‘ഉരിയാടാ പയ്യനായി’ തുടക്കം; നൂറിന്റെ നിറവിൽ ജയസൂര്യ

jayasurya-100
SHARE

‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനാ’യി സിനിമയിലെത്തിയ ജയസൂര്യ 100 ചിത്രം പൂർത്തിയാക്കുന്നതിന്റെ ആഹ്ലാദത്തിലാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ‘സണ്ണി’യിലെ നായകനാണു നൂറാം കഥാപാത്രം. ആദ്യ നായകവേഷം നൽകിയ സംവിധായകൻ വിനയനാണു സിനിമയിലെ ഗുരു. ചില്ലറ മിമിക്രിയുമായി കറങ്ങിനടന്നിരുന്ന കാലത്ത് ജയസൂര്യയുടെ മനസ്സു നിറയെ സിനിമയായിരുന്നു. കോട്ടയം നസീറാണ് കൊച്ചിൻ ഡിസ്കവറി എന്ന മിമിക്രി ട്രൂപ്പിൽ അംഗമാക്കിയത്. അവിടെനിന്നു ടിവിയിലേക്കും തുടർന്നു സിനിമയിലേക്കും വളർന്നു.

സിനിമാരംഗത്തെ വിവാദങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന സ്വഭാവക്കാരനാണു ജയസൂര്യ. പ്രതികരിക്കുന്നതുകൊണ്ടു പ്രയോജനമില്ലെങ്കിൽ എന്തിനെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വിവാദങ്ങളിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയേണ്ടതില്ലെന്നും പ്രതികരണത്തെക്കാൾ പ്രവൃത്തിയിലാണു താൽപര്യമെന്നും ജയസൂര്യ പറയുന്നു.

കോവിഡ്കാലമായതിനാൽ ഭാര്യ സരിതയ്ക്കും രണ്ടു മക്കൾക്കുമൊപ്പം കൊച്ചിയിലെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. സരിതയുടെ അമ്മൂമ്മയും ഒപ്പമുണ്ട്. കുട്ടികളുമായി കളിച്ചും സിനിമ കണ്ടും പുതിയ സിനിമകളെക്കുറിച്ചു ചിന്തിച്ചും സമയം ചെലവഴിക്കുന്നതിനാൽ ബോറടിയില്ല. സരിത ബുട്ടീക് നടത്തുന്നുണ്ട്. കോവിഡ്മൂലം അവിടെ പൂർണമായും വെർച്വൽ ഷോപ്പിങ്ങാണ്. ഓൺലൈനായി വാങ്ങുന്നവർക്കു പാഴ്സലായി സാധനങ്ങൾ അയച്ചുകൊടുക്കുന്നു. പുറത്തു ജിമ്മിൽ പോയിട്ട് ആറു മാസത്തിലേറെയായി. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴത്തെ വ്യായാമം.

മിമിക്രി ഇപ്പോഴും കൂടെയുണ്ട്. വ്യത്യസ്ത ശബ്ദമുള്ള ആരെക്കണ്ടാലും ഉടൻ അനുകരിക്കുന്നതു ജയസൂര്യയുടെ ശീലമാണ്. പ്രത്യേകതയുള്ള ശബ്ദങ്ങൾ കേട്ടാൽ ഉടനെ അനുകരിച്ചു നോക്കാറുണ്ട് ഇപ്പോഴും. സ്വകാര്യ ചടങ്ങുകളിൽ മൈക്ക് കിട്ടിയാൽ മിമിക്രി വേദിയിലെ പഴയ നമ്പറുകൾ പ്രയോഗിക്കാറുണ്ട്.

സിനിമയിൽ കണ്ടുമടുത്ത കഥാപാത്രങ്ങളാകാ‍ൻ താൽപര്യമില്ലെന്നും ജയസൂര്യ പറയുന്നു. ഏറെ ബുദ്ധിമുട്ടി അഭിനയിച്ച വേഷങ്ങൾ ജനം സ്വീകരിക്കാതെ വരുമ്പോൾ വിഷമം തോന്നാറുണ്ട്. ‘ആട്’ എന്ന ചിത്രവും നായകൻ ഷാജിപ്പാപ്പനും തിയറ്ററിൽ വേണ്ടവിധത്തിൽ വിജയിച്ചില്ല. പിന്നീട് യുട്യൂബിലും മറ്റും ചിത്രം കണ്ടവർ ഈ കഥാപാത്രത്തെ ഏറ്റെടുത്തു. ഷാജിപ്പാപ്പൻ ക്രമേണ തരംഗമായി മാറി. ‘‌ആടി’ന്റെ രണ്ടാം ഭാഗത്തിനു വൻ വരവേൽപാണു ലഭിച്ചത്. ഇനി മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പാണ്.

ജയസൂര്യ ഇതുവരെ 6 സിനിമകൾ നിർമിച്ചു. സെഞ്ചുറി തികയ്ക്കുന്ന ‘സണ്ണി’യും സ്വയം നിർമിക്കുകയാണ്. കഴിവുണ്ടെങ്കിലും ഭാഗ്യമില്ലാത്തതിന്റെ പേരിൽ എങ്ങുമെത്താതെ പോയ ഒരാളുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ രഞ്ജിത് ശങ്കർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു ചിത്രീകരണം.

ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ ജയസൂര്യ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. കഥ കേട്ടപ്പോഴേ അതിലെ വേഷം ഇഷ്ടപ്പെട്ടു. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വലുപ്പം നോക്കാറില്ല. 80 സീനിലും നിറഞ്ഞുനിൽക്കുന്ന വേഷത്തെക്കാൾ വെറും 10 സീനിൽ തകർക്കുന്ന കഥാപാത്രത്തോടാണു താൽപര്യമെന്നും ജയസൂര്യ പറയുന്നു.

സൂഫിക്കു തൊട്ടുമുൻപ് അഭിനയിച്ച ‘വെള്ളം’ എന്ന ചിത്രം റിലീസ് ചെയ്തിട്ടില്ല. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിക്കുന്നത്. വെള്ളവും സണ്ണിയും ഉൾപ്പെടെ പുതിയ ചിത്രങ്ങളിലെല്ലാം ശബ്ദം ലൈവായി റിക്കോർഡ് ചെയ്യുകയാണ്. അഭിനയിക്കുമ്പോൾ പറയുന്ന ഡയലോഗുകൾ പിന്നീടു ഡബ് ചെയ്താൽ ആദ്യത്തേതിനെക്കാൾ മികവു കുറയും. ലൈവായി റിക്കോർഡ് ചെയ്യുമ്പോൾ ഡയലോഗ് തെറ്റിയാൽപോലും സ്വാഭാവികത തോന്നും. ചെലവു കൂടുതലാണെങ്കിലും സ്പോട്ട് റിക്കോർഡിങ്ങിനോടാണു തനിക്കു താൽപര്യമെന്നു ജയസൂര്യ വ്യക്തമാക്കുന്നു.

കോവിഡ് ഭീഷണി സിനിമയെ തകർക്കുമെന്നു പേടിയില്ല. സിനിമ പഴയതിലും ശക്തമായി തിരിച്ചുവരും. ആളുകളെ ഇളക്കിമറിക്കുന്ന രസികൻ സിനിമ വന്നാൽ തിയറ്ററിൽ വീണ്ടും ജനം ഇടിച്ചു കയറുമെന്ന് ജയസൂര്യ വിശ്വസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA