അത്തരത്തിലൊരു മധുരക്കാരി ആയിരുന്നു സത്യ. പ്രാദേശിക സംസ്കാരത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സത്യ വളരെ സഹായിച്ചു. ഡബ്ബിങ് പൂർത്തിയാകും വരെ അവർ കൂടെനിന്നു. കലൈറാണിയുടെ ഗ്രൂമിങ് സെഷനുകളും ബൊമ്മിയെ രൂപപ്പെടുത്താൻ സഹായിച്ചു.    

 

ഷൂട്ടിങ് ആരംഭിക്കും മുൻപ് മധുരയിൽ പോയിരുന്നോ?

 

ഷൂട്ടിങ് ഷെഡ്യൂൾ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപേ മധുരയിലെത്തി. അവിടെയുള്ള മാർക്കറ്റിലാണു കൂടുതൽ സമയം ചെലവിട്ടത്. ഒട്ടേറെ വ്യാപാരികളോടു സംസാരിച്ചു. കച്ചവടത്തിന്റെ രീതി, സ്ത്രീകളായ കച്ചവടക്കാരുടെ പെരുമാറ്റം ഒക്കെ ശ്രദ്ധിച്ചു. സിനിമയിൽ ബൊമ്മി കച്ചവടക്കാരിയായതിനാൽ അത്തരം കാര്യങ്ങൾ കണ്ടു പഠിക്കാനാണു കൂടുതൽ സമയം ചെലവിട്ടത്. ഈ പാഠങ്ങൾ ബൊമ്മിയെ ഉൾക്കൊള്ളാൻ ഏറെ ഉപകരിച്ചു. 

 

മധുരത്തമിഴിനെക്കാൾ മൗനഭാഷയാണ് ബൊമ്മിയുടെ ഹൈലൈറ്റ്?

 

സുധ കൊങ്കര എന്ന സംവിധായികയുടെ കണിശതയും കൃത്യതയുമാണതിനു കാരണം. ഒരു നോട്ടം പോലും എങ്ങനെ വേണം എന്നു സംവിധായികയ്ക്കു നിശ്ചയമുണ്ടായിരുന്നു. ബൊമ്മിയും മാരനും ആദ്യമായി കണ്ടുമുട്ടുന്ന രംഗം പോലും പതിവു ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായത് അങ്ങനെയാണ്. മുഖത്തു ചിരി വേണ്ട എന്നായിരുന്നു സൂര്യ സാറിനുള്ള നിർദേശം; സാധാരണ പെണ്ണുകാണലിനുണ്ടാവുന്ന നാണമൊന്നും പാടില്ലെന്ന് എന്നോടും. തിരക്കഥ നന്നായി വായിച്ചു പഠിക്കാനുള്ള സമയം കിട്ടിയ ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. ഇതും വളരെയധികം സഹായിച്ചു. ഷൂട്ടിങ് ആരംഭിക്കുമ്പോഴേക്കും ഡയലോഗുകൾ മിക്കതും മനസ്സിലുറച്ചിരുന്നു. അതു കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാനും ബൊമ്മിയുടെ വികാരവിക്ഷോഭങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനും സഹായിച്ചു.

 

ബൊമ്മിയുടേതു മാത്രമല്ല, കണ്ടു തീർന്നാലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളുടേതു കൂടിയാണ് സൂരറൈ പോട്ര്?

 

ഈ ചിത്രം എന്താണെന്നും സംവിധായിക എന്താണ് ആഗ്രഹിക്കുന്നതെന്നും കൃത്യമായി മനസ്സിലാക്കാൻ ആവോളം സമയം എല്ലാവർക്കും കിട്ടി. പൂർണമായ തിരക്കഥ എല്ലാവർക്കും നൽകിയിരുന്നു. മുതിർന്ന താരങ്ങളിൽ പലരെയും സംവിധായിക നേരിട്ടു കണ്ട് തിരക്കഥ വായിച്ചു കേൾപ്പിച്ചു. എനിക്കു തമിഴ് വായിക്കാനറിയില്ല. അതിനാൽ ഇംഗ്ലിഷിലാണു ലഭിച്ചത്. ആദ്യം കഥയും പിന്നീടു  തിരക്കഥയും അയച്ചുതന്നു. പിന്നീട് സ്ക്രിപ്റ്റിലെ ഒട്ടേറെ ഭാഗങ്ങൾ ശബ്ദസന്ദേശങ്ങളായും നൽകി. ഈ പ്രക്രിയയിലൂടെയാണ് നടീനടന്മാരെല്ലാം കടന്നുപോയത്. അതിനു ഫലമുണ്ടായി.

 

ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ‘സിംപ്ലി ഫ്ലൈ – എ ഡെക്കാൻ ഒഡീസി ’ എന്ന പുസ്തകം ഈ ചിത്രത്തിനു പ്രചോദനമായിട്ടുണ്ട്. അതു വായിച്ചിട്ടുണ്ടോ?

 

ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറെക്കാലം ഞാൻ കയ്യിൽ കൊണ്ടുനടന്നു. താളുകളൊക്കെ പിഞ്ഞിത്തുടങ്ങിയ പുസ്തകമായതിനാൽ വളരെ ഭദ്രമായാണു സൂക്ഷിച്ചിരുന്നത്. എന്നാൽ, ഷൂട്ടിങ് തിരക്കിനിടെ വായിക്കാൻ പറ്റിയില്ല. എന്റെ അമ്മാവന്റെ കയ്യിൽ ഇപ്പോഴും പുസ്തകമുണ്ട്. അധികം വൈകാതെ എന്തായാലും വായിക്കും, ഉറപ്പ്. 

 

ക്ലാസിക്കൽ നൃത്തം അറിയാം, എന്നാൽ ഈ ചിത്രത്തിലെ നൃത്തരംഗങ്ങൾ ഏറെ വ്യത്യസ്തമാണ്?

 

റിഹേഴ്സൽ ഉണ്ടായിരുന്നു. ചുവടുകളെല്ലാം നേരത്തേ പഠിച്ചുറപ്പിച്ചു. സ്ലോമോഷനിലാണ് ആ നൃത്തം. ഇതെങ്ങനെയാണു ചിത്രത്തിൽ വരികയെന്നു സംശയമുണ്ടായിരുന്നു. എന്നാൽ, സ്ക്രീനിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി. അത്രയ്ക്കു വ്യത്യസ്തമായിരുന്നു.

 

തുടർന്നുള്ള കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ബൊമ്മി ദുഷ്കരമാക്കുമോ?

 

തീർച്ചയായും. സ്വപ്നതുല്യമായ ഒരു കഥാപാത്രം തന്നെയാണു ബൊമ്മി; ഇത്രയേറെ പ്രേക്ഷകപ്രീതി അതിനു ലഭിച്ചത് അനുഗ്രഹവും. കരിയറിലെ വലിയൊരു വഴിത്തിരിവാണ്. ഇതുവരെ പുതിയൊരു ചിത്രത്തിനു ഞാൻ സമ്മതം മൂളാത്തതിനു പിന്നിലും ഈ ചിന്തയുണ്ട്. മികച്ചതെന്നു വിലയിരുത്തപ്പെട്ട കഥാപാത്രത്തിനു കോട്ടം തട്ടുന്ന രീതിയിൽ മറ്റൊരു കഥാപാത്രം ചെയ്യാൻ കഴിയില്ല. എത്രത്തോളം ഇക്കാര്യത്തിൽ സ്വാതന്ത്ര്യം ലഭിക്കും എന്നറിയില്ല. എങ്കിലും നന്നായി ശ്രദ്ധിച്ചു മാത്രം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തന്നെയാണു തൽക്കാലം തീരുമാനം.

 

മലയാളത്തിൽ ഇത്ര ശക്തമായൊരു കഥാപാത്രം പ്രതീക്ഷിക്കുന്നുണ്ടോ?

 

ലഭിക്കുമെന്നു തന്നെയാണു പ്രതീക്ഷ. പിന്നെ, സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും കയ്യിലല്ലേ അത്. ‘മഹേഷിന്റെ പ്രതികാര’ത്തിലെ ജിൻസി കരുത്തുറ്റ കഥാപാത്രമായിരുന്നു. അതുകണ്ടാണ് സുധാ കൊങ്കര എന്നെ ഈ ചിത്രത്തിന്റെ ഓഡിഷനായി വിളിച്ചത്.

 

റ്റു ഭാഷകളിൽനിന്ന് ഓഫറുകളുണ്ടോ?

 

പലരും വിളിക്കുന്നുണ്ട്. എന്നാൽ, കഥകളൊന്നും കേട്ടുതുടങ്ങിയിട്ടില്ല. നിലവിൽ ഞാൻ ബൊമ്മിയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്.

 

ബൊമ്മിക്ക് അപർണ എത്ര മാർക്കിടും?

 

ബൊമ്മിയെന്ന കഥാപാത്രത്തിനല്ലേ? പത്തിൽ പത്തു മാർക്കും കൊടുക്കാം. എന്റെ അഭിനയത്തെപ്പറ്റിയാണെങ്കിൽ ഞാൻ തൃപ്തയാണ്, വളരെ ഹാപ്പിയാണ്. കഥാപാത്രത്തിനു വേണ്ടതെന്താണോ അത് എന്നിൽനിന്നു പുറത്തെത്തിക്കാൻ സംവിധായികയ്ക്കു കഴി‍ഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com