നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തെ അനുസ്മരിച്ച് സംവിധായകൻ എം.എ. നിഷാദ്. പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചായിരുന്നു നിഷാദിന് പറയാനുണ്ടായിരുന്നത്. നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചിത്രത്തിലാണ് പാലാ തങ്കം അവസാനമായി അഭിനയിച്ചതും. അവസാന നാളുകളിൽ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു പാലാ തങ്കത്തിന്റെ ജീവിതം.
‘പാലാ തങ്കം ഓർമയായി....ഞാൻ ശ്രീമതി പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോൾ, അന്നെഴുതിയ അനുഭവ കുറിപ്പാണിത്...ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്...എന്റെ കിണർ എന്ന ചിത്രത്തിൽ അമ്മയ്ക്ക് ഒരു വേഷം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു, ശ്രീമതി പാലാ തങ്കത്തിന് ആദരാഞ്ജലികൾ.’–എം.എ. നിഷാദ് പറഞ്ഞു.
പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോൾ എം.എ. നിഷാദ് കുറിച്ച വാക്കുകൾ:
''ഗാന്ധീഭവനിലെ അമ്മ''
ഇത് പാലാ തങ്കം, മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി...സതൃൻ മാഷിന്റെ അമ്മയായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച നടി...മൂവായിരത്തിൽപരം സിനിമകൾക്ക് തന്റെ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ച ഡബ്ബിങ് ആർട്ടിസ്റ്റ്...ഈ കഴിഞ്ഞ ദിവസം ഞാൻ ഈ അമ്മയെ കണ്ടു...പുനലൂർ തൂക്കുപാലം സംരക്ഷിക്കണമെന്നാവശ്യപെട്ട് നടത്തിയ ഉപവാസ സമരത്തിന് ശ്രീ സോമരാജനെ ക്ഷണിക്കാൻ അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുളള പത്തനാപുരം ഗാന്ധിഭവനിൽ ചെന്നപ്പോൾ....ഉറ്റവരും,ഉടയവരും ഇല്ലാതെ ജീവിതത്തിന്റെ സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ...മലയാളത്തിന്റെ ആദൃകാല നടി ,ആരോടും പരിഭവമില്ലാതെ സിനിമയെന്ന മഹാലോകത്തെ സ്നേഹിച്ച് ജീവിക്കുന്നൂ...ഒരിക്കൽ കൂടി ക്യാമറയ്ക്കു മുന്നിൽ നിൽക്കണമെന്ന ആഗ്രഹംഎന്നോട് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....സിനിമയെന്ന മായികലോകത്തെ അധികമാരും കാണാത്ത കാഴ്ചകളിൽ ഒന്നായി..ഇതും...