ഞാൻ ട്രാൻസ്ജെൻഡർ: വെളിപ്പെടുത്തലുമായി ‘എലെൻ പേജ്’

elliot-page-trans
SHARE

ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി ഹോളിവുഡ് താരം എലിയട്ട് പേജ് ( എലെന്‍ പേജ്). ഇൻസെപ്ഷൻ, എക്സ്–മെൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ എലിയട്ടിന്റെ വെളിപ്പെടുത്തൽ ഹോളിവുഡിൽ ചർച്ചയായി. ഔദ്യോഗിക പേജിലൂടെയാണ് എലിയട്ട് തന്റെ ട്രാൻസ് വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇനി മുതൽ 'അവൾ' അല്ല 'അവൻ' എന്ന സർവനാമമായിരിക്കും ഉചിതമെന്നും എലിയട്ട് പറഞ്ഞു. 

"ഇത് എഴുതുന്നതിൽ സന്തോഷമുണ്ട്. ഇങ്ങനെ എഴുതാൻ എന്നെ പ്രാപ്തനാക്കിയ, പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. എന്റെ യഥാർത്ഥ അസ്തിത്വത്തെ തിരിച്ചറിയാനും അത് ആശ്ലേഷിക്കാനും കഴിയുമ്പോഴുള്ള അനുഭവം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല," എലിയട്ട് കുറിച്ചു. ഇലിയട്ടിന്റെ ഈ തീരുമാനത്തെ പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോർട്ണർ അഭിനന്ദിച്ചു. 2018ലാണ് ഇവർ വിവാഹിതരായത്. എലിയട്ടിന്റെ ഈ വെളിപ്പെടുത്തലിനെത്തുടർന്ന് താരത്തിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും വിക്കിപീഡിയ പേജുകളിലും 'നടൻ' എന്നാക്കി. 

ellen-page-partner
എലിയട്ടും പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോർട്ണർ

ഓസ്കറിനായി നാമനിർദേശം ചെയ്യപ്പെട്ട ജൂണോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എലിയട്ട് പേജ് ഹോളിവുഡിന്റെ ശ്രദ്ധ നേടിയത്. എക്സ്–മെൻ സീരീസിലെ കിറ്റി പ്രൈഡ് എന്ന കഥാപാത്രത്തിലൂടെ എലിയട്ടിന് ലോകമെമ്പാടും ആരാധകരുണ്ടായി. ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷനിലും എലിയട്ടിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഹോളിവുഡിലെ വമ്പൻ സിനിമകളുടെ ഭാഗമായി തിളങ്ങിയ ഇലിയട്ട് ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ ശബ്ദമായിരുന്നു. തന്റെ ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി പങ്കുവച്ച കുറിപ്പിലും ട്രാൻസ്ജൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന അധിക്ഷേപങ്ങളെയും അതിക്രമങ്ങളെയും തുറന്നു കാട്ടാൻ ചെയ്യാൻ എലിയട്ട് മറന്നില്ല. 

"ഞാനൊരു ട്രാൻസ് ആണെന്നതിനെ ഞാൻ സ്നേഹിക്കുന്നു. ലൈംഗികന്യൂനപക്ഷങ്ങളിൽ ഒരാൾ. ഞാൻ ആരാണെന്നതിനെ പൂർണമായും അംഗീകരിക്കുകയും ആ തിരിച്ചറിവോടെ കൂടുതൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും സമൂഹത്തിൽ അധിക്ഷേപിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാവുകയും ചെയ്യുന്ന എല്ലാ ട്രാൻസ് വ്യക്തികളോടും ഒരു കാര്യം പറയട്ടെ– ഞാൻ നിങ്ങളെ കാണുന്നു... നിങ്ങളെ സ്നേഹിക്കുന്നു... എനിക്ക് സാധ്യമായ എല്ലാം ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്യും," എലിയട്ട് വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA