‘എട്ടു വർഷമായി ഷാബു നിവിനൊപ്പമുണ്ട്, ഞങ്ങളെല്ലാം ഷോക്കിലാണ്’

nivin-shabu
SHARE

പരിചയപ്പെടുന്ന എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഷാബുവെന്ന് നിർമാതാവും പ്രൊഡക്‌ഷൻ കണ്‍ട്രോളറുമായ ബാദുഷ. മേക്കപ്പ്മാൻ എന്നതിനപ്പുറമുള്ള ബന്ധമായിരുന്നു നിവിനും ഷാബുവും തമ്മിൽ. ‘ഷാബുവിന്റെ ഉള്ളിലെ നന്മയും സൗഹൃദങ്ങൾക്കു കല്‍പിക്കുന്ന വിലയുമായാണ് ഈ വിയോഗം കൂടുതൽ വേദനിപ്പിക്കുന്നത്. താരങ്ങളും സാധാരണക്കാരുമടങ്ങുന്ന ഒരു വലിയ സൗഹൃദ ലോകമായിരുന്നു അയാളുടെ വിലയേറിയ സമ്പാദ്യം.’–നിവിൻ പോളിയുടെ മേക്കപ്പ്മാൻ ഷാബുവിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു ബാദുഷ.

‘ഞങ്ങളെല്ലാവരും ഈ വാർത്തയുടെ ഷോക്കിൽ നിന്നും മുക്തരായിട്ടില്ല. വളരെ ചെറുപ്പമാണല്ലോ അവൻ. ഷാബുവിന്റെ ചേട്ടൻ ഷാജി(മേക്കപ്പ്മാൻ) ഇപ്പോൾ എനിക്കൊപ്പം ‘റസ്റ്റ് ഇൻ പീസ്’ എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഷാബുവിന് ഇങ്ങനെ ഒരു അപകടം പറ്റി എന്നു കോൾ വന്നപ്പോൾ ഞങ്ങളെല്ലാവരും കൂടി ഷാജിയെ അങ്ങോട്ടേക്ക് അയച്ചു. പക്ഷേ, ഷാജി തൃശൂർ കഴിഞ്ഞപ്പോഴേക്കും ഷാബു മരിച്ചു എന്ന അറിയിപ്പ് കിട്ടി’’.–ബാദുഷ പറയുന്നു.

shabu-nivin-2

‘എവിടെ വച്ചു കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിച്ച് വർത്തമാനം പറയുന്നതായിരുന്നു ഷാബുവിന്റെ രീതി. എപ്പോൾ വിളിച്ചാലും കൃത്യമായി കാര്യങ്ങൾ പറയും അത് നിവിനെ അറിയിക്കും. താരങ്ങളോടും ടെക്നീഷ്യൻസിനോടുമൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു. ആരെ പരിചയപ്പെട്ടാലും വളരെ വേഗം സൗഹൃദത്തിലേക്കെത്തുന്നതായിരുന്നു അവന്റെ രീതി. എപ്പോഴും ചിരിച്ചോണ്ടു മാത്രമേ ഷാബുവിനെ കാണാൻ പറ്റൂ.’

‘എട്ടു വർഷമായി ഷാബു നിവിന്റെ ഒപ്പമുണ്ട്. നേരത്തെ സിനിമയില്‍ മേക്കപ്പ് സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഈ അടുത്ത് നിവിൻ നായകനായ ‘കനകം കാമിനി കലഹം’ എന്ന പടത്തിന്റെ മേക്കപ്പ്മാനും ഷാബു ആയിരുന്നു. സംഭവം അറി‍ഞ്ഞപ്പോൾ മുതൽ നിവിനെ വിളിക്കുന്നു. കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകൻ ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിൻ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. നിവിന് അത്ര അടുപ്പമായിരുന്നു ഷാബുവുമായി. അവസാനമായി ഒരുനോക്ക് കാണുവാൻ നിവിനും സുഹൃത്തുക്കളും വയനാട്ടിലേയ്ക്ക് പോകുവാനുള്ള തയാറെടുപ്പിലാണ്. ’– ബാദുഷ പറയുന്നു.

ക്രിസ്‍മസ് സ്റ്റാര്‍ കെട്ടാൻ വേണ്ടി മരത്തില്‍ കയറിയപ്പോള്‍ വീണതാണ് എന്നാണ് സൂചന. അപകടത്തിൽ ആന്തരിക രക്തസ്രാവും ഉണ്ടാകുകയും ചെയ്‍തു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തട്ടത്തിൻ മറയത്ത് എന്ന സിനിമ മുതല്‍ നിവിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. വയനാട് സ്വദേശിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA