ADVERTISEMENT

ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്ന പ്രവണതയെ അനുകൂലിച്ച് നിർമാതാവ് ജോബി ജോർജ്. കാവൽ, വെയിൽ തുടങ്ങിയ സിനിമകൾക്കായി ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

‘ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ് വെയില്‍, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നി. മാത്രവുമല്ല സുരേഷ് ഗോപി നായകനായ കാവല്‍ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒടിടി വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ തിയറ്ററുകാരെ വിചാരിച്ച് കൊടുത്തില്ല. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ല.’

 

‘എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് പ്രൊഡക്‌ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് അവര്‍ സമീപിക്കുക. തിയറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒടിടിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം അനുകൂലമായതിനാലാണ് ഒടിടിയില്‍ റിലീസിനെത്തുന്നത്- ജോബി ജോര്‍ജ് പറഞ്ഞു.

 

മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിനെതിരേ ഒരു വിഭാഗം തിയറ്ററുടമകള്‍ രംഗത്ത് വന്നിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായ തിയറ്റർ വ്യവസായത്തെ ഈ തീരുമാനം നശിപ്പിക്കും എന്നാണ് ഇവരുടെ വാദം. എന്നാൽ മരക്കാർ എന്ന സ്വപ്നതുല്യമായ ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുന്നതിനു വേണ്ടിയാണ് ദൃശ്യം 2 ഒടിടി റിലീസിനു നൽകിയതെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com