ADVERTISEMENT

ഒരാളും ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ ജീവിതംതന്നെ കീഴ്മേൽ മറിഞ്ഞ ഒരു വർഷത്തിന്റെ അവസാനമാണിത്. ഞാനിപ്പോൾ യൂണിഫോമിലുള്ള പട്ടാളക്കാരനല്ലെങ്കിലും എന്റെ സേവനം മറ്റൊരു രീതിയിൽ നാടിന് ആവശ്യമുണ്ടെന്നു മനസ്സിലാക്കിയ കാലം. കോവിഡ് സമയത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ സേവനം ചെയ്തിരുന്ന പൊലീസുകാരെ കണ്ടിരുന്നു. മറ്റു പല വിഭാഗക്കാരും സേവനവുമായി തെരുവിലുണ്ടായിരുന്നു. വണ്ടിയിൽ കുപ്പിവെള്ളം വാങ്ങിവച്ച് ഇവർക്കു വിതരണം ചെയ്താണ് എന്നാലാകുന്ന സഹായം ചെയ്തത്. 

 

ഒരു കുപ്പി വെള്ളത്തിന്റെ വിലയറിഞ്ഞ ദിനങ്ങൾ. പ്രമുഖ കമ്പനികളിൽ ചിലർ അവരുടെ പാനീയങ്ങൾ സൗജന്യമായി നൽകി. ജോലിയും പെൻഷനും മറ്റു വരുമാനവും കൊണ്ട് എന്നെപ്പോലുള്ളവർ പിടിച്ചുനിന്നു. കയ്യിലൊരു ചില്ലിപ്പൈസയില്ലാതെ പട്ടിണി കിടന്ന വീടുകളുണ്ടായിരുന്നു. അവരിൽ പലരെയും സഹായിക്കാൻ നിമിത്തമായി.

 

ഒറ്റപ്പെട്ടുകിടക്കുന്ന ഒരു മേഖലയിലെ നൂറ്റൻപതോളം വീട്ടുകാർ പട്ടിണിയിലേക്കു നീങ്ങുകയാണെന്നറിഞ്ഞപ്പോൾ അരിയും സാധനങ്ങളുമടങ്ങുന്ന കിറ്റുമായി അവിടെ ചെന്നു. എല്ലാവരും ഓടിയെത്തി കിറ്റ് വാങ്ങിപ്പോയി. ഒരു നന്ദിവാക്കു പോലും കേട്ടില്ല. കൊടുത്തതു മതിയാകാത്തതുകൊണ്ടാകുമോയെന്നുപോലും എനിക്ക് ആശങ്കയായി. എന്നാൽ, വന്നതു മേജർ രവിയാണ് എന്നൊന്നും അവർ നോക്കിയിരുന്നില്ല. വിശപ്പായിരുന്നു അവരുടെ അപ്പോഴത്തെ പ്രശ്നം. അതു മാറ്റുകയായിരുന്നു മുഖ്യം. 

 

പക്ഷേ, കാര്യങ്ങളൊന്നു പച്ചപിടിച്ചപ്പോൾ നന്ദിസൂചകമായി എന്റെ വലിയ ഫ്ലെക്സ് അവിടെ വച്ചതായി അറിഞ്ഞു. ഫ്ലെക്സുകൾ പലതും ഉയരും താഴും. അതിലൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ അവരുടെ മനസ്സിൽ നമ്മുടെയൊരു ചിത്രമുണ്ടാകും. എനിക്ക് അതുമതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com