ADVERTISEMENT

ദക്ഷിണേന്ത്യൻ സിനിമയിലൊരു തുലാമാസമുണ്ടായിരുന്നെങ്കിൽ അതു എൺപതുകളാണ്. സിൽക് സ്മിതയെന്ന പ്രതിഭാസം സ്ക്രീനിൽ മിന്നലായപ്പോൾ പ്രേക്ഷകമനസ്സുകളിൽ തീക്ഷ്ണവികാരങ്ങളുടെ ഇടിവെട്ടിയ കാലം. കത്തുന്ന കണ്ണുകൾ, തെന്നിത്തെറിച്ച ശരീരം... ആസക്തികളുടെ ആ വസന്തകാലത്തിനു പക്ഷേ, തുലാമഴ പോലെ ആയുസ്സു കുറവായിരുന്നു. പെയ്തുതീർന്നു കാൽനൂറ്റാണ്ടാകാറായെങ്കിലും ഓർമകളുടെ പെയ്ത്തു തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു വ്യാഴവട്ടക്കാലം ദക്ഷിണേന്ത്യൻ സ്ക്രീനിൽ മോഹച്ചുഴി തീർത്ത കണ്ണുകളുടെ ഉടമയ്ക്ക്, സിൽക് സ്മിതയ്ക്ക് ഡിസംബർ രണ്ടിന് 60-ാം പിറന്നാൾ. 1960 ഡിസംബർ 2നായിരുന്നു ജനനം. 1996 സെപ്റ്റംബർ 23ന്, 36-ാം വയസ്സിൽ മരണം.

 

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരിനു സമീപം കൊവ്വാലിയെന്ന കുഗ്രാമത്തിലാണു സിൽക്കിന്റെ ജനനം. രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജലത്തടാകങ്ങളിലൊന്നായ കൊല്ലേരു തടാകത്തിന്റെ നാട്ടിൽ നിന്നെത്തിയ നാടൻ പെൺകുട്ടി, ദക്ഷിണേന്ത്യയിലെ വെള്ളിത്തിരയിൽ സൃഷ്ടിച്ചതു വികാരങ്ങളുടെ കടൽക്ഷോഭം. സാവിത്രിയെയും സുജാതയെയും സ്വപ്നംകണ്ടു കോടമ്പാക്കത്തേക്കു വണ്ടികയറിയ നൂറായിരം പെൺകുട്ടികളിലൊരാളായിരുന്നു അവൾ. അന്നു പേര് വിജയലക്ഷ്മിയെന്നായിരുന്നു. മുഖത്തു ചായം തേച്ചു പ്രശസ്തിയുടെ വെള്ളിവെളിച്ചമേറുന്നതു സ്വപ്നം കണ്ടവൾക്ക് ആദ്യം ലഭിച്ചതു മറ്റുള്ളവരുടെ മുഖത്തു ചായമിടുന്ന പണി. ജീവിതത്തിലെ ആദ്യവേഷം മേക്കപ്പ് ആർട്ടിസ്റ്റിന്റേതായിരുന്നു. അതിനിടെയാണ്, ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലെ നായികാവേഷം തേടിയെത്തുന്നത്. വിജയലക്ഷ്മിയെ സ്മിതയായി ജ്ഞാനസ്നാനം ചെയ്തത് ആന്റണി ഈസ്റ്റ്മാനാണ്.

 

സിനിമപോലൊരു ട്വിസ്റ്റ് സംഭവിക്കുന്നതു പിന്നീടാണ്. ‘വണ്ടിച്ചക്ര’മെന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി, തമിഴ് സംവിധായകൻ വിനു ചക്രവർത്തി കഥാപാത്രത്തിനായി യോജിച്ച പെൺകുട്ടിയെ തേടിനടക്കുന്ന കാലം. എവിഎം സ്റ്റുഡിയോയ്ക്കടുത്തു നിൽക്കുമ്പോഴാണ്, സമീപത്തെ ധാന്യമില്ലിൽ ആ പെൺകുട്ടിയെ കണ്ടത്. കൊത്തിവലിക്കുന്ന കണ്ണുകളിലാണ് ആദ്യം ഉടക്കിയത്. ഇതാ കഥാപാത്രമെന്നു മനസ്സു പറഞ്ഞു. പിന്നീട് ആറുമാസക്കാലം കഠിന പരിശീലനം. വിനു ചക്രവർത്തിയുടെ ഭാര്യ ഇംഗ്ലിഷ് ഭാഷയുൾപ്പെടെ സ്മിതയെ പഠിപ്പിച്ചു. വണ്ടിച്ചക്രത്തിൽ ചാരായവിൽപനക്കാരിയായ സിൽക് എന്ന കഥാപാത്രത്തെയാണു സ്മിത അവതരിപ്പിച്ചത്. ചുണ്ടു കടിച്ച്, കണ്ണുകളിൽ അഗ്നികൊളുത്തി സ്മിത സ്ക്രീൻ നിറഞ്ഞ‍പ്പോൾ ചാരായത്തെക്കാൾ വലിയ ലഹരിയായി ആരാധകലക്ഷങ്ങളെ അവർ മത്തുപിടിപ്പിച്ചു. മദ്യത്തിൽ ലഹരിയെന്ന പോലെ, പേരിനൊപ്പം സിൽക് എന്ന വിശേഷണവും അലിഞ്ഞു ചേർന്നു.

 

സിൽക് കാലം തുടങ്ങുകയായിരുന്നു. 4 വർഷം കൊണ്ട് അഭിനയിച്ചത് ഇരുനൂറിലേറെ സിനിമകൾ. സിൽക്കില്ലാത്ത സിനിമയില്ലെന്നായി. നായകസ്ഥാനത്തു രജനീകാന്തോ കമൽഹാസനോ മമ്മൂട്ടിയോ മോഹൻലാലോ ആയാലും വിജയ ഫോർമുലയായി സിൽക്കിന്റെ നൃത്തംകൂടി ചേർക്കാൻ വിതരണക്കാർ നിർബന്ധിച്ചു. നൃത്തത്തിനു മാത്രം, അക്കാലത്ത് അര ലക്ഷം രൂപവരെ പ്രതിഫലം വാങ്ങി. അതിനിടെ, ഓർത്തിരിക്കാനുള്ളത് ‘അലകൾ ഒഴിവതില്ലൈ’ ഉൾപ്പെടെ ചുരുക്കം ചിത്രങ്ങളിലെ വേഷങ്ങൾ മാത്രം.

 

വിജയലക്ഷ്മിയെന്ന പാവം പെൺകുട്ടി സിൽക് സ്മിതയെന്ന നക്ഷത്രമായി മാറിയപ്പോൾ കഥകളായി, അപവാദങ്ങളായി. വിജയം തലയ്ക്കുപിടിച്ച് നില മറന്നുവെന്ന് ആക്ഷേപമുയർന്നു. നടികർ തിലകം ശിവാജി ഗണേശൻ സെറ്റിലേക്കു കയറിവന്നപ്പോൾ കാലിന്മേൽ കാൽകയറ്റിവച്ചിരുന്ന സ്മിതയെ നോക്കി സിനിമാലോകം നെറ്റി ചുളിച്ചു. എംജിആർ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ആന്ധ്രയിലേക്കു ഷൂട്ടിങ്ങിനു പോയപ്പോൾ ‘എന്തൊരു അഹങ്കാരി’ എന്ന മുറുമുറുപ്പുയർന്നു. സ്മിതയ്ക്കും പറയാനുണ്ടായിരുന്നെങ്കിലും അപവാദങ്ങളുടെയത്ര പ്രചാരം അതിനു ലഭിച്ചില്ല. പുറത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ പുറന്തോടിനുള്ളിലേക്കു വലിയുന്ന ആമയെപ്പോലെ, സിനിമയുടെ ചതിക്കുഴികളെ അതിജയിക്കാൻ സ്മിത അഹങ്കാരിയുടെ പുറന്തോടെടുത്ത് അണിയുകയായിരുന്നുവെന്ന് അടുപ്പമുണ്ടായിരുന്നവർ മാത്രം അറിഞ്ഞു.

 

ജീവിതം പോലെ നിഗൂഢമായിരുന്നു ആ മരണവും. മരിക്കുന്നതിനു മുൻപ് അവർ ലോകത്തോട് എന്തോ പറയാനാഗ്രഹിച്ചിരിക്കണം. 1996 സെപ്റ്റംബർ 22നു രാത്രി അടുപ്പമുള്ള രണ്ടു സുഹൃത്തുക്കളെ സ്മിത വിളിച്ചിരുന്നു. സിൽക്കിനെപ്പോലെ തെന്നിന്ത്യയിലെ മാദകറാണിയായിരുന്ന നടി അനുരാധയെയും കന്നഡ നടൻ രവിചന്ദ്രനെയും. ഇരുവർക്കും പല കാരണങ്ങളാൽ എത്താനായില്ല. വടപളനിയിലെ വാടകവീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിൽ 23നു രാവിലെ സ്മിതയെ കണ്ടെത്തി. സിനിമാനിർമാണം വഴിയുള്ള നഷ്ടം, പ്രണയനൈരാശ്യം, കടുത്ത വിഷാദം... മരണത്തെക്കുറിച്ചു പല കഥകളുണ്ടായി. തെലുങ്കിൽ എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യക്കുറിപ്പിനെക്കുറിച്ചുമുണ്ടായി പലതരം വ്യാഖ്യാനങ്ങൾ. 

 

കോടമ്പാക്കത്തുനിന്ന് അശോക് നഗറിലേക്കു പോകുന്ന നിരത്തിന്റെ ഒരിടുങ്ങിയ ഇടവഴിയിൽ പഴയ കെട്ടിടത്തിന്റെ ടെറസിൽ തകരപ്പലകകൾ പാകി വാടകയ്ക്കു കൊടുക്കാൻ പാകത്തിലാക്കിയ വീട്. പുതുതായി അവസരം തേടി തെലുങ്കുനാട്ടിൽ നിന്നെത്തിയ പെൺകുട്ടിയുടെ വാതിൽ മുട്ടിയ ഏജന്റിന്റെ പിന്നിൽ എന്റെ സുഹൃത്തായ ഒരു ഡയറക്ടറായിരുന്നു. പറ്റിയ ഒരു പുതുമുഖത്തെ തേടിപ്പിടിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാനും.

 

വാതിൽ തുറന്നതു മധ്യവയസ്കയാണ്. അമ്മയായിരിക്കാം. പൊളിഞ്ഞ രണ്ടു ചൂരൽക്കസേരകളിൽ ഞങ്ങളിരുന്നു. ഏജന്റ് സ്ത്രീയോടു സംസാരിച്ചു. വലിയ കമ്പനികൾക്കുവേണ്ടി ചിലർ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്ന് അയാൾ ഞങ്ങളോടു പറഞ്ഞു. അകത്തുനിന്നു പെൺകുട്ടി നീണ്ട കൈകളുള്ള ബ്ലൗസും ഒരു മിനിസ്കർട്ടുമിട്ടു വന്നു. കൊഴുത്ത ശരീരം. മഞ്ഞ സാറ്റിൻ ബ്ലൗസിൽ നിറയൗവനത്തിന്റെ കലാപം. ചിരിച്ചു നമസ്കാരം പറഞ്ഞപ്പോൾ ‍ഞാൻ‍ ശ്രദ്ധിച്ചതു കണ്ണുകളെയായിരുന്നു. വലിയ കണ്ണുകൾ. നോട്ടം രൂക്ഷമാണെന്നു കൂടി പറയാം.: എം.ടി. വാസുദേവൻ നായർ (സിൽക് സ്മിതയെ ആദ്യമായി കണ്ടതിനെക്കുറിച്ച്, ചിത്രത്തെരുവുകൾ എന്ന പുസ്തകത്തിൽ)

 

‘ഉദ്ഘാടന’ത്തിനു മുൻപേ ആന്റി ക്ലൈമാക്സ് : കിളിമാനൂർ ചന്ദ്രൻ നിർമാതാവ്

 

