ഓരോ ചുവടും ഓരോ വാക്കും തളരുന്നു: ബിജു മേനോൻ

biju-menon-anil
SHARE

അയ്യപ്പനും കോശിയും എന്ന കഥ സച്ചി പറഞ്ഞപ്പോൾ തന്നെ സർക്കിൾ ഇൻസ്പെക്ടർ സതീഷിന്റെ കഥാപാത്രം ഗംഭീരമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. അത് ചെയ്യാൻ ശക്തനായ നടൻ തന്നെ വേണ്ടിവരുമല്ലോയെന്നുമോർത്തു. അട്ടപ്പാടിയിലെ ലൊക്കേഷനിലെത്തുമ്പോഴാണ് അനിലിനെ നേരിട്ടു കാണുന്നത്. പൃഥിയും ഞാനും അനിലും ഒരുമിച്ചുള്ള പൊലീസ് സ്റ്റേഷൻ സീനായിരുന്നു ആദ്യം. അതുകൊണ്ട് തന്നെ അനിൽ അൽപം ടെൻഷനിലായിരുന്നു. എത്ര പറഞ്ഞിട്ടും അനിൽ കംഫർട്ടാകുന്നില്ല. ഒടുവിൽ ഞാൻ സച്ചിയോടു പറഞ്ഞു.‘‘എടാ അനിലിനൊരു ടെൻഷനുണ്ട്. അവനൊരു ചെറിയൊരു സീൻ കൊടുക്ക് ആദ്യം. ഉടനെ സച്ചി പറഞ്ഞു: ‘‘നീയും രാജുവും ഒന്നടങ്ങ്. അവനൊരു പുതിയ ആളല്ലേ...നിങ്ങളങ്ങനെ നെഞ്ചുവിരിച്ചു നിന്നാൽ അവനെന്തു ചെയ്യും’’. ഏതു പുതിയ ആർട്ടിസ്റ്റിനോടും സഹോദരനെപ്പോലെ പെരുമാറുന്ന എന്നോടോ എന്നായി ഞാൻ.

ഞാൻ പെട്ടെന്ന് അനിലിനെ വിളിച്ചു. അടുത്തിരുത്തി സംസാരിച്ചു. അനിലിന്റെ ടെൻഷൻ മാറി. പിന്നെക്കണ്ടത് സിനിമയിൽ പലപ്പോഴും കണ്ടിട്ടുള്ള പൊലീസ് കഥാപാത്രങ്ങൾക്കപ്പുറം ഒരു സാധാരണ മനുഷ്യൻ തൊപ്പിവച്ച് മുന്നിൽ നിൽക്കുന്നതാണ്. മനുഷ്യസ്നേഹത്തിന്റെ പല അടരുകളുള്ള ഒരു കഥാപാത്രം. പല പൊലീസ് മോൾഡിലും ഒതുങ്ങാത്ത വേഷം. സെറ്റിൽ പല സന്ദർഭങ്ങളിലും പിന്നീട് അനിലിനെ തോളിൽത്തട്ടി അഭിനന്ദിച്ചു. ഷൂട്ടിങ് സെറ്റിൽ ഞാൻ പൊതുവെ എല്ലാവരുമായും കമ്പനി കൂടുന്നയാളാണ്. അനിലിനെ എപ്പോൾ വിളിച്ചാലും പുള്ളി പിടുത്തം തരാതെ ഒതുങ്ങിമാറും. വലിയ താരങ്ങളായിരുന്നു ആ സെറ്റിൽ എപ്പോഴും. എന്നാൽ ബന്ധങ്ങളുണ്ടാക്കി ഇടിച്ചുകയറാൻ അനിൽ ഒരിക്കലും ശ്രമിച്ചില്ല. തന്റെ വേഷം ശരിയാക്കുക എന്നതുമാത്രമായിരുന്നു ആ നടന്റെ ലക്ഷ്യം.

നീണ്ട ഷെഡ്യൂളായിരുന്നു അയ്യപ്പനും കോശിയുടേത്. പല തവണ ഞാൻ മുറിയിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും അനിൽ ഒഴിഞ്ഞുമാറി. ഒടുവിൽ അവസാനത്തെ ദിവസം ഞാൻ അനിലിനോടു പറഞ്ഞു: ‘‘ഇന്നു നീ ഒഴിഞ്ഞു മാറരുത്. ഇന്നു നിങ്ങൾ വന്നില്ലെങ്കിൽ നിങ്ങളെ ഒരു വല്ലാത്ത കഥാപാത്രമായി ഞാൻ കാണും’’. സൗഹൃദങ്ങളെക്കാളും വ്യക്തിബന്ധത്തേക്കാളും ഉപരിയല്ല സിനിമയെന്നും ഞാൻ ഓർമിപ്പിച്ചു. അന്നു രാത്രി ഷാജുവും ഞാനും അനിലും എന്റെ മുറിയിൽക്കൂടി. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായി. കെട്ടിപ്പിടിച്ച് ഉമ്മ തന്നാണ് അനിൽ പോയത്. 

അയ്യപ്പനും കോശിയും ഇറങ്ങിയപ്പോൾ അനിലിനെ തേടി അഭിനന്ദനങ്ങൾ ഒഴുകിയെത്തി. കോവിഡ് ആയതിനാൽ സിനിമയ്ക്ക് പെട്ടെന്നു ബ്രേക്ക് വന്ന സമയമായിരുന്നു അത്. അനുസ്യൂതമായിരുന്നു സിനിമയുടെ ഒഴുക്കെങ്കിൽ അനിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനായി മാറിയേനെ. എന്നിട്ടും നല്ല വേഷങ്ങൾ അനിലിനെത്തേടി വന്നു. ഇതു മലയാള സിനിമയുടെ നഷ്ടമാണെന്നും സൗഹൃദങ്ങളുടെ നഷ്ടമാണെന്നും നമുക്ക് ഭംഗി വാക്കു പറയാം. 

എന്നാൽ അയാളുടെ നഷ്ടമാണ് ഏറെ വലുത്. ഉറ്റവരുടെ നഷ്ടമാണ് സഹിക്കാനാകാത്തത്. ക്രിസ്മസ് ദിനത്തിൽ മറ്റൊരു സൗഹൃദ സദസ്സിൽ ഇരിക്കുമ്പോഴാണ് അനുജന്റെ വിയോഗവാർത്ത വന്നത്. ഓരോ ചുവടും ഓരോ വാക്കും തളരുന്നു...മുറിയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.