ADVERTISEMENT

‘പുഴയോരത്തിൽ പൂത്തോണിയെത്തിയില്ല...’ ഈ ഗാനവും ‘അഥർവം’ എന്ന സിനിമയും മലയാളിക്ക് ഏറെ പരിചിതമാണ്. സിൽക്ക് സ്മിതയുടെ സിനിമാജീവിതത്തിൽ അവർക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ മുന്നിലുണ്ടാകും മമ്മൂട്ടി നായകനായ ഈ സിനിമ. സ്മിതയുടെ അറുപതാം ജന്മദിനത്തിൽ അഥർവം സിനിമയുടെ നിർമാതാവായ ഈരാളി സ്മിതയെ ഓർക്കുന്നത് ഒരു നടി എന്നതിനും അപ്പുറം നല്ല ഹൃദയത്തിന് ഉടമ എന്ന നിലയിലാണ്.  

 

‘ഞാൻ പോകപ്പോറെ...ആ പൊയ്ക്കോ.. ഏയ്യ്. എന്നാ ഇപ്പടി സെൽട്രത്. അല്ല താനല്ലേ പോകുന്നു എന്നു പറഞ്ഞത്. പിന്നെ ഞാൻ പിടിച്ചുനിർത്താൻ പറ്റില്ലല്ലോ. നീ പൊയ്ക്കോ എന്റെ സിനിമ നിന്നുപോകും. അതു ഞാൻ സഹിച്ചു. കാറുണ്ട്, അവിടെ മാനേജർ കൊണ്ടാക്കും നീ പൊയ്ക്കോ.. ഉനക്ക് തെരിയുമില്ലേ, ഞാൻ പോകമാട്ടെന്ന്.. അതിനാലേ താനേ നീ ഇപ്പടി സൊൽട്രത്..’ ഈ സംഭാഷണങ്ങൾക്കിടിയിൽ തെളിയുന്ന നല്ല രൂപമാണ്, നല്ല മനസിന്റെ ഉടമയാണ് സിൽക്ക് സ്മിതാ. അഥർവം എന്ന സിനിമയോടും അതിന്റെ അണിയറപ്രവർത്തകരോടും മരണം വരെയും നല്ല ബന്ധം അവർ കാത്തുസൂക്ഷിച്ചിരുന്നു.

 

<ഒരുപാട് പറയാൻ ഉണ്ട് അവരെ പറ്റി. പൊന്നും വിലയുള്ള താരം. സിൽക്കിന്റെ ഡേറ്റ് കിട്ടാൻ തെന്നിന്ത്യ കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു. അഥർവത്തിന്റെ കഥയും അതിലെ കഥാപാത്രവും പറഞ്ഞപ്പോൾ അവരിൽ എന്തെന്നില്ലാത്ത ഒരു ആവേശമായിരുന്നു. തന്നെ തേടിയെത്തുന്ന പതിവുവേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമായ ഒരു സിനിമ. അത് അവരെ വല്ലാതെ സ്വാധീനിച്ചു. ഷൂട്ടിന് മുൻപ് തന്നെ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ ബുദ്ധിമുട്ടാണ് അവർ. സൂക്ഷിച്ച് ഇടപെടണം. പക്ഷേ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമായിരുന്നു ആ സെറ്റിൽ സ്മിതാ.

 

15 ദിവസത്തെ ഡേറ്റാണ് എനിക്ക് നൽകിയിരുന്നത്. എന്നാൽ പിന്നെയും ഷൂട്ട് നീണ്ടു. പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും ദിവസം പതിനായിരം രൂപയ്ക്ക് വീണ്ടും അവർ ഡേറ്റ് തന്നു. എവിഎമ്മിന്റെ ചിത്രം പോലും അവർ അതിനായി ഉപേക്ഷിച്ചു. എന്നാൽ ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ആദ്യം പറഞ്ഞുറപ്പിച്ച തുക അല്ലാതെ ഒരു രൂപപോലും അവർ വാങ്ങിയില്ല. അന്നത്തെ കാലത്ത് ഒരുദിവസം പതിനായിരം രൂപ ലഭിക്കുന്ന താരമെന്നാൽ ചില്ലറ കാര്യമല്ല.  അന്ന് സൂപ്പർതാരങ്ങൾക്ക് മൂന്നുലക്ഷത്തോളമായിരുന്നു പ്രതിഫലം എന്നോർക്കണം. 

 

സിനിമയ്ക്കൊപ്പം ചേർത്തുവയ്ക്കുന്ന സൗഹൃദം

 

എന്റെ കല്യാണത്തിന് പങ്കെടുക്കാൻ ആറു മണിയുടെ വിമാനത്തിൽ അവർ എത്തി. കൊച്ചിയിലെത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം കല്യാണ സമയത്ത് പള്ളിയിലെത്തി. മമ്മൂട്ടി, യേശുദാസ്, ചാരുഹാസൻ, ജഗതി അടക്കമുള്ളവർ പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ വാതിലിനോട് ചേർന്ന് എല്ലാവർക്കും അഭിമുഖമായി നിന്ന് എന്റെ കല്യാണം സ്മിത കണ്ടു. സ്മിത എത്തിയതോടെ പള്ളിയിൽ ജനം കൂടി. എല്ലാവരെക്കാളും പ്രാധാന്യം അവർക്കായി. പിന്നീട് ഭക്ഷണം വിളമ്പാനും അവർ കൂടി. എല്ലാ ചടങ്ങുകളും കഴിഞ്ഞ് വൈകിട്ടാണ് അവർ മടങ്ങിയത്. പിന്നീടും ആ സൗഹൃദം മരണം വരെ അവർ കാത്തുസൂക്ഷിച്ചു.

 

നല്ല സിനിമക്കായി ദാഹം

 

നല്ല സിനിമകൾക്കും അവർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്കും എപ്പോഴും അലയുന്ന താരമായിരുന്നു സ്മിത. അങ്ങനെയാണ് നിർമാതാവിന്റെ വേഷത്തിലും അവർ എത്തിയത്. പക്ഷേ അതെല്ലാം പരാജയപ്പെട്ടു. അവരുടെ സമ്പാദ്യം അങ്ങനെ നശിച്ചു. ഒപ്പം നിന്നവരുടെ ചതി കൂടി ആയപ്പോൾ അവർ ആകെ തളർന്നു. അന്ന് അവരെ ആശ്വസിപ്പിക്കാൻ, ചേർത്തുപിടിക്കാൻ, ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ആത്മഹത്യ ചെയ്യുമായിരുന്നില്ല. 

 

സിൽക്ക് സ്മിത കടിച്ച ആപ്പിളിന് ലക്ഷങ്ങൾ ലേലം വിളിച്ച ആസ്വാദകരും അവരുടെ ഡേറ്റിനായി കാത്തിരുന്ന സിനിമാലോകവും അവരുടെ മൃതദേഹത്തിന് അർഹിക്കുന്ന ആദരമോ യാത്ര അയപ്പോ നൽകിയില്ല എന്നത് ഇന്നും വേദനിപ്പിക്കുന്ന സത്യമാണ്’ ഈരാളി പറഞ്ഞുനിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com