1996, സെപ്റ്റംബർ 23. ആ ദിവസം മറക്കാനാവില്ല. ലക്ഷക്കണക്കിനു സിനിമാപ്രേമികളുടെ ഹൃദയത്തിനൊപ്പം, എന്റെ സ്വപ്നങ്ങൾ കൂടി തകർന്ന ദിവസമാണത്. സിൽക് സ്മിത അഭിനയിച്ച ഒട്ടേറെ സിനിമകളിൽ പ്രൊഡക്‌ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്. 1996 തുടക്കത്തിലാണ് ‘ഉദ്ഘാടനം’ എന്ന ചിത്രം നിർമിക്കാൻ ആലോചിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ 4 ഭാഷകളിലാണു ചിത്രം. നായകൻ അന്നത്ര വലിയ താരമായിട്ടില്ലാത്ത വിക്രം. നടി സിൽക് സ്മിതയല്ലാതെ മറ്റാര്?. അറിയപ്പെടുന്ന എഡിറ്ററായിരുന്ന സുരേഷായിരുന്നു സംവിധായകൻ. തിരക്കഥ ഡോ. സി.ജി.രാജേന്ദ്രബാബുവിന്റേത്. 

 

സ്മിതയുമായി കരാറുറപ്പിച്ചു. 6 ലക്ഷമായിരുന്നു പ്രതിഫലം. നാലു ഭാഷകളിലും വിതരണക്കാരായി. അന്നു സിൽക്കിനൊപ്പം സ്ഥിരമായി കാണാറുണ്ടായിരുന്ന ഡോ. രാധാകൃഷ്ണന്റെ കൂടി സാന്നിധ്യത്തിലാണു പ്രതിഫലമുൾപ്പെടെ തീരുമാനിച്ചത്. കരിയറിൽത്തന്നെ നാഴികക്കല്ലായേക്കാവുന്ന വേഷമായിരുന്നു സിൽക്കിന്റേത്. പലതവണ സിൽക് വിളിച്ചു സിനിമയെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു. മേനിപ്രദർശനത്തിനപ്പുറത്ത് എന്തെങ്കിലും ചെയ്യാനുള്ളതിന്റെ സന്തോഷം പങ്കുവച്ചു. മരണത്തിനു ദിവസങ്ങൾക്കു മുൻപാണ് അവസാനം സംസാരിച്ചത്. ബെംഗളൂരുവിൽ ഒരു പാട്ടിന്റെ ചിത്രീകരണത്തിനായി പോകുന്നുവെന്നു പറഞ്ഞു. ഷൂട്ടിങ് തീരുമാനിച്ച 25നു തലേന്നു ചെന്നൈയിൽ തിരിച്ചെത്തുമെന്ന് ഉറപ്പുതന്നു.

 

സെപ്റ്റംബർ 23നു രാവിലെ ചെന്നൈയിലെ വുഡ്‌ലാൻഡ്സ് ഹോട്ടലിൽ സിനിമയുടെ ക്ലൈമാക്സ് ചർച്ച ചെയ്യുകയായിരുന്നു. ഒൻപതു മണിയോടെയാണ്, സിനിമയുടെ കേരളത്തിലെ വിതരണക്കാരൻ അമൃത മോഹന്റെ ഫോണെത്തിയത് – സിൽക് സ്മിത മരിച്ചതായി കേൾക്കുന്നു! എല്ലാവരും പകച്ചുനിന്നു. പിന്നാലെ, കാറിൽ വടപളനിയിലെ വീട്ടിലേക്കു കുതിച്ചു. അവിടെ രണ്ടു പൊലീസുകാർ മാത്രം. സിനിമക്കാർ വന്നുപോകുന്നു. മൃതദേഹം വിജയ ആശുപത്രിയിലാണ്. ഡോ.രാധാകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നതായും അറിഞ്ഞു. വൈകുന്നേരത്തോടെ മൃതദേഹം എവിഎം സ്റ്റുഡിയോയ്ക്കു പിന്നിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതുവരെ ഞങ്ങൾ കൂടെനിന്നു. പിന്നീട് പലരെവച്ച് സിനിമ ചെയ്യാൻ ശ്രമിച്ചു. സിൽക്കിനു സമം അവർ മാത്രമേയുള്ളൂവെന്നു മനസ്സിലായപ്പോൾ പ്രോജക്ട് ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com